ഇന്നലെ ദോഹയിലും കരിപ്പൂരിലും എത്തിയ പ്രവാസികളില്‍ ഏഴുപേര്‍ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍

സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേരെ കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്കും ദോഹയിൽ നിന്ന് കരിപ്പൂരിലെത്തിയ ഒരാൾക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്.

കൊച്ചിയിലെത്തിയവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും കരിപ്പൂരിലെത്തിയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. ആരോഗ്യ പരിശോധനയിൽ രോഗബാധയുണ്ടെന്ന സംശയം തോന്നിയ 5 പേരെ അബുദാബി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു.

അബുദാബിയില്‍ നിന്നും രണ്ട് കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 175 യാത്രക്കാരുമായാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. രാത്രി 8.39 നായിരുന്നു വിമാനം ലാൻഡ് ചെയ്തത്. തൃശ്ശൂർ, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് യാത്രക്കാരില്‍ അധികവും.

സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ നേരിട്ട് ആശുപത്രികളിലേക്ക് പോകരുതെന്നും ചികിത്സ ആവശ്യമുള്ളവർ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ദമാമില്‍ നിന്നും ക്വാലാലംപൂരില്‍ നിന്നുമുള്ള രണ്ട് വിമാനങ്ങള്‍ കൂടി കൊച്ചിയിലെത്തും.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തിയില്ല. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല് പേര്‍ക്കും.

തിരുവനന്തപുരം, കണ്ണൂ‍ർ – മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസ‍ർകോട് – രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതം എന്നിങ്ങനെയാണ് പൊസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

29 പേരിൽ 21 പേ‍ർ വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരും. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇതൊരു ആരോഗ്യപ്രവർത്തകയാണ്. 126 പേരെ ഇന്നലെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 630 പേ‍ർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 130 പേർ നിലവില്‍ ചികിത്സയിലാണ്. 69,730 പേ‍ർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 69,317 വീടുകളിൽ നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News