കൊവിഡിനെ നേരിടാന്‍ പുതിയ പ്രവര്‍ത്തന പദ്ധതികളുമായി മുംബൈ

മഹാരാഷ്ട്രയിലും ലോക് ഡൌണ്‍ മെയ് അവസാനം വരെ നീട്ടിയതോടെ ഏറെ സമ്മര്‍ദ്ദത്തിലായിരിക്കയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം.

സംസ്ഥാനത്ത് പ്രത്യേകിച്ച് മുംബൈ നഗരത്തിലെ ഗുരുതരമായ അവസ്ഥ തുടരുമ്പോള്‍ പ്രതിരോധത്തിനായി പുതിയ വഴികള്‍ തിരയുകയാണ് അധികൃതര്‍.

ആശുപത്രികളില്‍ ഇപ്പോഴുള്ള രോഗികളില്‍ വീട്ടിലേക്ക് മാറ്റുവാന്‍ കഴിയുന്ന കേസുകള്‍ പരിഗണിച്ചു ഇവരെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്യുവാനും കൂടുതല്‍ കോവിഡ് -19 രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുവാനുമാണ് ഏറ്റവും പുതിയ തീരുമാനം.

മാധ്യമങ്ങളില്‍ നിരന്തരമായി വന്നു കൊണ്ടിരിക്കുന്ന ആശുപത്രികളുടെ പരിമിതമായ സൗകര്യങ്ങളും അനാസ്ഥയുമെല്ലാം ഒരു പരിധി വരെ ഇതോടെ പരിഹരിക്കുവാന്‍ കഴിയുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് അധികൃതര്‍.

കൂടാതെ കൊവിഡ് -19 പരിശോധനക്കായി സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യമൊരുക്കുവാനുമുള്ള നടപടികളും ഉടനെയുണ്ടാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ നില നില്‍ക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചു ഇവര്‍ക്കിടയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അണുബാധകള്‍ക്ക് പരിഹാരം കാണുവാനും നടപടിയുണ്ടാകും.

കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകളില്‍ കോവിഡ് -19 വ്യാപനത്തിന്റെ കേന്ദ്രമായി മുംബൈ മാറിയിരിക്കയാണ്. 18,555 പേര്‍ക്ക് രോഗം ബാധിക്കുകയും 7,088 പേര്‍ ഡിസ്ചാര്‍ജ് ചെയ്യുകയും 1,135 പേര്‍ മരിക്കുകയും ചെയ്തു. രോഗികളെ പരിശോധിക്കുന്നതിനും ഡിസ്ചാര്‍ജ് ചെയ്യുന്നതിനുമുള്ള പ്രോട്ടോക്കോളുകളുമായി ബന്ധപ്പെട്ട് കൃത്യമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ട് വരുവാനും തയ്യാറെടുക്കുകയാണ് ബി എം സി. .

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ശുപാര്‍ശ നയമാണ് ബിഎംസി ഇപ്പോള്‍ പിന്തുടരുന്നത്. രോഗലക്ഷണമായി കണക്കാക്കുന്ന പനി, ചുമ അല്ലെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായിരിക്കും മുന്‍ഗണനാ പരിശോധന. കോവിഡ് -19 രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് പുതിയ ശുപാര്‍ശ.

കിടക്കകളുടെ കുറവ് പരിഹരിക്കാനുള്ള ശ്രമത്തില്‍ ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ 10 ദിവസത്തിനുള്ളില്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ 14 ദിവസത്തിന് ശേഷമായിരുന്നു ഡിസ്ചാര്‍ജ് ചെയ്തിരുന്നത്.
പനി ബാധിതരെ വീടുകളില്‍ തന്നെ നിരീക്ഷണം നടത്താനുമാണ് പുതിയ നിര്‍ദ്ദേശം.

ഈ മാസം അവസാനത്തോടെ മുംബൈയില്‍ മാത്രം 30,000 രോഗബാധിതര്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ അനുമാനിക്കുന്നത്.

ഗുരുതരമായ രോഗാവസ്ഥയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് കിടക്കകളുടെ അഭാവമാണ് ആശുപത്രികള്‍ ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളി. നഗരത്തിലെ കോവിഡ് കെയര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡ് കിടക്കകളുടെ എണ്ണം 3,690 ആണ്, ഇവിടെയാണ് അധികാരികള്‍ പാടുപെടുന്നത്. കിടക്കകളുടെ അഭാവം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്ന നിരവധി രോഗികളെ മടക്കി അയക്കുവാന്‍ ആശുപത്രികള്‍ നിര്‍ബന്ധിരാകുന്ന ഇന്നത്തെ അവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ബി എം സി. കൃത്യമായ ഒരു ഡാറ്റയോ അവലോകനമോ ഇത് വരെ ഇല്ലാതിരുന്നതിന്റെ പരിണിത ഫലമാണ് നഗരം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനൊരു പരിഹാരം തേടിയാണ് സര്‍ക്കാരും ബി എം സിയും കൂടുതല്‍ ജാഗ്രതയോടെയുള്ള നൂതന വഴികള്‍ വൈകിയ വേളയിലും തേടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here