കേരളം മറന്നിട്ടില്ല; ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പിആര്‍ സംഘവും തുലച്ച കോടികളും: ഒരു ഫ്‌ളാഷ് ബാക്ക്…

കോവിഡ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിരോധ ഇടപെടല്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയും കേരള മോഡല്‍ പൊതുജനാരോഗ്യ സമ്പ്രദായത്തെ ശക്തിപ്പെടുത്തിയുള്ള ജനകീയ കൂട്ടായ്മ മാതൃകയെന്ന് ലോകമാധ്യമങ്ങളാകെ ഏറ്റുപിടിച്ചിരിക്കുകയുമാണല്ലോ.

സര്‍ക്കാരിനോടൊപ്പം നില്‍ക്കേണ്ട പ്രതിപക്ഷ നേതൃത്വം അതിന് തയ്യാറാകാതെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ അസത്യത്തിന്റെ പ്രചരണ പരമ്പരയിലുമാണ്. ആ പരമ്പരയിലെ പുതിയ എപ്പിസോഡാണ് പി.ആര്‍ വര്‍ക്കിന് വേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്നത്.

ഈ പ്രചരണത്തിന്റെ പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന ഉദ്ദേശ്യങ്ങള്‍ പലതാണ്. അതില്‍ പ്രധാനം ഇടതുപക്ഷ സര്‍ക്കാരിന് യു.ഡി.എഫിലെ അനുഭാവികള്‍ക്കിടയില്‍ പോലും വര്‍ദ്ധിച്ചുവരുന്ന ജനസ്വാധീനം കുറക്കുക എന്നതാണ്.

പ്രതിപക്ഷ നേതാവിനെ തെരെഞ്ഞെടുപ്പ് നയിക്കുന്നതില്‍ നിന്നും മാറ്റുന്നതിന്റെ നീക്കം ഭയക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രെസ്സിലുണ്ട്. ആ വിഭാഗം പുതിയ എപ്പിസോഡിലൂടെ ഉദ്ദേശിക്കുന്നത് യു.ഡി.എഫ് ഭരണകാലത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ പി.ആര്‍ വര്‍ക്കിന്റെ ധൂര്‍ത്തിന്റെ കഥ വിവാദമാക്കി പുറത്തു വരുത്തുക എന്നതാണ്. അവരുടെ ഉദ്ദേശം കൂടി നടന്നു കിട്ടുമെങ്കിലും പഴയ ചില കാര്യങ്ങള്‍ എഴുതാതിരിക്കാനാകില്ല.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തന്റെ ജനസമ്മിതി വര്‍ദ്ധിപ്പിക്കാനായി പി ആര്‍ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയത് അറുപത്തി രണ്ടംഗ സംഘത്തെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് ഭീമമായ തുക ശമ്പളം നല്‍കിയാണ് ഈ സംഘത്തെ തീറ്റിപ്പോറ്റിയത്.
ജനസമ്പര്‍ക്കം എന്ന തട്ടിപ്പ് പരിപാടിയുടെ മറവിലായിരുന്നു സി ഡിറ്റ് മുഖാന്തിരം അറുപത്തി രണ്ടംഗ സംഘത്തിന്റെ നിയമനം. ഈ ടീമിന് മാത്രമായി രണ്ട് വര്‍ഷങ്ങളിലായി 3.5കോടി രൂപയാണ് ചെലവഴിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ്‌സൈറ്റ്, ലൈവ് സ്ട്രീമിംഗ് എന്നിവയ്ക്കായി മറ്റ് ആറുപേരെ നിയമിക്കുകയും ആ പ്രോജക്റ്റുകള്‍ക്കായി 5 കോടിയോളം രൂപ വേറെ ചെലവഴിക്കുകയും ചെയ്തു. ഇതൊന്നും കൂടാതെ പിആര്‍ഡിയ്ക്ക് ജനസമ്പര്‍ക്ക പരിപാടിയുടെ പി ആര്‍ നടത്തിപ്പിനായി മൂന്ന് കോടി എണ്പതിനാലായിരം രൂപയും നല്‍കി. ഇതിനു പുറമെ ജനസമ്പര്‍ക്ക പരിപാടിയുടെ പരസ്യ ഇനത്തില്‍ ചെലവഴിച്ച തുക വേറെയും ഉണ്ട്.

ജനസമ്പര്‍ക്ക പരിപാടിയുടെ പിആര്‍ അടക്കം ആകെ 22,79,03194 രൂപയാണ്(ഇരുപത്തി രണ്ടു കോടി എഴുപത്തി ഒന്‍പത് ലക്ഷത്തി മൂവായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റിനാല് ) അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത്.

2011 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് സിഡിറ്റ് മുഖേന ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ വന്‍ ശമ്പളത്തിന് നിയമനം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ പിആര്‍ പ്രവര്‍ത്തനത്തിന് സിഡിറ്റ് മാത്രം ചെലവഴിച്ചത് 3,50,06610 രൂപയാണ് (മൂന്നു കോടി അന്‍പത് ലക്ഷത്തി ആറായിരത്തി അറുന്നൂറ്റി പത്ത് ).

