ഏഴ്‌ ജില്ലകളിൽ ഇടിയോട്‌ കൂടിയ മഴയ്‌ക്ക്‌ സാധ്യത; അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ തുടരുന്നു. ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ‌ജില്ലകളാണ് മഴയ്ക്ക് സാധ്യത.

ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരുകയാണ്. ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. നഗരത്തിൽ അജന്ത തീയറ്റർ റോഡ് വെള്ളത്തിനടിയിലായി. കോട്ടൂർ, കുറ്റിച്ചൽ എന്നീ ഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു.

വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടർ തുറന്നത് മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിലെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ഷട്ടറുകൾ അഞ്ച് സെൻറീമീറ്റർ വീതം നാളെ രാവിലെ 11 മണി മുതൽ തുറന്ന് വിടുന്നതാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളം ഒഴുകി പോകുന്ന പുഴയ്ക്ക് സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News