ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പ്; നീക്കം തൊഴിലാളികളെ തകർക്കാൻ- എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പദ്ധതി ഇന്ത്യാ രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ്. രാജ്യത്തോടും ജനങ്ങളോടും മോഡിഭരണം ചെയ്ത കൊടുംചതിയാണ്. കോവിഡ്–-19 ന്റെ വ്യാപനവും അത്‌ നിയന്ത്രിക്കാനെടുത്ത ലോക്ക്ഡൗണും കാരണം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനം ഏതാണ്ട് പൂ‍‍‍‍ർണമായും നിർത്തിവയ്‌ക്കേണ്ടി വന്നു.

ഇത് സാമ്പത്തികമേഖലയിൽ കടുത്ത ആഘാതം ഏൽപ്പിച്ചു. ഉൽപ്പാദനം പൂ‍ർവസ്ഥിതിയിലെത്താൻ കുറെ കാലമെടുക്കാം. മരുന്നും വാക്സിനും കണ്ടുപിടിക്കാത്തതിനാൽ കോവിഡ്–-19 ന്റെ ഭീഷണി എന്നവസാനിക്കുമെന്ന് നിശ്ചയിക്കാനാകുന്നില്ല. മനുഷ്യ‍ർ കോവിഡ്–-19 നൊപ്പം ജീവിക്കാൻ പരിശീലിക്കുകയാണ്. സാമ്പത്തികമേഖല പൂ‍‍ർവസ്ഥിതിയിലെത്തുന്നതിന് കാലതാമസമുണ്ടാകും.

ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതയിൽ വലിയ കുറവുണ്ടാകും. തൊഴിലില്ലായ്മ പെരുകും. വിലക്കയറ്റം ദുഃസഹമാകും. സാമാന്യജനങ്ങളുടെ ജീവിതം ഏറ്റവും പ്രയാസകരമാകും. ​ഗവൺമെന്റിന്റെ ബോധപൂ‍ർവമായ ഇടപെടലുകൾവഴി സാമ്പത്തികമേഖലയെ ഉത്തേജിപ്പിക്കാൻ കഴിയണം. അതിനുതകുന്ന അടിയന്തര നടപടികളും ഇടക്കാല–-ദീർ‍ഘകാല പദ്ധതികളും തയ്യാറാക്കണം.

അവ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കിയാൽ മാത്രമേ രാജ്യം അഭിമുഖീകരിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങളിൽനിന്ന്‌ കരകയറാൻ കഴിയൂ. പ്രധാനമന്ത്രി പ്രഖ്യാപിച്ചതും ധനമന്ത്രി വിശദീകരിച്ചതുമായ ഉത്തേജക പദ്ധതികൾ ജനങ്ങളും സമ്പദ്‌വ്യവസ്ഥയും അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ മറികടക്കുന്നതിന്‌ ഒട്ടും ഉപകാരപ്രദമല്ല. സ്ഥിതിഗതികളെ കൂടുതൽ വിഷമകരമാക്കാൻ മാത്രമാണ്‌ വഴിയൊരുക്കുക. വെറും പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌.

കോവിഡ്‌‐19ന്റെ വ്യാപനവും അത്‌ നിയന്ത്രിക്കാനെടുത്ത നടപടികളും തുടർന്ന്‌ മോഡിഭരണം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേക പദ്ധതികളും വഴി ഇന്ത്യൻ‐ വിദേശ സ്വകാര്യ കോർപറേറ്റുകളുടെ ആഗ്രഹങ്ങളെല്ലാം സഫലമായി. അവരാവശ്യപ്പെട്ട എല്ലാ സാമ്പത്തികനയങ്ങളും നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചുകഴിഞ്ഞു. കുറെ ദശകങ്ങളായി കോർപറേറ്റുകൾ ഉന്നയിച്ചുവന്ന ഒരാവശ്യവും നിറവേറ്റപ്പെടാതെ അവശേഷിക്കുന്നില്ല. ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളും മനുഷ്യസമ്പത്തും അവർക്ക്‌ അടിയറവച്ചു.

