മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിനിൽ ആയിരത്തോളം പേർ യാത്ര പുറപ്പെട്ടു

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്നലെ രാത്രി 9.50 ന് കുർള ടെർമിനസിൽ നിന്നു പുറപ്പെട്ടു. ട്രയിനിലെ 23 ബോഗികളിലായി ആയിരത്തോളം പേരാണ് യാത്ര തിരിച്ചിരിക്കുന്നത്. ഇവർക്ക് വേണ്ട യാത്ര സൗകര്യങ്ങൾ ഒരുക്കിയത് മഹാരാഷ്ട്ര സർക്കാരാണ്.

നിശ്ചയിച്ചിരുന്ന സമയത്തിൽ നിന്നും രണ്ടു മണിക്കൂറോളം വൈകി കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിനിന് ഗാർഡ് എം എം കർവെ പച്ച വെളിച്ചം കാട്ടി. നഗരത്തിൽ മാസങ്ങളായി കുടുങ്ങി കിടന്നിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്നവരാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിൽ യാത്ര ചെയ്യുന്നത്. യാത്രക്കാരിൽ ഗർഭിണികൾ അടക്കമുള്ളവർ ഉണ്ടായിരുന്നു.

ഇവർക്കായി ഭക്ഷണപ്പൊതികളും വെള്ളവും സർക്കാർ നൽകുകയുണ്ടായി. 1674 പേർ യാത്ര ചെയ്യുമെന്നാണ് മുൻകൂട്ടി പറഞ്ഞിരുന്നതെങ്കിലും റജിസ്റ്റർ ചെയ്ത മുഴുവൻ പേരും എത്തിയില്ലെന്ന് വേണം കരുതാൻ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളെ കൂടാതെ പുണെ നാസിക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി പേരും യാത്രക്കാരിൽ ഉൾപ്പെടും.

ഇവരുടെയെല്ലാം സ്ക്രീനിങ് , മെഡിക്കൽ പരിശോധന തുടങ്ങിയ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയാണ് വണ്ടിയിൽ കയറുവാൻ അനുവദിക്കുകയെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ പുറപ്പെട്ട ട്രെയിനുകളിൽ കയറാനെത്തിയവർക്ക് വേണ്ട പരിശോധനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കയറ്റി വിട്ടതെന്നും ആശങ്കയോടെ ചില യാത്രക്കാർ പരാതിപ്പെടുന്നുണ്ടായിരുന്നു.

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് വേണ്ടി കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ മഹാരാഷ്ട്ര സർക്കാർ അയക്കുന്നതെന്ന് എം.പി.സി.സി. പ്രസിഡന്റ് കൂടിയായ മന്ത്രി ബാലാസാഹേബ് തൊറാട്ട് ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ രണ്ടു മൂന്ന് ആഴ്ചകളിലായി സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളുമടങ്ങുന്ന വലിയൊരു വിഭാഗം സമാജങ്ങളും സാമൂഹിക പ്രവർത്തകരും സംഘടിപ്പിച്ച ബസ്സുകളിലായി ജന്മനാടുകളിൽ എത്തിയതിന് ശേഷമാണ് ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ മുംബൈയിൽ നിന്നും ട്രെയിൻ ഇന്നലെ പുറപ്പെട്ടത്. എന്നാൽ കേന്ദ്ര സർക്കാരാണ് ശ്രമിക് ട്രെയിനുകളുടെ 85% ചിലവുകൾ വഹിക്കുന്നതെന്ന് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ ഒരു പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

കേരളീയ കേന്ദ്ര സംഘടന, മുംബൈ താനെ യൂണിയൻ എസ് എൻ ഡി പി യോഗം കൂടാതെ നവി മുംബൈ, താനെ, വസായ് തുടങ്ങിയ പ്രദേശങ്ങളിലെ സാമൂഹിക പ്രവർത്തകരടങ്ങുന്നവരെല്ലാം നഗരത്തിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് വേണ്ടി കേരളത്തിലേക്ക് ശ്രമിക്ക് ട്രെയിനുകൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അടുത്ത ആഴ്ചയോടെ ഈ വണ്ടികളും ഓടിയേക്കുമെന്നാണ് പ്രതീക്ഷ. ധാരാവിയിലും മറ്റും കുടുങ്ങി കിടക്കുന്ന നാല്പതോളം നിർധന കുടുംബങ്ങളുടെ പ്രത്യാശയും ഇത്തരം ട്രെയിൻ സേവനങ്ങളാണ്.

മുംബൈയിൽ നിന്നും പുറപ്പെട്ട വണ്ടി ശനിയാഴ്ച വൈകീട്ട് 6.35-ന് എറണാകുളത്തും രാത്രി 11 മണിക്ക് തിരുവനന്തപുരത്തും എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News