കൊച്ചി: സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നതിന് ഔദ്യോഗിക സ്ഥിരീകരണം. ജിങ്കനും ബ്ലാസ്റ്റേഴ്സും തമ്മില്‍ വഴിപിരിയുന്നതായി ക്ലബ് അറിയിച്ചു. ആറ് വര്‍ഷമായി ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു ഈ ഇരുപത്താറുകാരന്‍.
കഴിഞ്ഞ സീസണില്‍ പരിക്കുകാരണം കളിക്കാനായില്ല. ജിങ്കന്‍ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ സൂചനയുണ്ടായിരുന്നു. വിദേശ ലീഗില്‍ കളിക്കാനാണ് ഈ പ്രതിരോധക്കാരന്റെ ലക്ഷ്യം. വിദേശ ക്ലബ്ബുകള്‍ ജിങ്കനുവേണ്ടി രംഗത്തുണ്ട്.
2014ലാണ് ഈ ചണ്ഡീഗഢുകാരന്‍ ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നത്. തുടര്‍ന്ന് ടീമിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. 76 മത്സരങ്ങളില്‍ കളിച്ചു. 2017ല്‍ ക്യാപ്റ്റനുമായി.ആദ്യ സീസണില്‍ത്തന്നെ യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചു. ഇതിനിടെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെയും ക്യാപ്റ്റനായി.
കഴിഞ്ഞ സീസണില്‍ത്തന്നെ ജിങ്കനുവേണ്ടി വമ്പന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സില്‍ കളിക്കാരുടെ വേതനം കുറയ്ക്കാനുള്ള തീരുമാനവും പുതിയ മാനേജ്മെന്റിന്റെ വരവും ജിങ്കന്‍ ക്ലബ് വിടുന്നതിനുള്ള കാരണമായി. ഒരുകോടിയില്‍ കൂടുതല്‍ രൂപയാണ് ജിങ്കന്റെ വാര്‍ഷിക കരാര്‍. 2023 വരെയായിരുന്നു കരാര്‍ കാലാവധി. ഖത്തര്‍ ക്ലബ് അല്‍ ഗറാഫ എസ്സിയാണ് ജിങ്കനെ സ്വന്തമാക്കാന്‍ സജീവമായി രംഗത്തുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിനോടും ആരാധകരോടും നന്ദി സന്ദേശ് ജിങ്കന്‍ പറഞ്ഞു . ‘ആദ്യദിവസം മുതല്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ പരസ്പരം വളരാന്‍ സഹായിച്ചു. ഒടുവില്‍ വേര്‍പിരിയുന്നു. നല്ല ഓര്‍മകളാണ്.
ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. കാണികള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി പറയുന്നു. ക്ലബ്ബും ആരാധകരും എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും’-ജിങ്കന്‍ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.