വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കും, പരീക്ഷാ ഹാളില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കും; വിപുലമായ സൗകര്യം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കായി വിപുലമായ സൗകര്യമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കുന്നത് മുതല്‍ പരീക്ഷാ ഹാളില്‍ പൂര്‍ണ ആരോഗ്യസുരക്ഷയും ഉറപ്പാക്കും. മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷനടക്കുക.

കര്‍ശനമായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രഥമാദ്ധ്യാപകര്‍ക്കും നല്‍കിയിരിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകള്‍ അടങ്ങിയ അറിയിപ്പും, മാസ്‌ക്കും, കുട്ടികള്‍ക്ക് വീടുകളില്‍ എത്തിക്കും.

പരീക്ഷാ കേന്ദ്രത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യപരിശോധന വേണ്ടവര്‍ക്ക് അത് നല്‍കാനുള്ള സംവിധാനവും സ്‌കൂളുകളിലുണ്ടാകും. ആവശ്യമായ സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യം പ്രത്യേകമായി ഉറപ്പാക്കുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടമായിരിക്കും.

ഹോം ക്വാറന്റൈനില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്ന് പരീക്ഷയെഴുതാനും പ്രത്യേക സൗകര്യമായിരിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാന്‍ പാടുള്ളു. പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളും ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും.

മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിന് സൗകര്യപ്പെടു ത്താനുമുള്ള അവസരം ഒരുക്കും. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച തീയതികളില്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ല. അവര്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷയ്‌ക്കൊപ്പം റഗുലര്‍ പരീക്ഷ നടത്തി അവസരം ഒരുക്കുന്നതാണ്.

പരീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും സംശയങ്ങള്‍ ദൂരികരിക്കുന്നതിനുമായി വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here