ബിബിസി അഭിമുഖത്തിന് പിന്നാലെ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി സന്ദീപ് ദാസ്.
സന്ദീപ് ദാസിന്റെ വാക്കുകള്‍:
കെ കെ ശൈലജയെ ചിലര്‍ വിളിക്കുന്നത് തുന്നല്‍ ടീച്ചര്‍ എന്നാണ്.
പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് പരിഹാസപൂര്‍വ്വം വിശേഷിപ്പിക്കുന്നതും അവരാണ്.
തോമസ് ഐസക് അവര്‍ക്ക് കയറുപിരി ശാസ്ത്രജ്ഞനാണ്.
മേഴ്‌സിക്കുട്ടിയമ്മയെ പുച്ഛിക്കാന്‍ അവര്‍ ഉപയോഗിക്കുന്നത് അണ്ടിയാപ്പീസ് എന്ന പദമാണ്.
ഈ വിളികളുടെ ടോണ്‍ ആണ് പ്രശ്‌നം. തുന്നല്‍ ടീച്ചര്‍മാര്‍ക്ക് വിവരമില്ല എന്ന് പറയാതെ പറയുകയാണ്. കശുവണ്ടിത്തൊഴിലാളികളും ചെത്തുജോലി ചെയ്യുന്നവരും മോശക്കാരാണെന്ന കാഴ്ച്ചപ്പാടാണ് ആ വിളികളില്‍ നിഴലിക്കുന്നത്.
കേരളത്തിന്റെ ആരോഗ്യമന്ത്രിയായ കെ കെ ശൈലജ പണ്ട് അദ്ധ്യാപികയായിരുന്നു. അവര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുള്ളത് സയന്‍സാണ്. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് കള്ളം പറയുന്നത്. ശൈലജ പഠിപ്പിച്ചിരുന്നത് തുന്നലാണ് എന്ന നുണ ഒരു ഉളുപ്പും ഇല്ലാതെ പ്രചരിപ്പിക്കുകയാണ്.
ഉദ്ദ്യേശം വ്യക്തമാണ്. കേരളത്തിന്റെ ആരോഗ്യവകുപ്പിനെ നയിക്കുന്നത് ‘വെറുമൊരു തുന്നല്‍ ടീച്ചര്‍’ ആണെന്ന് സ്ഥാപിച്ചെടുക്കണം!
ശൈലജ ടീച്ചര്‍ കൊറോണ പ്രതിരോധത്തെക്കുറിച്ച് വിശദീകരിക്കുന്നത് കേട്ടിട്ടുണ്ടാവുമല്ലോ. ശാസ്ത്രീയപദങ്ങളും മറ്റും ഉപയോഗിച്ച് വളരെ സ്‌റ്റൈലിഷ് ആയിട്ടാണ് അവര്‍ സംസാരിക്കാറുള്ളത്. അതെല്ലാം കണ്ടാല്‍ കേരളത്തിലെ ഒറ്റുകാര്‍ക്ക് സഹിക്കുമോ? അങ്ങനെയാണ് തുന്നല്‍ ടീച്ചര്‍ എന്ന വിളി ജന്മംകൊള്ളുന്നത്.
ഇതിനുള്ള മറുപടി കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പറഞ്ഞു.”തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ?” എന്നാണ് അവര്‍ ചോദിച്ചത്. അതാണ് അവരുടെ ക്വാളിറ്റി. അവര്‍ കാലുറപ്പിച്ചുനില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ ശൈലി അതാണ്.
തന്നെ ചെത്തുകാരന്റെ മകന്‍ എന്ന് വിളിക്കുന്നതില്‍ പിണറായി വിജയന്‍ ഇന്നേവരെ പരാതി പറഞ്ഞിട്ടില്ല. അച്ഛനും സഹോദരന്മാരും ചെത്തുജോലി ചെയ്തിട്ടുണ്ട് എന്ന് സന്തോഷത്തോടെ പറയാറുമുണ്ട്.
കേട്ടാല്‍ അറപ്പുതോന്നുന്ന തരം തെറികള്‍ തനിക്കുനേരെ വന്നപ്പോള്‍ മേഴ്‌സിക്കുട്ടിയമ്മ ഇപ്രകാരമാണ് പ്രതികരിച്ചത്-
”മന്ത്രിയായതുകൊണ്ട് എന്റെ സ്വഭാവം മാറിയിട്ടില്ല.അണ്ടിയാപ്പീസില്‍ പൊക്കൂടേ എന്ന് ചില ട്രോളന്മാര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ ഇനിയും കശുവണ്ടിഫാക്ടറിയില്‍ പോകും. അതെനിക്ക് അഭിമാനമാണ്….”