അവരുടെ സർവാധികാരത്തിനുമേൽ ഒരു നിയന്ത്രണങ്ങളുമുണ്ടായില്ല. ജനങ്ങളെ അവർക്ക്‌ യഥേഷ്ടം ചൂഷണംചെയ്യാം. സ്വകാര്യവൽക്കരിക്കാത്ത മേഖലകളൊന്നും അവശേഷിക്കുന്നില്ല. ഒരുപക്ഷേ, കോവിഡ്‌‐19 മാത്രം അതിന്‌ അപവാദമാകാം. കമ്പോളം പൂർണമായി സ്വതന്ത്രമാണ്‌. ഇതിന്റെയെല്ലാം ഫലമായി വരുമാന നഷ്ടവും വിലക്കയറ്റവും തൊഴിലില്ലായ്‌മയും ജനജീവിതത്തിന്റെ സർവസാധാരണമായ സ്വഭാവമായി മാറും. പാവപ്പെട്ടവർ കൂടുതൽ ദുരിതമനുഭവിക്കേണ്ടിവരും. എല്ലാം മഹാസമ്പന്നന്മാർക്ക്‌ മാത്രമാണെന്നതാകും നാടിന്റെ രീതി. കോവിഡ്‌‐19ന്റെ വ്യാപനം കോർപറേറ്റുകൾക്ക്‌ സ്വർണഖനിയായി മാറി.

ജനങ്ങളുടെ വരുമാനം കവരുന്ന പദ്ധതികൾ
ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗവും ചോദനവും വർധിച്ചാൽ മാത്രമേ ഉത്തേജിപ്പിക്കപ്പെടുന്ന ഉൽപ്പാദനമേഖലകൾക്ക്‌ നിലനിൽക്കാൻ കഴിയൂ. അതിനുപകരിക്കുന്ന യാതൊരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം ജനങ്ങളുടെ വരുമാനം കവർന്നെടുക്കാൻ അവസരം നൽകുന്നവയാണ്‌. ധനം ജനങ്ങളുടെ കൈകളിൽ എത്തിയാൽ മാത്രമേ ഉപഭോഗവും ചോദനവും വളരൂ.

സാമ്പത്തിക വളർച്ചയെയും സ്വാശ്രയത്തെയും പറ്റിയുള്ള മോഡിഭരണത്തിന്റെ പ്രഖ്യാപനങ്ങൾ വെറും വാചകക്കസർത്തുകൾ മാത്രമാണ്‌. അവയെല്ലാം ജനങ്ങളെ കബളിപ്പിക്കാൻ ഉപയോഗിക്കുകയാണ്‌. കേന്ദ്രം പ്രഖ്യാപിച്ച എല്ലാ പദ്ധതികളെയും പറ്റിയുള്ള വിലയിരുത്തൽ ഒരു ലേഖനത്തിന്റെ പരിധിക്കുള്ളിൽമാത്രം ഒതുക്കിനിർത്താനാകില്ല. ചില പ്രധാനപ്പെട്ട മേഖലകളെപ്പറ്റി നടത്തിയ പ്രഖ്യാപനങ്ങൾ മാത്രമാണ്‌ പരിശോധിക്കാൻ ശ്രമിക്കുന്നത്‌.

കാർഷികമേഖലയെപ്പറ്റി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും താൽപ്പര്യങ്ങളെ അപകടപ്പെടുത്തുന്നവയാണ്‌. അവർ ഉയർത്തിയ ഒരാവശ്യവും അംഗീകരിക്കാൻ തയ്യാറായില്ല. കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ തീറുകൊടുത്തിരിക്കുകയാണ്‌. അവശ്യവസ്‌തു നിയമഭേദഗതിയും കാർഷികോൽപ്പന്ന വിപണന നിയമഭേദഗതിയും കരാർകൃഷി നടപ്പാക്കുന്നതിനുള്ള പുതിയ നിയമവും കാർഷികമേഖലയെ ആകെ കുത്തകകളെ ഏൽപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്‌.

കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ അഖിലേന്ത്യാടിസ്ഥാനത്തിലുള്ള പൊതുകമ്പോളവും ഇ‐കോമേഴ്‌സ്‌ പദ്ധതിയും കോർപറേറ്റ്‌വൽക്കരണത്തിന്റെ വേഗത വർധിപ്പിക്കും. പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾ ചൂഷണം ചെയ്യുന്നതിന്‌ വൻകിടക്കാർക്കും കരിഞ്ചന്തക്കാർക്കും പുതിയ അവസരങ്ങൾ നൽകും. അഖിലേന്ത്യാ കമ്പോളം വികസിക്കുന്നതോടെ അഖിലേന്ത്യാടിസ്ഥാനത്തിൽത്തന്നെ കൃത്രിമക്ഷാമം സൃഷ്ടിക്കാൻ കഴിയും. അതുവഴി ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ പൂഴ്‌ത്തിവയ്‌പുകാർക്ക്‌ അവസരം ലഭിക്കും.

