സ്‌കൂളും പരിസരവും അണുമുക്തമാക്കണം; വിദ്യാര്‍ഥികള്‍ കൂട്ടം ചേരാന്‍ പാടില്ല; ഒരു മുറിയില്‍ പരമാവധി 20 പേര്‍; പരീക്ഷ മുന്നൊരുക്കങ്ങള്‍ ഇങ്ങനെ

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. 25ാം തിയതിക്കു മുന്‍പായി സ്‌ക്കൂളും പരിസരവും വൃത്തിയാക്കിയ ശേഷം അണുവിമുക്തമാക്കണം. ആവശ്യമെങ്കില്‍ ആരോഗ്യവകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായം തേടാം. പരീക്ഷാ ദിവസങ്ങളില്‍ രാവിലേയും ഉച്ചയ്ക്കും ക്ലാസുകള്‍ അണുവിമുക്തമാക്കണം.

വിദ്യാര്‍ത്ഥികളെ പ്രധാന കവാടം വഴിമാത്രമേ പ്രവേശിപ്പിക്കാന്‍ പാടൂ. അതിലൂടെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാനിറ്റെസര്‍ ലഭ്യമാക്കണം. പരീക്ഷാ ദിവസങ്ങളില്‍ വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ സ്‌കൂള്‍പരിസരത്തും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഒരു മുറിയില്‍ ഇരിക്കാവുന്ന പരമാവധി കുട്ടികളുടെ എണ്ണം 20 ആയിരിക്കും. പരീക്ഷയ്ക്കു മുന്‍പും ശേഷവും കുട്ടികളെ കൂട്ടം ചേരാന്‍ അനുവദിക്കില്ല. കുട്ടികള്‍ മാസ്‌ക്ക് കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം.

ഓരോ വിദ്യാര്‍ത്ഥിക്കും വിദ്യാലയത്തിലെത്താന്‍ ആവശ്യമായ സൗകര്യമുണ്ടെന്ന് ക്ലാസ് ടീച്ചറുടെ സസഹായത്തോടെ പ്രധാനധ്യാപകന്‍ ഉറപ്പുവരുത്തണം. ഇതിനായി സമീപ സ്‌കൂളുകളിലെ വാഹനങ്ങള്‍വരെ ഇതിനായി ഉപയോഗിക്കാം.

ആവശ്യമെങ്കില്‍ വാഹനങ്ങള്‍ സ്‌കൂളുകള്‍ക്ക് വാടകയ്‌ക്കെടുക്കാം. പരീക്ഷാ ജോലിക്കായി നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും പരീക്ഷാകേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും എത്തിച്ചേരണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here