കൊവിഡ്‌ കേസുകൾ കൂടുമ്പോൾ കേരളം രക്ഷപ്പെടാൻ ശക്‌തമായ ക്വാറൻറയിൻ സംവിധാനം തന്നെ വേണം; കെ കെ ശൈലജ

കൊവിഡ്‌ കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേരളം രക്ഷപ്പെടാൻ ശക്‌തമായ ക്വാറൻറയിൻ സംവിധാനം തന്നെ വേണമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. റെഡ്‌ സോണുകളിൽ നിന്നടക്കം കൂടുതൽ ആളുകൾ എത്തിയതോടെയാണ്‌ കേസുകൾ കൂടി തുടങ്ങിയത്‌. പലരും വളരെ അവശരായാണ്‌ എത്തുന്നത്‌. ഈ സാഹചര്യത്തിൽ കമ്മ്യൂണിറ്റി ടെസ്‌റ്റ്‌ ഒക്കെ കൂട്ടേണ്ടി വരും.

ഹോം ക്വാറൻറയിൻ 14 ദിവസമാക്കുകയും അത്‌ കർശനമായി പാലിക്കുകയും വേണം. ആഭ്യന്തര വിമാന സർവീസ്‌ തുടങ്ങുന്നത്തും കോവിഡ്‌ കേസുകൾ കൂട്ടും. മറ്റ്‌സംസ്‌ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും വളരെ അവശരായി വരുന്നവർ ഉണ്ട്‌. ഇന്നലെ മരിച്ച കദീജകുട്ടി മഹാരാഷ്‌ട്രയിൽനിന്ന്‌ വളരെ അവശയായാണ്‌ എത്തിയത്‌. അവരോടൊപ്പം കാറിലെത്തിയ മൂന്ന്‌ പേരെ ഐസൊലേറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ആരോടും നാട്ടിലേക്ക്‌ വരരുതെന്ന്‌ പറയാൻ നമുക്ക്‌ പറ്റില്ല. ട്രെയിൻ, വിമാന സർവീസുകൾ എല്ലാം തുടങ്ങിയാൽ കേസുകൾ ഇനിയും കൂടും. അപ്പോൾ കർശനമായ ക്വാറൻറയിൻ വേണ്ടിവരും. കൂടുതൽ പേർ നാട്ടിലേക്ക്‌ എത്താൻ തുടങ്ങിയ മെയ്‌7ന്‌ ശേഷം ഇന്നലെ വരെ പരിശോധിക്കുമ്പോൾ 158 പേർക്കാണ്‌ രോഗം സ്‌ഥിരീകരിച്ചത്‌. അതിൽ ഭൂരിഭാഗവും വെളിയിൽനിന്ന്‌ വന്നവരാണ്‌. കുറച്ച്‌ അവരുടെ കോൺടാക്‌റ്റ്‌സും .
വരുന്ന ആളിൽനിന്ന്‌ കൂടുതൽ പേരിലേക്ക്‌ പകരാതെ നോക്കുകയാണ്‌ വേണ്ടത്‌. അതിന്‌ നാട്ടുകാരടക്കം സഹകരിക്കണം . വരുന്ന ആളിൽ മാത്രം രോഗം അടക്കി നിർത്താൻ സാധിച്ചാൽ ഒരു പരിധിവരെ നമുക്ക്‌ പ്രതിരോധിക്കാനാകും. ഒരാളിൽ നിന്ന്‌ മൂന്ന്‌ പേരിലേക്കും അവരിൽനിന്ന്‌ മറ്റുള്ളവരിലേക്ക്‌ പടരുന്ന സാഹചര്യം ഉണ്ടാകരുത്‌.

