നവി മുംബൈയിൽ കൊവിഡ് ബാധിച്ചു മലയാളി വീട്ടമ്മ മരിച്ചു

നവി മുംബൈയിലെ സാൻപാഡയിൽ താമസിക്കുന്ന ഉഷ സുരേഷ്ബാബുവാണ് കൊവിഡ് ബാധിച്ചു മരണമടഞ്ഞത്. മലയാളി വീട്ടമ്മയുടെ മരണം വിരൽ ചൂണ്ടുന്നത് നഗരത്തിൽ കൊവിഡ് വ്യാപനത്തിന്റെ ഭീകരാവസ്ഥയിലേക്കാണ്. ലോക് ഡൌൺ മാനദണ്ഡങ്ങൾ പാലിച്ചിരുന്ന കുടുംബം ആകെ പുറത്ത് പോയിരുന്നത് പച്ചക്കറികൾ വാങ്ങുവാൻ വേണ്ടി മാത്രമായിരുന്നവെന്നാണ് പറയുന്നത്.

പ്രൊഫഷണൽ കൊറിയർ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സുരേഷ് ബാബുവിന്റെ ഭാര്യയാണ് ഉഷ. ഏക മകൾ അഞ്ജുമോൾ പഠിക്കുകയാണ്. 54 വയസ്സായിരുന്നു പ്രായം. കോട്ടയം സ്വദേശികളാണ്.

അസുഖ ലക്ഷണത്തെ തുടർന്ന് ഇവരെ അടുത്തുള്ള എൻഎംസിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ ഏഴാം ദിവസമാണ് മരണം സംഭവിക്കുന്നത്. നിലവിലെ മാനദണ്ഡങ്ങൾ പാലിച്ചു സംസ്കാരം നാളെ എൻഎംഎംസിയുടെ മേൽനോട്ടത്തിൽ നെരൂളിൽ നടക്കും.

മഹാമാരിയുടെ സമൂഹ വ്യാപനത്തിന്റെ അപകടകരമായ അവസ്ഥയാണ് വീട്ടമ്മയുടെ മരണം വ്യക്തമാക്കുന്നത്. മുംബൈയിൽ രോഗം പടരുന്നതിന് പ്രധാന കാരണവും പൊതു ഇടങ്ങളിൽ പാലിക്കാത്ത ജാഗ്രത തന്നെയാണ്.

മുംബൈയിലെ മിക്കവാറും പൊതു സ്ഥലങ്ങളിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ ആളുകൾ സാധാരണ ജീവിതം നയിക്കുന്നത് പതിവ് കാഴ്ചകളായി മാറുമ്പോഴാണ് ഇത്തരം മരണ വാർത്തകൾ അടച്ചിട്ട് വീട്ടിലിരിക്കുന്നവരെയും ആശങ്കയിലാക്കുന്നത്. നഗരത്തിൽ കൊവിഡ് ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഉഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News