ദില്ലി സര്‍ക്കാരിന്റെ കൊവിഡ് മരണകണക്കില്‍ ഗുരുതര പിശക്. വ്യാഴാഴ്ചവരെ 194 മരണമെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, മെയ് 16വരെ 426 കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിച്ചെന്നാണ് വിവിധ മുനിസിപ്പല്‍ കോര്‍പറേഷനില്‍നിന്നുള്ള കണക്ക്. കോവിഡ് മരണങ്ങള്‍ കൃത്യമായി സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി.
വടക്കന്‍ ഡല്‍ഹി കോര്‍പറേഷനിലെ ശ്മശാനങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച 202 മൃതദേഹം സംസ്‌കരിച്ചു. തെക്കന്‍ ഡല്‍ഹി കോര്‍പറേഷനിലെ ശ്മശാനങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച 224 മൃതദേഹവും രോഗം സംശയിക്കുന്നവരുടെ 83 മൃതദേഹവും സംസ്‌കരിച്ചു.
എന്നാല്‍, മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ കണക്കുകള്‍ ഡല്‍ഹി സര്‍ക്കാര്‍ തള്ളി. ലോക് നായക്, ആര്‍എംഎല്‍, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജ് ആശുപത്രി, എയിംസിന്റെ ഡല്‍ഹി, ഝജ്ജാര്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 116 മരണം സംഭവിച്ചപ്പോള്‍ 66 മരണംമാത്രമാണ് സര്‍ക്കാര്‍ രേഖപ്പെടുത്തിയത്. ഈ പിശക് സര്‍ക്കാരിന് പിന്നീട് അംഗീകരിക്കേണ്ടിവന്നു.
അടച്ചിടല്‍ 60 ദിനം പിന്നിടുമ്പോള്‍ രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്. മരണം 3700 കടന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും ആറായിരത്തിലേറെ രോഗികള്‍. നാലുദിവസമായി രാജ്യത്ത് 24000 രോഗികള്‍. 24 മണിക്കൂറില്‍ 148 മരണം, 6088 പുതിയ രോഗികള്‍. വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ മാത്രം രോഗികള്‍ മൂവായിരത്തിലേറെ. 63 പേര്‍ മരിച്ചു. ആകെ മരണം 1500 കടന്നു.
ദില്ലിയില്‍ മാത്രം നടന്നത് 14 മരണവും, 660 രോഗികളും. ഗുജറാത്തിലാകട്ടെ 29 മരണം,363 രോഗികള്‍.തമിഴ്നാട്ടില്‍ വെള്ളിയാഴ്ച മാത്രം 786 പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം.
ലോക്ക്ഡൗണില്‍ കൊവിഡ് വ്യാപനം കൂടിയെന്ന പ്രചാരണം മറികടക്കാന്‍ പുതിയ കണക്കുമായാണ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണില്ലായിരുന്നെങ്കില്‍ രാജ്യത്ത് 20 ലക്ഷം പേരെങ്കിലും ഇപ്പോള്‍ രോഗബാധിതരാകുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മരണസംഖ്യ 78,000 വരെയാകുമായിരുന്നു എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്ക്. രോഗവ്യാപനം തീവ്രമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നുവെന്ന ആക്ഷേപം ശക്തമായ പശ്ചാത്തലത്തിലാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതിരുന്ന ആരോഗ്യമന്ത്രാലയം ഇന്നലെ വാര്‍ത്താസമ്മേളനത്തിനെത്തിയത്.
ലോക്ക്ഡൗണിലൂടെ 78,000 ജീവന്‍ രക്ഷിക്കാനായെന്നാണ് പ്രധാന അവകാശവാദം.മരണനിരക്ക് ഇപ്പോള്‍ 3.02 ശതമാനം മാത്രമാണ്. പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഉള്‍പ്പടെ പല ഏജന്‍സികളുടെ കണക്കുകള്‍ നിരത്തിയ കേന്ദ്രം ലോക്ക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ 37,000 മുതല്‍ 78,000 വരെ പേര്‍ മരിക്കുമായിരുന്നു എന്നാണ് പറയുന്നത്. 20 ലക്ഷം പേരെങ്കിലും ഇതിനകം രോഗബാധിതര്‍ ആകുമായിരുന്നുവെന്ന് അവകാശപ്പെട്ട കേന്ദ്രം ഇത് 29 ലക്ഷം വരെ ആകാമെന്ന് ചൂണ്ടിക്കാട്ടിയ പഠനങ്ങളുമുണ്ടെന്നും വ്യക്തമാക്കി.
ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 41 ശതമാനമാണ്.വൈറസിന്റെ വ്യാപന നിരക്ക് 22 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി. കേസുകള്‍ ഇരട്ടിക്കുന്നത് 3.5 ദിവസത്തില്‍ നിന്ന് 13.5 ദിവസമായി കൂടി. ലോക്ക്ഡൗണ്‍ കാരണം നിരക്ക് കുറഞ്ഞു എന്നാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം. അതേസമയം, ഇപ്പോഴത്തെ നിരക്ക് തുടര്‍ന്നാല്‍ രോഗബാധ എപ്പോള്‍ നിയന്ത്രിക്കാനാകുമെന്നോ പുതിയ കേസുകളുടെ എണ്ണം എന്നു മുതല്‍ കുറയുമെന്നോ സര്‍ക്കാര്‍ പറയുന്നില്ല.
രാജ്യത്തെ 80 ശതമാനം രോഗികളും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി , മധ്യപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്. മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നീ നഗരങ്ങളിലാണ് 60 ശതമാനം രോഗികളും ഉള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് 80 ശതമാനം മരണവും നടന്നത്.

Get real time update about this post categories directly on your device, subscribe now.