ലിനിയെ ഓർക്കാതെ ഈ കാലം കടന്നു പോകില്ല; കൊവിഡിനെതിരായ പോരാട്ടത്തിൽ ലിനിയുടെ ഓർമ്മകൾ നമുക്ക് കരുത്തേകും: മുഖ്യമന്ത്രി

കൊവിഡ്‌ വൈറസിനു മുമ്പേ മലയാളികളിൽ ഭീതി നിറച്ച മാരക വൈറസ്‌ വ്യാപനത്തിന്റെ ഓർമകൾക്ക്‌‌ ബുധനാഴ്‌ച രണ്ടുവർഷം‌ പിന്നിടുന്നു. ഈ സമയത്ത്‌ നിപാ വൈറസിനെതിരെ പോരാടിയ ലിനിയെ ഓർക്കാതിരിക്കാൻ ആവില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും?. ആ ജീവിതം മറ്റുള്ളവർക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറി.

കോവിഡ് – 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓർമ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് ഈ പോരാട്ടത്തിൽ കേരളത്തിൻ്റെ കരുത്ത്.

രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിൻ്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാം മറന്ന് മുന്നിലുണ്ട്.

രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവർത്തകർ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നൽകുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ ലിനിയുടെ ഓർമ്മകൾ നമുക്ക് കരുത്തേകും – മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News