മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ പിറന്നാള്‍ ആശംസയുമായി മമ്മൂട്ടി. ഒരുമിച്ച് പിന്നിട്ട വഴികളെക്കുറിച്ചും സിനിമയ്ക്ക് അപ്പുറത്തുള്ള ആത്മബന്ധത്തെക്കുറിച്ചുമൊക്കെ പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി പുറത്തുവിട്ടത്.
മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ:
ലാലിന്റെ ജന്മദിനമാണ്, ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏകദേശം 39 വര്‍ഷമായി. പടയോട്ടത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്ന് വരെ. എന്റെ സഹോദരങ്ങള്‍ അഭിസംബോധന ചെയ്യുന്ന പേര് വച്ചാണ് എന്നെ ലാല്‍ വിളിക്കാറുള്ളത്.
ഇച്ചാക്ക, പലരും എന്നെ അങ്ങനെ വിളിക്കുമ്പോഴും, ആലങ്കാരികമായ് പലരും അങ്ങനെ വിളിക്കാറുണ്ടെങ്കിലും ലാലെന്നെ അങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് പ്രത്യേക സന്തോഷമാണ്. എന്റെ സഹോദരങ്ങള്‍ അങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് പ്രത്യേക സന്തോഷമാണ്.
സിനിമയോട് ഗൗരവമുണ്ടെങ്കിലും ജീവിതത്തോട് അത്ര ഗൗരവം കാണുന്നവരായിരുന്നില്ല നമ്മള്‍. കോളേജ് വിദ്യാര്‍ത്ഥികളെ പോലെ പാടിയും ഉല്ലസിച്ചും തമാശ പറഞ്ഞും കളിച്ചും ഒക്കെ നടന്നു. പക്ഷെ തൊഴിലിനോട് ഗൗരവം പുലര്‍ത്തി. നമുക്ക് സാമാന്യം നല്ല മാര്‍ക്കും കിട്ടി. അത് കൊണ്ട് ആളുകള്‍ സ്നേഹിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന നടന്‍മാരായി മാറി.
അതിന് ശേഷമുള്ള യാത്ര വളരെ നീണ്ട യാത്രയാണ്. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ നേരിട്ട് കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞു തീര്‍ന്നു. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം എന്നിവയൊക്കെ ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി തന്നത് എനിക്ക് ഓര്‍മ്മയുണ്ട്.
അപ്പുവിനെ ആദ്യമായി സിനിമയില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യാന്‍ പോയപ്പോള്‍ എന്റെ വീട്ടില്‍ വന്നതും അനുഗ്രഹം വാങ്ങിയതും സ്നേഹം വാങ്ങിയതും പ്രാര്‍ത്ഥനകള്‍ വാങ്ങിയതും ഓര്‍മ്മയുണ്ടെന്നും വലിയ സൗഹൃദം നമുക്കിടയില്‍ വളര്‍ന്നിരുന്നെന്നും മമ്മൂട്ടി പറയുന്നു.
ഈ യാത്രകള്‍ നമുക്ക് തുടരാം, ഇനിയുള്ള കാലം, ഇനി എത്ര കാലം എന്ന് നമുക്കറിയില്ല. നമ്മുടെ ജീവീത പാഠങ്ങള്‍ പിന്നാലെ വരുന്നവര്‍ക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനും കഴിയുന്ന പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍.- മമ്മൂട്ടി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.