ത്യാഗത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും പ്രതീകം; ലിനി

ത്യാഗത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും പ്രതീകമായ ലിനിയുടെ വേര്‍പാടിന് രണ്ടുവര്‍ഷം. നിപ വൈറസ് ബാധയിൽ  നിന്ന് നാടിനെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ  ജീവനര്‍പ്പിച്ച ലിനിയുടെ ഓര്‍മ്മകള്‍ക്കുമുമ്പിൽ  ആദരാഞ്ജലികള്‍.
മാരകമായ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിൽ കേരളം ഒരിക്കൽ  കൂടി ലോകത്തിന് മാതൃകയായി മാറിയ അഭിമാനകരമായ സന്ദര്‍ഭമാണിത്. ലോകത്തെയാകെ പിടിച്ചുലക്കുന്ന കോവിഡ് 19 മഹാമാരിയെ ചെറുത്ത്  ജനങ്ങള്‍ക്ക് രക്ഷാകവചം തീര്‍ക്കുന്ന കേരളത്തിന്‍റെ വിജയഗാഥ ഇന്ന് ലോകമെങ്ങും ചര്‍ച്ചാവിഷയമാണ്.
കേരളത്തിന്‍റെ സവിശേഷമായ വികസനപ്രക്രിയയുടെയും സുശക്തമായ പൊതുജനാരോഗ്യസംവിധാനത്തിന്‍റെയും മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍റെ നേതൃത്വത്തിൽ എൽഡിഎഫ് ഗവണ്‍മെന്‍റ് ഇഛാശക്തിയോടെ, ജനങ്ങളെയാകെ അണിനിരത്തി നടത്തുന്ന ശ്രമകരമായ ദൗത്യത്തിന്‍റെയും വിജയമാണിത്.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കൽ  ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി ആരോഗ്യസേവനമേഖലയുമായി ബന്ധപ്പെട്ടവരുടെ അക്ഷീണപ്രയത്നത്തിന്‍റെ ഫലമാണ് ഈ മുന്നേറ്റം.
സ്വന്തം ജീവന്‍ ത്യജിച്ച് നിപയെ ചെറുക്കുകയായിരുന്നു പേരാമ്പ്ര താലൂക്ക് ഗവ. ആശുപത്രിയിലെ നഴ്സായ ലിനി. പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് സൂപ്പിക്കടയിലാണ് നിപ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
വൈറസ് ബാധക്കിരയായവരെ രക്ഷപ്പെടുത്താനുള്ള തീവ്രപ്രയത്നത്തിലായിരുന്നു ലിനി. ഇതിനിടയിൽ  നിപ ബാധിച്ച്   ലിനിയെ നമുക്ക് നഷ്ടമായി. മരണമുഖത്ത് നിൽക്കുകയാണെന്നറിഞ്ഞിട്ടും പതറിപ്പോകാതെ ആ കാവൽ മാലാഖ തന്‍റെ കര്‍ത്തവ്യബോധം ഉയര്‍ത്തിപ്പിടിച്ചു.  താന്‍ കാരണം മറ്റാരിലേക്കും  നിപ വൈറസ് പടരരുത് എന്ന ചിന്തയാണ് ലിനിയെ നയിച്ചത്. ഒടുവി   പിഞ്ചുമക്കളടക്കമുള്ള പ്രിയപ്പെട്ടവരെ അവസാനമായി കാണാന്‍ പോലുമാവാതെ ലിനി ജീവന്‍ വെടിഞ്ഞു. നന്മയുടെയും ആത്മസമര്‍പ്പണത്തിന്‍റെയും ആതുരസേവനത്തിന്‍റെയും മഹനീയമാതൃകയാണിന്ന് ലിനി.
ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും കൂട്ടായ്മയിലൂടെയാണ് നിപ  പടര്‍ന്നുപിടിക്കാതെ നാടിനെ രക്ഷിക്കാന്‍ അന്ന് നമുക്ക് കഴിഞ്ഞത്.
വികസിതരാജ്യങ്ങള്‍ക്കുപോലും കഴിയാത്തവിധമുള്ള പ്രതിരോധമാണ് കേരളം സൃഷ്ടിച്ചതെന്ന് ലോകരാഷ്ട്രങ്ങള്‍ തുറന്നുപറഞ്ഞു. കേരളത്തെ പ്രശംസിച്ച ഐക്യരാഷ്ട്രസഭ, ഉയര്‍ന്ന ജനസാന്ദ്രതയുള്ള  കേരളത്തിൽ  സംസ്ഥാനസര്‍ക്കാര്‍ പുലര്‍ത്തിയ ജാഗ്രതയുടെ ഫലമായാണ് വന്‍  വിപത്ത് ഒഴിവായതെന്നും ചൂണ്ടിക്കാട്ടി.
 ലോകത്തൊരിടത്തും രണ്ടാമത്തെ മരണത്തോടെ നിപ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്ത ചരിത്രമില്ല.
മുഖ്യമന്ത്രി നേരിട്ട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.  ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ  ആരോഗ്യവകുപ്പും ജനപ്രതിനിധികളും ജില്ലാ ഭരണസംവിധാനവും കോഴിക്കോട് മെഡിക്ക  കോളേജ് ആശുപത്രി അധികൃതരും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി അധികൃതരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നിപയെ കീഴടക്കാന്‍ വിശ്രമമില്ലാതെ രംഗത്തിറങ്ങി.
കൊറോണ വൈറസ് മനുഷ്യരാശിക്കാകെ വന്‍ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തെയും കേരളം സമചിത്തതയോടെ, അതീവജാഗ്രതയോടെ നേരിടുകയാണ്. ഈ ആപത്ഘട്ടത്തെയും കേരളം അതിജീവിക്കും. ജനങ്ങളുടെ ഐക്യവും ജാഗ്രതയുമാണ് പ്രധാനം.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും കേരളത്തിന് രക്ഷാകവചം തീര്‍ക്കുന്നു. ഏത് പകര്‍ച്ചവ്യാധിയെയും കീഴടക്കുമെന്ന്  പ്രിയപ്പെട്ട ലിനിയുടെ ജീവത്യാഗം  മുന്‍നിര്‍ത്തി നമുക്ക് പ്രതിജ്ഞയെടുക്കാം. ലിനിയുടെ ഓര്‍മ്മകള്‍ക്കുമുമ്പിൽ അഭിവാദനങ്ങള്‍.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News