
ദില്ലി:തൊഴില്‍നിയമങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി 22ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. മഹാമാരിയുടെ മറവില്‍ കേന്ദ്രം തൊഴിലാളിദ്രോഹ നടപടികള്‍ സ്വീകരിക്കുകയാണെന്ന് സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ ട്രേഡ്യൂണിയനുകള്‍ വിലയിരുത്തി.
അടച്ചുപൂട്ടലില്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ നൂറുകണക്കിന് മൈലുകള്‍ നടന്ന് സ്വന്തംവീടുകളിലേക്ക് എത്താന്‍ നിര്‍ബന്ധിതരായി. നിരവധി ജീവന്‍ പൊലിഞ്ഞു. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമായുള്ള പ്രഖ്യാപനം കേന്ദ്രത്തില്‍ നിന്നുണ്ടായില്ല, എന്നാല്‍ തൊഴില്‍നിയമങ്ങള്‍ റദ്ദാക്കി തൊഴിലാളികളെയും ട്രേഡ്യൂണിയനുകളെയും വേട്ടയാടുന്നു.
ഉത്തര്‍പ്രദേശ് ഓര്‍ഡിനന്‍സിലൂടെ 38 പ്രധാന തൊഴില്‍ നിയമങ്ങള്‍ 1,000ദിവസത്തേക്ക് മരവിപ്പിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ ഫാക്ടറീസ് ആക്ട്, കോണ്‍ട്രാക്ട്ആക്ട് തുടങ്ങിയവയില്‍ സാരമായി മാറ്റം വരുത്തി. ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, ഹരിയാന, ഒഡിഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍, ബിഹാര്‍, പഞ്ചാബ് സംസ്ഥാനങ്ങള്‍ തൊഴില്‍ സമയം എട്ട് മണിക്കൂറില്‍ നിന്നും 12 മണിക്കൂറായി ഉയര്‍ത്തി.
ഇന്ത്യന്‍ തൊഴില്‍ സാഹചര്യത്തെ ബ്രിട്ടീഷ് കാലത്തേക്ക് തള്ളിവിടുന്ന ഇത്തരം നീക്കം അം?ഗീകരിക്കാനാകില്ല. 22ലെ പ്രക്ഷോഭം സാമൂഹ്യഅകലം പാലിച്ച് വലിയ വിജയമാക്കിത്തീര്‍ക്കണമെന്ന് സംയുക്തവേദി ആഹ്വാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here