അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു; മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു അപകടങ്ങള്‍; 16 മരണം

ദില്ലി: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് അപകടങ്ങള്‍. മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത് 16 അതിഥി തൊഴിലാളികള്‍. സ്വന്തം നാടുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടങ്ങള്‍ തൊഴിലാളികളുടെ ജീവന്‍ കവര്‍ന്നത്.

ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലെ നൗഗാച്ചിയ എന്ന സ്ഥലത്തുണ്ടായ അപകടത്തില്‍ 9 അതിഥി തൊഴിലാളികളാണ് മരിച്ചത്. അതിഥി തൊഴിലാളികളെയും കൊണ്ടുള്ള ട്രക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 20ലേറെ പേര്‍ക്ക് പരുക്കുണ്ട്. ചിലരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മഹാരാഷ്ട്രയില്‍ നാലു പേരാണ് മരിച്ചത്. മൂന്ന് പേര്‍ അതിഥി തൊഴിലാളികളും ഒരാള്‍ ട്രക്ക് ഡ്രൈവറുമാണ്. തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്ക് ട്രെയിന്‍ കയറാന്‍ നാഗ്പൂര്‍ റയില്‍വേ സ്റ്റേഷനിലേക്ക് പോകവെ യവത്മാല്‍ ജില്ലയിലെ കോല്‍വാനില്‍ വച്ചാണ് അപകടം ഉണ്ടായത്. 22 പേര്‍ക്ക് പരുക്കേറ്റു.

ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ വാഹനം മറഞ്ഞ് മൂന്നു അതിഥി തൊഴിലാളികള്‍ മരിച്ചു. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. ഇന്നലെ രാത്രി ഝാന്‍സി മിര്‍സാപുര്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ദില്ലിയില്‍ നിന്ന് എത്തിയ വാഹനമാണ് അപകടത്തില്‍പെട്ടത്.

ഇതിനിടെ ഔരയ്യ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുണ്ടായ ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചു. അപകടവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട പോലീസുകാരുടെ എണ്ണം 8 ആയി.

അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ബസുകള്‍ ഓടിക്കുന്ന വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും യുപി സര്‍ക്കാരും തമ്മിലെ ഏറ്റുമുട്ടല്‍ തുടരുകയാണ്. സര്‍വീസ് നടത്താന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി പറയുന്ന 1000 ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവര്‍മാരുടെയും സഹായിയുടെയും വിവരങ്ങള്‍ എന്നിവ നല്‍കണമെന്ന് കാണിച്ച് പ്രിയങ്ക ഗാന്ധിക്ക് യുപി സര്‍ക്കാര്‍ കത്തയച്ചു.

എല്ലാ ബസുകളും ലക്നൗവില്‍ എത്തിച്ച ശേഷം മാത്രം അനുമതിയെന്നുള്ള സര്‍ക്കാര്‍ നിലപാട് പ്രിയങ്ക തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ഒരു ആവശ്യം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here