കൊവിഡ് ആഘാതം പ്രവചിച്ചതിനേക്കാള്‍ രൂക്ഷം; മുന്നറിയിപ്പ് നല്‍കി റിസര്‍വ്വ് ബാങ്ക്

നടപ്പുവര്‍ഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനം(ജിഡിപി) മുന്‍വര്‍ഷത്തേക്കാള്‍ ഇടിയുമെന്ന് റിസര്‍വ് ബാങ്ക് പണനയ അവലോകന സമിതി. രാജ്യത്തിന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരം 30 വര്‍ഷത്തെ ഏറ്റവും മോശം സ്ഥിതിയില്‍. സമ്പദ്ഘടനയില്‍ കോവിഡിന്റെ ആഘാതം മുമ്പ് കരുതിയതിലും ഗുരുതരമാകുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.

രണ്ടുമാസത്തെ അടച്ചുപൂട്ടല്‍ രാജ്യത്തെ ക്രയവിക്രയത്തെ ഗുരുതരമായി ബാധിച്ചു. വ്യവസായ ഉല്‍പ്പാദനത്തിന്റെ 60 ശതമാനം സംഭാവന നല്‍കുന്ന ആറ് സംസ്ഥാനത്ത് രോഗവ്യാപനം തീവ്രം. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാതിയില്‍ സ്ഥിതി മെച്ചപ്പെട്ടേക്കാം.

മാര്‍ച്ചുമുതല്‍ ഗ്രാമ-നഗരങ്ങളില്‍ വാങ്ങല്‍ശേഷി ഇടിഞ്ഞു. മൂലധന ചരക്കുകളുടെ ഉല്‍പ്പാദനം മാര്‍ച്ചില്‍ 36 ശതമാനവും മൂലധന ചരക്കിറക്കുമതി മാര്‍ച്ചില്‍ 27 ശതമാനവും ഏപ്രിലില്‍ 57.5 ശതമാനവും ഇടിഞ്ഞു. ഉരുക്ക് ഉപയോഗം ഏപ്രിലില്‍ 91 ശതമാനം കുറഞ്ഞു. സിമന്റ് ഉല്‍പ്പാദനത്തില്‍ മാര്‍ച്ചിലെ ഇടിവ് 25 ശതമാനം.ആഭ്യന്തര വാങ്ങല്‍ശേഷിയുടെ 60 ശതമാനം വരുന്ന സ്വകാര്യ ഉപഭോഗം കുത്തനെ താണു. ഉപഭോക്തൃ സാമഗ്രി ഉല്‍പ്പാദനം മാര്‍ച്ചില്‍ 33 ശതമാനവും അടിസ്ഥാനവ്യവസായങ്ങളില്‍നിന്നുള്ള ഉല്‍പ്പാദനം 6.5 ശതമാനവും ചുരുങ്ങി.

ഉല്‍പ്പാദനമേഖല സൂചിക 27.4 ശതമാനം ചുരുങ്ങിയപ്പോള്‍ സേവനമേഖലയില്‍ 5.4 എന്ന ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. ഭക്ഷ്യധാന്യ ഉല്‍പ്പാദനം 3.7 ശതമാനം വര്‍ധിച്ചത് ഏക ആശ്വാസം. ഏപ്രിലില്‍ കയറ്റുമതിയില്‍ 60 ശതമാനവും ഇറക്കുമതിയില്‍ 59 ശതമാനവും ഇടിവുണ്ടായി. 2020ല്‍ ലോകവ്യാപാരത്തില്‍ 22 ശതമാനംവരെ തകര്‍ച്ചയുണ്ടാകാമെന്നാണ് ലോക വ്യാപാരസംഘടനാ റിപ്പോര്‍ട്ടെന്നും സമിതി മുന്നറിയിപ്പ് നല്‍കി. വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് 4.4ല്‍നിന്ന് നാല് ശതമാനമായി കുറച്ചു.

വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ്ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപ്പോ. 2000നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണിത്. ബാങ്കുവായ്പകളുടെ പലിശനിരക്ക് കുറയാന്‍ ഇത് സഹായകരമാവും.

വാണിജ്യബാങ്കുകള്‍ റിസര്‍വ്ബാങ്കില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കായ റിവേഴ്സ് റിപ്പോ 3.75ല്‍നിന്ന് 3.35 ശതമാനമായി കുറയ്ക്കാനും പണനയ അവലോകനസമിതി തീരുമാനിച്ചു.ബാങ്ക് വായ്പകളുടെ തിരിച്ചടവിനുള്ള അവധി മൂന്ന് മാസംകൂടി നീട്ടി ആഗസ്ത് 31 വരെയാക്കി. മാര്‍ച്ച്-മെയ് കാലയളവില്‍ തിരിച്ചടവിന് നേരത്തെ അവധി നല്‍കിയിരുന്നു. സഹകരണ ബാങ്കുകള്‍, മേഖല ഗ്രാമീണ ബാങ്കുകള്‍, ബാങ്കിങ് ഇതര ധനസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രഖ്യാപനം ബാധകം.

സംസ്ഥാനങ്ങള്‍ കണ്‍സോളിഡേറ്റഡ് സിങ്കിങ് ഫണ്ട് (സിഎസ്എഫ്) പിന്‍വലിക്കുന്നതിനുള്ള ചട്ടം റിസര്‍വ്ബാങ്ക് ഇളവ് ചെയ്തു. വിശദാംശം പിന്നീട് പ്രഖ്യാപിക്കും. വിപണിയില്‍നിന്ന് കടമെടുക്കുമ്പോള്‍ കരുതലായി സൂക്ഷിക്കുന്ന ഫണ്ടാണ് സിഎസ്എഫ്. ജൂലൈ 31 വരെ, കയറ്റുമതികള്‍ക്ക് ബാങ്കുകള്‍ അനുവദിക്കുന്ന വായ്പകളുടെ പരിധി ഒരു വര്‍ഷത്തില്‍നിന്ന് 15 മാസമായി ഉയര്‍ത്തി. ഡോളര്‍ ഇടപാടുകള്‍ക്കായി എക്സിം ബാങ്കിന് 90 ദിവസത്തേക്ക് 15,000 കോടി രൂപ വായ്പ അനുവദിച്ചു.

ജൂലൈ 31 വരെയുള്ള ഇറക്കുമതികളുടെ (സ്വര്‍ണം, രത്നം, വജ്രം ഒഴികെ) പണമിടപാട് തീര്‍ക്കേണ്ട സമയപരിധി ആറു മാസത്തില്‍നിന്ന് 12 മാസമാക്കി.ബാങ്ക് ഗ്രൂപ്പുകള്‍ക്ക് അവരുടെ മൂലധനശേഷിയുടെ 30 ശതമാനംവരെ ഫണ്ട് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അനുമതി നല്‍കി. നിലവില്‍ ഇത് 25 ശതമാനമായിരുന്നു. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കൂടുതല്‍ നടപടി വേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News