കർഷകജനവിഭാഗങ്ങളും കൃഷിയും മുതലാളിത്ത വിപണിയുടെയും കുത്തകകളുടെയും കരിഞ്ചന്ത കച്ചവടക്കാരുടെയും ഇരകളായി മാറും. കാർഷികമേഖലയിലെ പ്രതിസന്ധി മൂർച്ഛിക്കും. കർഷക ജനവിഭാഗങ്ങൾക്ക്‌ ഏറ്റവും ദ്രോഹപരമായ നടപടികളാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌.

കൃഷിയും പ്രകൃതിയും വേർതിരിക്കാനാകാത്തവിധം പരസ്‌പരം ബന്ധപ്പെട്ടതാണ്‌. കോവിഡ്‌‐19 വരുത്തിയ സാമ്പത്തിക വൈഷമ്യങ്ങളുടെ പേരിൽ പ്രകൃതിസംരക്ഷണത്തിനും സാധാരണ മനുഷ്യന്റെ ജീവസന്ധാരണത്തിനും അതീവപ്രാധാന്യമുള്ള പാരിസ്ഥിതിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രഗവൺമെന്റ്‌ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്‌.

പ്രകൃതിയെയും പരിസ്ഥിതിയെയും അപകടത്തിലാക്കുന്ന കേന്ദ്ര പരിസ്ഥിതി‐വനം‐കാലാവസ്ഥാ മന്ത്രാലയം പുറത്തിറക്കിയ കരട്‌ വിജ്ഞാപനം പ്രാബല്യത്തിൽ വരുത്തുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇപ്രകാരമുണ്ടായാൽ നിലവിലുള്ള പരിസ്ഥിതിനിയമം ഫലത്തിൽ ഇല്ലാതാകും. പ്രകൃതിയുടെമേൽ സ്വകാര്യ കോർപറേറ്റുകൾ നടത്തുന്ന ചൂഷണം വർധിക്കും. പ്രകൃതിയെയും പരിസ്ഥിതിയെയും ആശ്രയിച്ച്‌ ജീവിതം നയിക്കുന്ന കോടിക്കണക്കിന്‌ ജനങ്ങളുടെ ജീവിതം അപകടത്തിലാകും.

നിയന്ത്രണമില്ലാത്ത പരിസ്ഥിതിയുടെ മേലുള്ള ഇടപെടലുകൾ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ദോഷകരമാകും. വെള്ളപ്പൊക്കവും വരൾച്ചയും മഹാവൃഷ്ടിയും മണ്ണിടിച്ചിലും നദികൾ വറ്റിവരളുന്നതുമെല്ലാം സർവസാധാരണമാകും. ഇന്നത്തെയും വരുംകാല തലമുറകളുടെയും ജീവിതം ദുഷ്‌കരമാകും. കോർപറേറ്റുകളുടെ ദാസന്മാരായ കേന്ദ്രഭരണത്തിന്‌ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകില്ല.

രാജ്യസുരക്ഷയും കോർപറേറ്റുകൾക്ക്‌
പ്രകൃതിസമ്പത്താകെ കൈയടക്കാൻ കോർപറേറ്റുകൾക്ക്‌ അനുവാദം നൽകിയിരിക്കുകയാണ്‌. ഇതിനുപകരിക്കുന്ന ഒട്ടനവധി പദ്ധതികൾ ഉത്തേജക പാക്കേജിന്റെ ഭാഗമായി ധനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഖനികളും പെട്രോളിയം ഉൽപ്പന്നങ്ങളും വൈദ്യുതിയുമെല്ലാം അതിവേഗത്തിൽ സ്വകാര്യവൽക്കരിക്കുകയാണ്‌. കൽക്കരിഖനി മേഖലയിൽ സർക്കാരിനുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. പണം മുടക്കാൻ തയ്യാറുള്ള ആർക്കും ഖനികൾ ഏറ്റെടുക്കാം.

സ്വന്തം വ്യാവസായികാവശ്യത്തിന്‌ മാത്രമേ കൽക്കരി ഖനികൾ വാങ്ങാനാകൂ എന്ന വ്യവസ്ഥയും ഉപേക്ഷിച്ചു. കൽക്കരി രാജ്യത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഊർജസ്രോതസ്സാണ്‌. അതിന്റെ നിയന്ത്രണം കുത്തകകൾക്ക്‌ കൈമാറുകയാണ്‌. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വളരെ ദോഷകരമായ പ്രത്യാഘാതങ്ങൾ ഇതുണ്ടാക്കും. അഴിമതി നടത്താനുള്ള സുവർണാവസരവും നേടാനാകും.