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് ദുരിതാശ്വാസ നിധിയില്‍ നിന്ന് ആകെ നല്‍കിയത് 651 കോടി രൂപയാണ്. അതില്‍ തന്നെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ വിതരണം ചെയ്തത് 100 കോടി യോളം രൂപ. 100 കോടി രൂപ വിതരണം ചെയ്യാന്‍ 22 കോടി രൂപയാണ് ജനസമ്പര്‍ക്ക പരിപാടിക്ക് ചെലവഴിച്ചത് !

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു രൂപ പോലും പി ആര്‍ പരിപാടിക്ക് ചെലവിടാതെ 1231 കോടി രൂപയാണ് നാലു വര്‍ഷം കൊണ്ട് ദുരിതാശ്വാസ നിധിയില്‍ നിന്ന് പാവപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചത്.

പബ്ലിക് റിലേഷന്‍ വകുപ്പിനെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ശരിയായ വിവരം ലഭിക്കുന്നതിന്നുമാണ് മുഖ്യമന്ത്രി ഇപ്പോള്‍ പത്രസമ്മേളനം നടത്തുന്നത്.

യഥാര്‍ത്ഥത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായ വിതരണം വില്ലേജ് ഓഫീസ് മുഖാന്തിരം അപേക്ഷ നല്‍കി ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നടത്തേണ്ടത് ധൂര്‍ത്ത് മേളയാക്കി മാറ്റിയവരാണ് യുഡിഎഫ്. ഉമ്മന്‍ചാണ്ടി തന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് ജനസമ്പര്‍ക്കം എന്ന പേരില്‍ ആയിരുന്നു സഹായ വിതരണം നടത്തിയത്.

ആംബുലന്‍സിലും, വീല്‍ ചെയറിലും രോഗികളും നിരാലംബരും നിസ്സഹായരുമായ മനുഷ്യര്‍ അര്‍ഹതപ്പെട്ട സഹായത്തിനായി എരിപൊരിയുന്ന വെയിലത്ത് ഉമ്മന്‍ചാണ്ടിയുടെ കരുണയ്ക്കായി കാത്തു കിടക്കേണ്ട അവസ്ഥയായിരുന്നു.

ആംബുലന്‍സിലും മറ്റും എത്തുന്ന രോഗികളുടെ സമീപം ഉമ്മന്‍ചാണ്ടി എത്തി വിവരങ്ങള്‍ ചോദിക്കുന്ന തരത്തില്‍ ആയിരുന്നു പി ആര്‍ പ്രവര്‍ത്തനം. അത്തരം ദൃശ്യങ്ങളും, ചിത്രങ്ങളും മാധ്യമങ്ങളില്‍ വരുത്തുവാനും പി ആര്‍ ടീം പ്രവര്‍ത്തിച്ചത് കേരളം മറന്നിട്ടില്ല.

അതേസമയം ഒരു പി ആര്‍ വര്‍ക്കും ഇല്ലാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനു ശേഷം ദുരിതാശ്വാസ നിധിയില്‍ നിന്നും അര്‍ഹരായവര്‍ക്ക് ചികിത്സ സഹായത്തിനും മറ്റുമായി സഹായം നല്‍കുന്നത്.

ഉമ്മന്‍ചാണ്ടി അഞ്ചു വര്‍ഷം കൊണ്ട് 651 കോടി രൂപ വിതരണം ചെയ്തപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് അര്‍ഹരായ മൂന്ന് ലക്ഷത്തോളം ആളുകള്‍ക്ക് 1231 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തതായി ബജറ്റ് രേഖ വ്യക്തമാക്കുന്നുണ്ട്.

ഒരാള്‍ക്ക് പോലും പൊരി വെയിലത്ത് മുഖ്യമന്ത്രിയെ കാത്തു നില്‍ക്കേണ്ടി വന്നിട്ടില്ല. ഒരാള്‍ക്കും സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിയും വന്നിട്ടില്ല.

സഹായത്തിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ മാത്രം മതിയാകും. അര്‍ഹതപെട്ടവര്‍ക്ക് മതിയായ പരിശോധനകള്‍ക്ക് ശേഷം കാലതാമസം കൂടാതെ സഹായം അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.

വസ്തുതകള്‍ ഇങ്ങനെ ആയിട്ടും പിണറായി വിജയന്‍ പിആര്‍ പ്രവര്‍ത്തനം നടത്തുന്നു എന്ന തരത്തില്‍ പ്രതിപക്ഷ നേതാവും സംഘവും നുണപ്രചരണം നടത്തുകയാണ്.

ഒരു പി ആര്‍ പ്രവര്‍ത്തനവും നടത്താതെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനമനസ്സുകളില്‍ മുഖ്യമന്ത്രിയും എല്‍ഡിഎഫ് സര്‍ക്കാരും ഇടം നേടിയതിന്റെ വിറളിയും അസ്വസ്ഥതയുമാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നത് ഒപ്പം കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ചില അടവുകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here