പരാതി പിന്‍വലിച്ചാല്‍ അഞ്ച് ലക്ഷം രൂപ നല്‍കാം; ഇബ്രാഹിം കുഞ്ഞ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗിരീഷ് ബാബു മൊഴി നല്‍കി

കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിയായ ഇബ്രാഹിം കുഞ്ഞ് പരാതിക്കാരനായ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗിരീഷ് ബാബു മൊഴി നല്‍കി.

കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് എത്തിയാണ് ഗിരീഷ് ബാബു മൊഴി നല്‍കിയത്. പരാതി പിന്‍വലിച്ചാല്‍ അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് ഇബ്രാഹിം കുഞ്ഞ് തന്നോട് പറഞ്ഞതായും ഇത് സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും ഗിരീഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ലഭിച്ച കള്ളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി ഇബ്രാഹിം കുഞ്ഞു വെളുപ്പിച്ചെന്നാണ് ഗിരീഷ് ബാബു ആദ്യം നല്‍കിയ പരാതിയുടെ ഉള്ളടക്കം. സംഭവത്തില്‍ കോടതി ഉത്തരവിന്‍ പ്രകാരം വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെയാണ് ഇബ്രാഹിം കുഞ്ഞും മകനും കേസില്‍ നിന്ന് പിന്മാറാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പരാതി ഗിരീഷ് ബാബു നല്‍കിയത്.

വിജിലന്‌സിനും ഹൈക്കോടതിക്കും നല്‍കിയ കേസുകള്‍ പിന് വലിക്കണമെന്ന് ആവശ്യപ്പെട്ട മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞു പരാതി പിന്‍ വലിച്ചാല്‍ അഞ്ച് ലക്ഷം രൂപ നല്‍കാമെന്നും വാഗ്ദാനം ചെയ്തു. തനിക്കെതിരെ കേസ് നല്‍കിയത് ലീഗിലെ തന്നെ ചിലര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണെന്ന് രേഖാമൂലം നല്‍കാനും ഇബ്രാഹിം കുഞ്ഞു ആവശ്യപ്പെട്ടെന്ന് പരാതിക്കാരനായ ഗിരീഷ് ബാബു പറഞ്ഞു.

കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് രാവിലെ ഒന്‍പത് മണിയോടെയാണ് മൊഴിനല്‍കാനായി ഗിരീഷ് ബാബു എത്തിയത്. വിജിലന്‍സ് ഐജി എച് വെങ്കിടേഷ് ആണ് ഈ കേസും അന്വേഷിക്കുന്നത്. അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഇബ്രാഹിം കുഞ്ഞു തയ്യാറാക്കിയ കരാര്‍ കോപ്പിയും ഗിരീഷ് ബാബു മൊഴി നല്‍കാനെത്തിയപ്പോള്‍ അന്വേഷണ സംഘത്തിന് കൈമാറി. ഗിരീഷ് ബാബുവിന്റെ സുരക്ഷാ വര്‍ധിപ്പിക്കാന്‍ പൊലീസിന് വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here