തോമസ് ഐസക്കിന്റെ നിലപാടും ഇത് തന്നെയാണ്. കയറുപിരി മോശമാണെന്ന് അദ്ദേഹം കരുതുന്നില്ല.
പിണറായി വിജയനും ശൈലജ ടീച്ചറും തോമസ് ഐസക്കും മേഴ്‌സിക്കുട്ടിയമ്മയുണ്ടണ്ടണ്ടമെല്ലാം ഈ നാട്ടിലെ തൊഴിലാളികളുടെ നേതാക്കളാണ്. വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണ് യോഗ്യര്‍ എന്ന ചീഞ്ഞളിഞ്ഞ പൊതുബോധമല്ല അവരെ നയിക്കുന്നത്. അതുകൊണ്ട് ഇത്തരം വിളികള്‍ അവരെ വേദനിപ്പിക്കില്ല.
തുന്നലും ചെത്തും കയറുപിരിയും അഭിമാനമാണെന്ന് അവര്‍ തിരിച്ചുപറയും. പണിയെടുക്കുന്നവരുടെ നോവ് മനസ്സിലാക്കാന്‍ സാധിക്കാത്ത മൂരാച്ചികള്‍ക്ക് ഈ ഔന്നത്യം സ്വപ്നം കാണാന്‍ പോലും സാധിക്കില്ല.
ഒരു അന്താരാഷ്ട്ര ചാനലില്‍ സംസാരിക്കുന്നതിനിടെ ശൈലജ ടീച്ചര്‍ക്ക് ഒരബദ്ധം പറ്റിയിരുന്നു. മാഹി എന്ന് പറയേണ്ടിടത്ത് ഗോവ എന്ന് പറഞ്ഞുപോയി. രാഷ്ട്രീയ പ്രതിയോഗികള്‍ അതൊരു സുവര്‍ണ്ണാവസരമായി കണ്ടു. ടീച്ചറെ പരിഹസിച്ച് ഭസ്മമാക്കാം എന്ന് കിനാവുകണ്ടു. ഒന്നും നടന്നില്ല. ആ പിഴവ് കേരളീയസമൂഹം മറന്നുകഴിഞ്ഞു.
ബുദ്ധിശക്തിയും അര്‍പ്പണബോധവും ഉള്ള സ്ത്രീയാണ് ശൈലജ ടീച്ചര്‍ എന്ന് മലയാളികള്‍ക്കറിയാം. ആര്‍ക്കും ഉണ്ടാകാവുന്ന ഒരു പിഴവ് മാത്രമാണ് ആരോഗ്യമന്ത്രിയ്ക്ക് സംഭവിച്ചത്. തെറ്റുതിരുത്താനും മാപ്പുപറയാനും അവര്‍ തയ്യാറായി.
ശൈലജ ടീച്ചറെ പുച്ഛിക്കുന്ന ആളുകളും അവരുടെ നേതാക്കളും എത്രയോ നുണകള്‍ പറഞ്ഞിരിക്കുന്നു. അവര്‍ തെറ്റുകള്‍ തിരുത്താറുണ്ടോ? എപ്പോഴെങ്കിലും ഖേദം പ്രകടിപ്പിച്ചതായി അറിയാമോ?
കൊറോണക്കാലത്ത് ശൈലജ ടീച്ചര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. പാരവെയ്ക്കുന്നവരെ വരെ ഒപ്പം നിര്‍ത്താനാണ് അവര്‍ എന്നും ശ്രമിച്ചിട്ടുള്ളത്. നാടിന്റെ സുരക്ഷയ്ക്കാണ് ആരോഗ്യമന്ത്രി മുന്‍ഗണന നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ടീച്ചറുടെ ഇമേജ് അങ്ങനെയൊന്നും പൊയ്‌പ്പോവില്ല. പി.ആര്‍ വര്‍ക്കിലൂടെ നേടിയതല്ല അത്. കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്.
അതുകൊണ്ട് ഉറക്കെ ചോദിച്ചുകൊണ്ടിരിക്കും…
എന്താ പെണ്ണിന് കുഴപ്പം?
തുന്നല്‍ ടീച്ചറായാല്‍ എന്താ പ്രശ്‌നം?

Get real time update about this post categories directly on your device, subscribe now.