മുംബൈയില്‍ നിന്ന് തൃശൂരിലെത്തിയ 73 കാരിയുടെ മരണം കൊവിഡ് ബാധിച്ച്

കോവിഡ് ബാധിതയായി മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു.

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി കദീജക്കുട്ടിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 73 വയസ്സായിരുന്നു.

ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഖദീജക്കുട്ടി ഉള്‍പ്പെടെയുള്ള 4 അംഗ സംഘം കാര്‍ മാര്‍ഗ്ഗം മുംബൈയില്‍ നിന്ന് കേരളത്തില്‍ എത്തിയത്.

കാറില്‍ ഒറ്റപ്പാലം സ്വദേശികളോടൊപ്പം പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ തന്നെ ഖദീജകുട്ടിക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ഖദീജക്കുട്ടിയെ മകന്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പുലര്‍ച്ചെ 7 മണിയോടെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു എന്നാല്‍ 10 മണിയോടെ മരണം സംഭവിച്ചു.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ അപ്പോള്‍ തന്നെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രമേഹവും ശ്വാസം മുട്ടലും അടക്കമുള്ള അസുഖങ്ങള്‍ ഖദീജകുട്ടിക്ക് ഉണ്ടായിരുന്നു.

മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

മൂന്നു മാസം മുന്‍പാണ് മഹാരാഷ്ട്രയിലുള്ള മക്കളുടെ അടുത്തേക്ക് കദീജക്കുട്ടി പോയത് ലോക് ഡൗണ് ആയതോടെ മഹാരാഷ്ട്രയില്‍ തുടരുകയായിരുന്നു. ഇവരോടൊപ്പം മുംബൈയില്‍ നിന്ന് കാറില്‍ കേരളത്തില്‍ എത്തിയവരും ആംബുലന്‍സ് ഡ്രൈവറും മകനും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

മെയ് 22ന് കേരളത്തിലേക്ക് വരാനുള്ള യാത്രാനുമതിയാണ് ഖദീജകുട്ടിക്ക് ലഭ്യമായിരുന്നത്. എന്നാല്‍ മറ്റ് മൂന്ന് പേരോടൊപ്പം യാത്രയില്‍ ഖദീജകുട്ടിയും പങ്ക് ചേരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News