വിദ്യാര്‍ഥികളടക്കമുള്ള മലയാളികളുമായി പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരമുള്ള പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. സ്‌ക്രീനിംഗ് സെന്ററുകളിലെ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ ട്രയിനില്‍ കയറ്റിയത്. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ പ്രഥമ പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ ട്രയിന്‍ ഏര്‍പ്പാടാക്കിയത്. ആകെ 1120 പേരാണ് യാത്രക്കാരാണ് ഉള്ളത്. ദില്ലിയെ കൂടാതെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മലയാളികളും ട്രയിനില്‍ ഉണ്ട്.

ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിലെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ട്രയിന്‍ ഏര്‍പ്പാടാക്കിയത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് നോണ്‍ എ സി ട്രെയിന്‍ യാത്ര പുറപ്പെട്ടത്.

സ്‌ക്രീനിംഗ് സെന്ററുകളില്‍ യാത്രക്കാരെ രാവിലെ മുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി. രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവരെ യാത്രയ്ക്ക് അനുവദിച്ചത്. പന്ത്രണ്ട് സ്‌ക്രീനിംഗ് കേന്ദ്രങ്ങളാണ് ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനായി സജ്ജമാക്കിയത്. യുപി, ജമ്മു കാശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് വന്നവരുടെ പരിശോധന ദില്ലി കാനിംഗ് റോഡിലുള്ള കേരളാ സ്‌കൂളിലാണ് നടത്തിയത്.

ദില്ലിയിലെ താമസക്കാരായ യാത്രക്കാരുടെ സ്‌ക്രീനിംഗ് ജിലാടിസ്ഥാനത്തില്‍ 11 കേന്ദ്രങ്ങളിലായും സ്‌ക്രീനിംഗ് നടത്തി. സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി യാത്രക്കാരെ ബസുകളില്‍ ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുന്നതിന്റെ ആശ്വാസത്തിലാണ് എല്ലാവരും

ആകെ 1120 യാത്രക്കാരാണ് ഉള്ളത്. ഇതില്‍ 809 പേര്‍ ദില്ലിയില്‍ നിന്നും 311 പേര്‍ യുപി, ജമ്മു കാശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. യാത്രക്കാരില്‍ 700 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ട നഴ്‌സ്മാര്‍ എന്നിവരും ട്രയിനില്‍ ഉണ്ട്.

വണ്ടിക്ക് കേരളത്തില്‍ 5 സ്റ്റോപ്പുകളുണ്ടാകും. വെള്ളിയാഴ്ച കേരളത്തില്‍ എത്തുന്ന ട്രെയിന്‍ കോഴിക്കോട്, തൃശൂര്‍,എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും. ജലന്ധര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും മലയാളികളെയും കൊണ്ടുള്ള രണ്ട് ട്രയിനുകളും കേരളത്തിലേക്ക് യാത്ര പുറപ്പെട്ട് കഴിഞ്ഞു.

ജലന്ധര്‍ ട്രെയിന്‍ ഇന്നലെ രാത്രിയും ജയ്പൂരില്‍ നിന്നുള്ള ട്രെയിന്‍ ഇന്ന് ഉച്ചയ്ക്കുമാണ് യാത്ര ആരംഭിച്ചത്. ഈ ട്രെയിനുകളും വെള്ളിയാഴ്ച കേരളത്തിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here