സ്വകാര്യമേഖലയ്‌ക്ക്‌ ആണവോർജമേഖലയിൽ കടന്നുവരാനും അവസരം നൽകിയിരിക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ, കൽക്കരി, വൈദ്യുതി, ആണവോർജം തുടങ്ങിയ എല്ലാ ഊർജസ്രോതസ്സുകളും കോർപറേറ്റുകളുടെ നിയന്ത്രണത്തിലാകുകയാണ്‌. യഥാർഥത്തിൽ ജനങ്ങളുടെ താൽപ്പര്യങ്ങളുടെ മേലെയാണ്‌ കോവിഡ്‌–-19 എന്ന മഹാമാരി ബാധിച്ചത്‌. തുണച്ചത്‌ കോർപറേറ്റുകളെയും.

പ്രതിരോധ ഉപകരണ നിർമാണമേഖലയിലെ വിദേശനിക്ഷേപം നിലവിലുള്ള 49 ശതമാനത്തിൽനിന്ന്‌ 74 ശതമാനമായി ഉയർത്തിയിരിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ വ്യവസായസ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക്‌ കൈമാറുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രതിരോധാവശ്യങ്ങൾക്ക്‌ വേണ്ട ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം വിദേശ കോർപറേറ്റുകളുടെയും സ്വദേശി കോർപറേറ്റുകളുടെയും കൈകളിലാകും. തുടർച്ചയായി ഉൽപ്പാദിപ്പിച്ച്‌ ലാഭം വർധിപ്പിക്കാനുള്ള അവരുടെ താൽപ്പര്യങ്ങളാകും ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്‌.

ബഹിരാകാശ ഗവേഷണരംഗത്തും സ്വകാര്യവൽക്കരണം അനുവദിച്ചുകൊടുത്തിരിക്കുകയാണ്‌. ഐഎസ്‌ആർഒയുടെ സൗകര്യങ്ങൾ സ്വകാര്യമേഖലയ്‌ക്ക്‌ ഉപയോഗിക്കാൻ അനുവാദം നൽകിയിരിക്കുന്നു. ഉപഗ്രഹ സാങ്കേതികവിദ്യവഴി ലഭിക്കുന്ന വിവരങ്ങൾ സ്വകാര്യസ്വത്തായി മാറും. പ്രതിരോധ ഉപകരണമേഖലയും ബഹിരാകാശമേഖലയും തുറന്നുകൊടുക്കുകവഴി രാജ്യത്തിന്റെ സുരക്ഷതന്നെ കോർപറേറ്റുകളെ ഏൽപ്പിച്ചിരിക്കുകയാണ്‌.

നീക്കം തൊഴിലാളികളെ തകർക്കാൻ
തൊഴിലാളികളുടെ സംഘടിതശക്തിയെ കോർപറേറ്റുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നു. ചൂഷണം വർധിപ്പിക്കുന്നതിനും ജനങ്ങളുടെമേൽ പുതിയ ഭാരം കെട്ടിയേൽപ്പിക്കുന്നതിനും മുഖ്യതടസ്സമായി അവർ കാണുന്നത്‌ തൊഴിലാളികളുടെ സംഘടനാസ്വാതന്ത്ര്യത്തെയും കഴിഞ്ഞകാലത്ത്‌ നേടിയെടുത്ത തൊഴിലവകാശങ്ങളെയും സംഘടിതമായി നടക്കുന്ന സമരങ്ങളെയുമാണ്‌.

തൊഴിലവകാശങ്ങളെ റദ്ദാക്കാനും സംഘടിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്താനും കഴിയുന്ന നിയമങ്ങൾ പാസാക്കണമെന്ന്‌ കോർപറേറ്റുകൾ നിരന്തരം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്‌. കോവിഡ്‌–-19ന്റെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളാകെ അനുവദിച്ചുകൊടുക്കാൻ കേന്ദ്രഭരണം തയ്യാറായിരിക്കുകയാണ്‌. സ്വകാര്യ കോർപറേറ്റ്‌ താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിൽസമയം വർധിപ്പിച്ചിരിക്കുന്നു.

ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ പലതും സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറുന്നവയാണ്‌. ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ കടന്നാക്രമിച്ചിരിക്കുകയാണ്‌. കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധമായ ഈ സമീപനങ്ങൾക്കെതിരെ ശക്തിയായ ബഹുജനരോഷം ഉയർന്നുവരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News