രോഗികളുടെ എണ്ണം കൂടിയാൽ നമുക്കുംപിടിച്ചു നിൽക്കാൻ കഴിയാതെ വരും . ആശുപത്രികൾ നിറഞ്ഞുകവിഞ്ഞാൽ ഓരോ രോഗിക്കും ഇപ്പോൾ കൊടുക്കുന്ന ശ്രദ്ധ കൊടുക്കാനാവില്ല. ഇതുവരെ നമുക്കത്‌ സാധിച്ചതിനാലാണ്‌ മരണനിരക്കു കുറയ്‌ക്കാനും രോഗം ഭേദമാകുന്നവരുടെ എണ്ണം കൂട്ടാനും സാധിച്ചത്‌. 95 ശതമാനമാണ്‌ നമ്മുടെ റിക്കവറി റേറ്റ്‌. ചിട്ടയായ പ്രവർത്തനം ആണ്‌ ഇതിന്‌ സഹായിച്ചത്‌.

കേരളത്തിൽ ടെസ്‌റ്റുകളുടെ എണ്ണം കുറവാണെന്ന്‌ പറയുന്നതിൽ കാര്യമില്ല. രോഗികളും അവരുമായി ഇടപഴകിയവരുടേയും ടെസ്‌റ്റുകളാണ്‌ ചെയ്യുന്നത്‌. അത്‌ ഫലപ്രദമാണെന്ന്‌ ഉറപ്പാക്കിയിട്ടുമുണ്ട്‌. മറ്റുള്ളവരുമായി മൽസരിക്കാനോ മറ്റോ ടെസ്‌റ്റുകളുടെ എണ്ണം കൂട്ടേണ്ടതില്ലല്ലോ. വരുന്ന ആഴ്‌ച രോഗലക്ഷണം ഇല്ലാത്തവരിൽനിന്ന്‌ 3000 സാമ്പിളുകൾ ശേഖരിച്ച്‌ ടെസ്‌റ്റ്‌ നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌.

വരും ദിവസങ്ങളിൽ അതിർത്തികളിൽ പരിശോധന കർശനമാക്കും. റെഡ്‌ സോണുകളിൽനിന്ന്‌ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ഹോം ക്വാറൻന്റൈൻ ആണെങ്കിൽ ആളുകൾക്ക്‌ ഒരു സമാധാനമാണ്‌ . ആരേയും കാണുന്നില്ലെങ്കിലും വീടുകളിൽ തന്നെ ആണല്ലോ എന്ന ആശ്വാസം ഉണ്ടാകും. ആഭ്യന്തര വിമാനത്തിൽ വരുന്നതും ട്രെയിനിലോ കാറിലോ വരുന്നതും ഒരേ പോലെയെ കാണാൻ ആകൂ. ആര്‌ പുറത്തുനിന്ന്‌ വരികയാണെങ്കിലും ക്വാറൻറയിൻ വേണ്ടി വരും.

സംസ്‌ഥാനത്ത്‌ ഹോട്ട്‌ സ്‌പോട്ടിൽ നിന്നുളളവർക്ക്‌ യാത്ര അനുവദിക്കില്ല. ബാക്കി സ്‌ഥലങ്ങളിലെ യാത്രാ നിർദ്ദേശങ്ങൾ സർക്കാർ തീരുമാനിക്കും. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ സർക്കാരിനെ അറിയിക്കും. എല്ലാ വകുപ്പും ഒരുമിച്ച്‌ പ്രവർത്തിക്കുന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌.

ക്വാറൻറയിന്‌ വേണ്ടി വലിയ ഹോട്ടലുകളും ലോഡ്‌ജുകളും ഹോസ്‌റ്റലുകളും എല്ലാം സർക്കാർ എടുത്തിട്ടുണ്ട്‌ പക്ഷെ കൂടുതൽ പേർ എത്തുമ്പോൾ എല്ലാവർക്കും തുടക്കത്തിലേ കൊടുത്തപോലെ എല്ലാ സൗകര്യങ്ങളും ഉള്ള റൂമുകൾ കൊടുക്കാൻ കഴിയില്ല. അപ്പോൾ പരാതികൾ ഉയരുന്നത്‌ സ്വാഭാവികമാണ്‌.ഇതെല്ലാം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News