സമാന തസ്തികകൾക്ക്‌ പൊതു പരീക്ഷ; പുതിയ പരിഷ്കാരവുമായി പിഎസ്‌സി

സമാനസ്വഭാവമുള്ള തസ്തികകൾക്ക്‌ പൊതുവായ പ്രാഥമിക പരീക്ഷ നടത്താൻ പിഎസ്‌സി ആലോചിക്കുന്നു. ഇതിനായ്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ പരീക്ഷാകൺട്രോളറുടെ നേതൃത്വത്തിലുള്ള സമിതിയെ പിഎസ്‌സി യോഗം ചുമതലപ്പെടുത്തി.

അടിസ്ഥാനയോഗ്യത സമാനമായ തസ്തികകൾ ഉൾപ്പെടുത്തി പൊതുവായി വിജ്ഞാപനം പുറപ്പെടുവിക്കും. തുടർന്ന്‌ പ്രിലിമിനറി പരീക്ഷ നടത്തി കട്ട്‌ഓഫ്‌ മാർക്ക്‌ നിശ്‌ചയിച്ച്‌ ഓരോ തസ്തികയിലേക്കും രണ്ടായിരമോ മൂവായിരമോ പേർ ഉൾപ്പെടുന്ന പട്ടിക തയ്യാറാക്കും. ഇവർക്ക്‌ മാത്രമാകും ഫൈനൽ പരീക്ഷ.

പരീക്ഷയുടെ നിലവാരം ഉയർത്തുകയും നടത്തിപ്പ്‌ ചെലവ്‌ കുറയ്‌ക്കുകയുമാണ്‌ ലക്ഷ്യം. നിലവിൽ അമ്പതോളം വിജ്ഞാപനം ഇറക്കാനുണ്ട്‌. നിരവധി പരീക്ഷകൾ നടത്താനുമുണ്ട്‌. കോവിഡ്‌ നിയന്ത്രണങ്ങൾ നീങ്ങിയശേഷം ഇവയിലെ സമാന സ്വഭാവമുള്ള തസ്തികകൾക്കായി പൊതുപരീക്ഷ നടത്താനാകുമെന്നാണ്‌ പിഎസ്‌സി കരുതുന്നത്‌. തസ്തികയുടെ സ്വഭാവമനുസരിച്ച്‌ ഫൈനൽ പരീക്ഷ ഒഎംആർ രീതിയിലോ വിവരണാത്മകമായോ നടത്തും.

ലക്ഷക്കണക്കിന്‌ ഉദ്യോഗാർഥികൾക്കായി ഓരോ തസ്തികയ്‌ക്കും വെവ്വേറെ പരീക്ഷ നടത്തുന്നത്‌ ഭാരിച്ച ജോലിയും പണച്ചെലവുമാണ്‌. പുതിയ രീതിയിലൂടെ ഇത്‌ രണ്ടും ഗണ്യമായി കുറയും.

നിലവാരം ഉയരും

പരീക്ഷയുടെ നിലവാരം ഉയർത്താന്‍ ഈ സുപ്രധാന പരിഷ്‌കാരം വഴിയൊരുക്കുമെന്ന്‌ പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു. ഗൗരവത്തോടെ പരീക്ഷയെ കാണുന്ന ഉദ്യോഗാർഥികൾക്ക്‌ ഏറെ സഹായകമാണ്‌ പുതിയ രീതി.

ക്രമക്കേടിലൂടെ ആരെങ്കിലും പ്രാഥമിക പരീക്ഷ പാസായാലും ഫൈനൽ പരീക്ഷയിൽ പുറത്താകും. ഓരോ തസ്തികയുടെയും സ്വഭാവത്തിനനുസരിച്ച്‌ ഫൈനൽ പരീക്ഷയ്‌ക്ക്‌ ചോദ്യം തയ്യാറാക്കാനുമാകും.പരീക്ഷയുടെ നിലവാരം ഉയർത്തുകയും മുഖഛായ മാറ്റുകയും ചെയ്യുന്നതാകും പരിഷ്‌കാരമെന്ന്‌ ചെയർമാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here