കനത്ത നാശം വിതച്ച്‌ ഉംപുണ്‍ ചുഴലിക്കാറ്റ്; 12 പേര്‍ മരിച്ചു

ബംഗാൾ തീരത്ത്‌ കനത്ത നാശം വിതച്ച്‌ ഉംപുണ്‍ ചുഴലിക്കാറ്റ്‌. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലുമാണ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്.

165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാളില്‍ ഉംപുണ്‍ വീശിയത്. ഒഡിഷയില്‍ 155-165 കിമീ വേഗതയിലാണ് കാറ്റ് വീശിയത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലി ബുധനാഴ്ച പകൽ രണ്ടരയോടെ സുന്ദർബൻസ്‌ മേഖലയിലാണ്‌ തീരം തൊട്ടത്‌.

കൊൽക്കത്ത നഗരത്തിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 110–-120 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചു. നോർത്ത്‌ ,സൗത്ത്‌ 24 പർഗാന ജില്ലകളിലും മേദിനിപ്പുർ ജില്ലയിലും 155–-165 കിലോമീറ്ററായിരുന്നു വേഗം.

വ്യാഴാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ്‌ തീവ്രത കുറഞ്ഞ്‌ നാദിയ, മുർഷിദാബാദ് ജില്ലകളിലൂടെ ബംഗ്ലാദേശ്‌ തീരത്തേക്ക്‌ പോകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മരം കടപുഴകിവീണാണ്‌‌ പശ്ചിമ ബംഗാളിൽ രണ്ടുസ്‌ത്രീകളുൾപ്പെടെ മൂന്നുപേർ മരിച്ചത്‌. ഹൗറ ജില്ലയിൽ ഒരാളും നോർത്ത്‌ 24 പർഗാനയിൽ രണ്ടുപേരും‌. ഒഡിഷയിൽ നിരവധി വീട്‌ തകർന്നു. മരങ്ങൾ കടപുഴകി. കേന്ദ്രപ്പാറ, ഭദ്രക് ജില്ലകളിൽ ഓരോമരണം റിപ്പോർട്ട്‌ ചെയ്‌തു. ‌

ബംഗ്ലാദേശിൽ‌ ഗ്രാമീണരെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ബംഗ്ലാദേശ് റെഡ് ക്രസന്റ് വളന്റിയർ മുങ്ങിമരിച്ചു. 2007ൽ 3,500 പേരുടെ മരണത്തിനിടയായ സിദ്‌ർ ചുഴലിക്കാറ്റിനേക്കാൾ ഉംപുൻ ശക്തിപ്രാപിക്കുമോ എന്ന ആശങ്കയിലാണ്‌ ബംഗ്ലാദേശ്.

അതേസമയം സംസ്ഥാനത്ത് ഞായറാഴ്‌ചവരെ ഇടിമിന്നലോടെ മഴയ്‌ക്കും പൊടുന്നനെ വീശുന്ന കാറ്റിനും സാധ്യത. വ്യാഴാഴ്‌ച കാസർകോട്‌ ഒഴികെയുള്ള ജില്ലകളിൽ മഴയുണ്ടാകും. കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടസാധ്യതയുണ്ട്. കേരളം, കന്യാകുമാരി, ലക്ഷദ്വീപ് തീരങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ വടക്കു -പടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here