മരണം 1 ലക്ഷത്തോടടുക്കുന്നു; ചൈനയെ പഴിച്ച് അമേരിക്ക

ചൈനയെ തകര്‍ക്കാന്‍ ഡോണള്‍ഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം ഒത്തുതീര്‍പ്പിലായ ഘട്ടത്തിലാണ് കോവിഡ് മഹാമാരിയായി പടര്‍ന്നുപിടിച്ചത്. ലോകത്ത് തന്നെ ഏറ്റവുമധികം കൊവിഡ് രോഗബാധിതരുള്ള അമേരിക്കയില്‍ മരണം ഒരു ലക്ഷത്തോടടുക്കുമ്പോഴും ചൈനയെ വേട്ടയാടാന്‍ ശ്രമിക്കുകയാണ് ട്രംപും കൂട്ടരും.

കൊവിഡ് നിസ്സാര സംഭവമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ്, ചൈനയും ലോകാരോഗ്യ സംഘടനയും മറ്റും നല്‍കിയ മുന്നറിയിപ്പുകള്‍ രണ്ട് മാസത്തോളം അവഗണിച്ച ട്രംപ് അമേരിക്കയില്‍ മരണം പെരുകിയപ്പോഴാണ് ചൈനയെ പഴിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്കയില്‍ 1 ലക്ഷത്തോടടുക്കുന്നു. മഹാമാരി അവസാനിക്കുമ്പോള്‍ മരണസംഖ്യ ഇതിന്റെ ഇരട്ടിയായാലും അതിശയിക്കണ്ട. ചൈനയിലാകട്ടെ മരണസംഖ്യ അയ്യായിരത്തില്‍ താഴെയാണ്.

ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞരെ ട്രംപ് ഭീഷണിപ്പെടുത്തുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് നിര്‍ദേശിച്ച രണ്ട് പഠനമാണ് ട്രംപ് ഇതിനോടകം തള്ളിയത്.

അമേരിക്കയില്‍ ഒരാഴ്ചമുമ്പ് സാമൂഹ്യഅകലം നടപ്പാക്കിയിരുന്നെങ്കില്‍ 61 ശതമാനത്തോളം രോഗബാധയും 55ശതമാനം മരണവും (ഏകദേശം 36,000) ഒഴിവാക്കാമെന്നായിരുന്നു കൊളംബിയ സര്‍വകലാശാലയിലെ മെയില്‍മാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പഠനം. എന്നാല്‍, കൃത്യമായ തെളിവില്ലാതെയാണ് പഠനം നടത്തിയതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ട്രംപിന്റെ പ്രതികരണം.

രോഗികളില്‍ മരണനിരക്ക് കൂടിയതിനെത്തുടര്‍ന്ന്, മലമ്പനി മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാരിന്റെ ആരോഗ്യകേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ ഗുളികകള്‍ കോവിഡ് ഭേദമാക്കാനുള്ള മാന്ത്രിക മരുന്നാണെന്നാണ് ട്രംപും അണികളും ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ 1283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി. വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ചൈനയിലാണോ ഇത് ഉത്ഭവിച്ചത് എന്ന കാര്യത്തില്‍ സംശയിക്കാവുന്ന ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഒക്ടോബറില്‍ അമേരിക്കയിലും ഡിസംബറില്‍ ഫ്രാന്‍സിലും രോഗം കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ അന്വേഷിക്കണം എന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ചൈനയില്‍ കണ്ടെത്തിയപ്പോള്‍, ആദ്യം ഇത് വൈറസ് രോഗമാണെന്ന് മനസ്സിലാക്കാനോ അതിന്റെ ഗൗരവത്തിലെടുക്കാനോ വുഹാനിലെ പ്രാദേശിക അധികൃതര്‍ക്ക് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. അപ്രതീക്ഷിതമായ ഇത്തരം സന്ദര്‍ഭത്തില്‍ സ്വാഭാവികമായി സംഭവിക്കാവുന്ന പിഴവാണിത്. എന്നാല്‍ ഇത് പുതിയ തരം കൊറോണ വൈറസ് രോഗമാണെന്ന് തിരിച്ചറിഞ്ഞതുമുതല്‍ അത് നിയന്ത്രിക്കുന്നതിന് ചൈന കര്‍ക്കശ നടപടികള്‍ സ്വീകരിച്ചു.

എന്നാല്‍ ചൈനയ്ക്ക് ലഭിക്കാതിരുന്ന ആനുകൂല്യം-വേണ്ടത്ര സമയം- ലഭിച്ച അമേരിക്കയുള്‍പ്പെടെയുള്ള മറ്റ് പല രാജ്യങ്ങളുമാകട്ടെ ഇത് ചൈനയെ മാത്രം ബാധിക്കുന്നതാണെന്ന് വിശ്വസിച്ച് നിസ്സംഗത പുലര്‍ത്തി. ഇതോടെ ചൈന ഇല്ലാതാകുമെങ്കില്‍ നന്നായെന്ന് ഉള്ളില്‍ സന്തോഷിച്ചു. ആഘോഷങ്ങളും ആര്‍ഭാടങ്ങളും തുടരുകയും ചെയ്തു. എന്നാല്‍ കോവിഡ് അമേരിക്കയിലും വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കിയപ്പോള്‍, വരുന്ന നവംബറിലെ തെരഞ്ഞെടുപ്പില്‍ പരാജയം മണത്തുതുടങ്ങിയ ട്രംപ് പെട്ടെന്ന് നിലപാട് മാറ്റി. ചൈനയ്ക്കെതിരെ ആസൂത്രിതമായ പ്രചാരണത്തിനാണ് ട്രംപ് തുടക്കമിട്ടത്.

വൈറസിനെ ചൈന ലാബില്‍ സൃഷ്ടിച്ചതാണെന്ന ട്രംപിന്റെയും ശിങ്കിടികളുടെയും വാദം ശാസ്ത്രലോകം തള്ളിയിട്ടും അത് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കള്ളങ്ങള്‍ നൂറുതവണ ആവര്‍ത്തിച്ചാല്‍ പരമസത്യങ്ങളെന്ന് ജനങ്ങള്‍ വിശ്വസിച്ചുകൊള്ളുമെന്നാണ് ഇപ്പോഴും ട്രംപിന്റെ വിശ്വാസം.

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി അമേരിക്കയില്‍ മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ സ്മാരകങ്ങളിലും പതാക താഴ്ത്തിക്കെട്ടും. ഡെമോക്രാറ്റിക് പാര്‍ടി നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് നടപടി.

തലസ്ഥാനനഗരമായ വാഷിങ്ടണില്‍ മാസാവസാനത്തോടുകൂടി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് മേയര്‍ മ്യുറിയല്‍ ബൗസര്‍ അറിയിച്ചു. മൂന്ന് ഘട്ടത്തിലായുള്ള ഇളവ് 29 മുതല്‍ നടപ്പാക്കും. രോഗികള്‍ കൂടിയാല്‍ നിയന്ത്രണങ്ങള്‍ നീട്ടിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here