ലൈഫില്‍ 219154 വീടൊരുങ്ങി; 100 കേന്ദ്രത്തില്‍ ഭവനസമുച്ചയങ്ങള്‍ ജനുവരിയോടെ

സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ രണ്ട് ഘട്ടമായി 2,19,154 വീട് പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പല കാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിപ്പോയ ഒന്നാംഘട്ടത്തിലെ 52,084 വീട് പൂര്‍ത്തിയായി. ഈ വിഭാഗത്തിലാകെ 54,169 അര്‍ഹരെയാണ് കണ്ടെത്തിയത്. ഇതില്‍ 96.15 ശതമാനം പൂര്‍ത്തിയായി. ബാക്കിയുള്ളതില്‍ 1266 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു.

രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരെയാണ് പരിഗണിച്ചത്. ഇതില്‍ 77,424 വീട് പൂര്‍ത്തിയായി;- 81.38 ശതമാനം. ബാക്കിയുള്ള 17,712 വീടുകളില്‍ പുതുതായി കരാര്‍ വച്ച 2065 എണ്ണം ഒഴികെയുള്ളവ നിര്‍മാണ പുരോഗതിയിലാണ്. പിഎംഎവൈ (അര്‍ബന്‍)- 48,446, പിഎംഎവൈ (റൂറല്‍)- 16,703, പട്ടികജാതി വിഭാഗം- 19,018, പട്ടികവര്‍ഗ വിഭാഗം- 1745, മത്സ്യത്തൊഴിലാളി വിഭാഗം- 3734 വീടുകള്‍ പൂര്‍ത്തിയായി.

രണ്ടാംഘട്ടത്തില്‍ 3332 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് ധനസഹായമായി നല്‍കി. ഈ വിഭാഗത്തില്‍ നാലുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.ഭൂമിയോ വീടോ ഇല്ലാത്തവരുടെ പുനരധിവാസമാണ് മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്നത്.

ഈ വിഭാഗത്തില്‍ 1,06,792 അര്‍ഹരെ കണ്ടെത്തി. ഗുണഭോക്താക്കള്‍ എണ്‍പതോ അതില്‍ കുറവോ ആയ പഞ്ചായത്തുകളില്‍ പഞ്ചായത്തുകളുടെ സഹായത്തോടെ ഭൂമി കണ്ടെത്തി വീട് നിര്‍മിച്ചുനല്‍കും. 627 പഞ്ചായത്തില്‍ ഗുണഭോക്താക്കളുടെ എണ്ണം എണ്‍പതോ അതില്‍ കുറവോ ആണ്. 100 കേന്ദ്രത്തില്‍ ഭവനസമുച്ചയങ്ങള്‍ ജനുവരിയോടെ ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ മുന്നൂറോളം സര്‍ക്കാര്‍ സ്ഥലങ്ങള്‍ ലൈഫ് മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ഏഴ് സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിച്ചു. ഒമ്പതെണ്ണം ഉടനെ തുടങ്ങും. ഈ 16 സമുച്ചയം ഡിസംബറില്‍ പൂര്‍ത്തിയാക്കും. 15 സമുച്ചയങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ഇതടക്കം നൂറോളം സമുച്ചയങ്ങള്‍ 2021 ജനുവരിയോടെ പൂര്‍ത്തിയാക്കും. പ്രതിസന്ധിക്കിടയിലും 2.19 ലക്ഷം പേര്‍ക്ക് പാര്‍പ്പിടമൊരുക്കി എന്നത് സര്‍ക്കാര്‍ ഇടപെടലിന്റെ വിജയമാണ്. ലൈഫിന്റെ പുരോഗതിയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്ലാഘനീയമായ പങ്കുവഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News