രാജ്യത്തെ 1.7 ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ വഴി വെള്ളിയാഴ്ച മുതല്‍ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. റെയിൽവേ കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് ബുക്കിങ് രണ്ടുദിവസത്തിനകം ആരംഭിക്കും. ഇതിനായി മാനദണ്ഡം ഉടൻ പുറപ്പെടുവിക്കും.
കൂടുതല്‍ ട്രെയിനുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ടൈംടേബിൾ പ്രകാരം ജൂൺ ഒന്നുമുതലാണ് ട്രെയിന്‍ ഓടിത്തുടങ്ങുക. പട്ടികയിലുള്ള 200 ട്രെയിനുകൾക്കുള്ള ഓൺ ലൈൻ ബുക്കിങ് വ്യാഴാഴ്‌ച രാവിലെ 10 മുതൽ ആരംഭിച്ചു.
ഐആർസിടിസി സൈറ്റിലൂടെമാത്രമാണ് ബുക്കിങ്. മൂന്നുമണിക്കൂർകൊണ്ട് 4.24 ലക്ഷം യാത്രക്കാർക്കായി 1.79 ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്തു. ഈ ട്രെയിനുകളിൽ തത്‌കാൽ, പ്രീമിയം തത്‌കാൽ ടിക്കറ്റുകളില്ല. ആർഎസി, വെയിറ്റിങ് ലിസ്‌റ്റ് ടിക്കറ്റുകളുണ്ടാകും. എന്നാൽ വെയ്റ്റിങ് ലിസ്‌റ്റുകാരെ ട്രെയിനിൽ പ്രവേശിപ്പിക്കില്ല.
ട്രെയിനിൽ ആർക്കും ടിക്കറ്റ് നൽകില്ല. ടിക്കറ്റുണ്ടെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ യാത്ര അനുവദിക്കില്ല. ഇവർക്ക് പണം പൂർണമായും തിരിച്ചുനല്‍കും. ടിടിഇ നല്‍കുന്ന സർട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി പത്തുദിവസത്തിനകം റീഫണ്ട് അവകാശപ്പെടാം.
സംഘമായി പോകുന്നവരിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അയാളെ ഒഴിവാക്കി മറ്റുള്ളവർക്ക് യാത്ര തുടരാം. ഒന്നര മണിക്കൂർ മുമ്പ് സ്‌റ്റേഷനിലെത്തണം. ലക്ഷ്യസ്ഥാനത്ത് എത്തിയാൽ അവിടെ ആരോഗ്യ പ്രോട്ടോകോൾ പാലിക്കണം.

Get real time update about this post categories directly on your device, subscribe now.