മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത നഗരത്തിന്റെ ഗുരുതരമായ അവസ്ഥയെ കുറിച്ച് ആകുലതകള്‍ പങ്കുവച്ചു കൊണ്ട് മഹാനഗരത്തെ ചേര്‍ത്ത് പിടിച്ചു ശുഭാപ്തിവിശ്വാസം പങ്കിടുകയാണ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്ത്യന്‍ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി തനിക്ക് പ്രിയപ്പെട്ട നഗരത്തിന്റെ ഗുരുതരമായ രോഗാവസ്ഥയെ കുറിച്ച് വൈകാരികമായി പ്രതികരിച്ചത്.
നാളെ, കൊറോണ വൈറസ് ഇല്ലാതാകുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ മുംബൈയിലേക്ക് ഓടിയെത്തുമെന്നും അപ്പോള്‍ ഈ നഗരം അവരുടെ സ്വന്തം നഗരമായിരിക്കുമെന്നും അവരുടെ സ്വപ്നങ്ങളുടെ നഗരമായി മുംബൈ മാറുമെന്നാണ് അതിജീവനത്തിന്റെ നഗരത്തെ കുറിച്ച് റസൂലിന്റെ ശുഭാപ്തിവിശ്വാസം.
‘ഇന്ന് എന്റെ മുംബൈ രോഗബാധിതനാണ്; ചികിത്സ ആവശ്യമാണ്, നഗരത്തെ മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’. റസൂലിന്റെ വാക്കുകളില്‍ നഗരത്തോടുള്ള ആത്മബന്ധം പ്രകടമായിരുന്നു. നഗരത്തിന്റെ നൈരാശ്യം പങ്കിടുമ്പോഴും തന്റെ സ്വപ്ന നഗരത്തെ കൈവിട്ടു പോകാന്‍ തനിക്കാകില്ലെന്നും റസൂല്‍ കോറിയിടുന്നു.
താന്‍ ഇപ്പോഴും മുംബൈയിലാണെന്നും നാളെയും ഇവിടെത്തന്നെ കാണുമെന്നും വൈറസിനെതിരെ യുദ്ധം ചെയ്ത് തന്റെ നഗരത്തെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ പങ്കാളിയാകുമെന്നും റസൂല്‍ തന്റെ ടൈംലൈനിലൂടെ വ്യക്തമാക്കി.
മുംബൈ എന്റെ ജോലിസ്ഥലമല്ല, മുംബൈ എന്റെ വീടാണ്.. നമ്മുടെ രാജ്യത്തിന്റെ ഭാഗം. ഓരോ മുംബൈവാസിയുടെയും ഹൃദയമിടിപ്പാണ് ഈ നഗരമെന്നും താനും ഒരു മുംബൈക്കാര്‍ ആണെന്നും പറഞ്ഞാണ് റസൂല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.