കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കാന്‍ പൊളിച്ചെഴുത്ത് വേണമെന്ന് മുഖ്യമന്ത്രി; കൊവിഡാനന്തര സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരും; ലോകം കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കി

കൊവിഡാനന്തര കാലത്തെ കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് കൂടുതല്‍ വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡെന്ന അപകടത്തില്‍ തലയില്‍കൈവെച്ചിരിക്കാതെ അതിനുശേഷമുള്ള അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ല്‍ ജോണ്‍ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡിനുശേഷം ലോകമാകെ മാറുകയാണ്. ഇന്ന് ലോകമാകെ കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കിയിട്ടുണ്ട്. വ്യവസായങ്ങള്‍ പലതും പലേടത്തായി മാറ്റി സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ട്. നമ്മള്‍ ശ്രമിച്ചാല്‍ കുറേ വ്യവസായങ്ങള്‍ ഇങ്ങോട്ടു കൊണ്ടുവരാനാകും. അത്തരമൊരു ശ്രമത്തിന്റെ ഭാഗമായി എംബസികളെ ബന്ധപ്പെടുന്നുണ്ട്.

മറ്റു രാജ്യങ്ങളുമായി ബന്ധമുള്ള ഇവിടുത്തെ വ്യവസായികള്‍, ഇവിടെ വ്യവസായം നടത്തുന്ന മറ്റു രാജ്യങ്ങളിലുള്ളവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി ഇതിനായി രൂപീകരിക്കുന്നുണ്ട്. അതുവഴി അവിടെയുള്ള സ്ഥാപനങ്ങളെ ഇങ്ങോട്ടു ആകര്‍ഷിക്കാനും നിക്ഷേപങ്ങള്‍ കൊണ്ടുവരാനുമാണ് ശ്രമം.

ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ വരേണ്ടതുണ്ട്. അനേകം വിദ്യാര്‍ഥികളാണ് ലോകത്തിന്റെ പലഭാഗത്തും പഠിക്കാന്‍ കേരളത്തില്‍നിന്ന് പോയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് ഇവിടെത്തന്നെ പഠിക്കാന്‍ സൗകര്യമൊരുക്കുംവിധമാകണം മാറ്റങ്ങള്‍.

അങ്ങനെ വരുമ്പോള്‍ കേരളം പോലൊരു സംസ്ഥാനത്ത് വന്നുപഠിക്കാന്‍ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള കുട്ടികള്‍ തയാറാകും.

ഈയവസരം ഉപയോഗപ്പെടുത്തി കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍ കഴിയണം. അതിനായി വിദ്യാഭ്യാസ മേഖലയ്ക്ക് പൊളിച്ചെഴുത്ത് വേണം. നമ്മുടെ യൂണിവേഴ്സിറ്റികള്‍, സ്ഥാപനങ്ങള്‍ എന്നിവ അതിനനുസരിച്ച് മാറണം.

ആ തരത്തിലുള്ള ചിന്ത ആരംഭിക്കണം. എന്നാല്‍ ഏതു നല്ല കാര്യത്തിനും എതിര്‍പ്പുണ്ടാകും. നാടിനുചേരുന്നതും നാടിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതുമാണെങ്കില്‍ ഏതുതരം എതിര്‍പ്പിനെയും വകവെക്കേണ്ടതില്ല.

കാര്‍ഷികരംഗത്തടക്കം നമ്മള്‍ ഇനി സ്വയംപര്യാപ്തതയിലേക്ക് എത്തണം. കൃഷി, കന്നുകാലിവളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍ തുടങ്ങിയവ നമുക്ക് അഭിവൃദ്ധിപ്പെടുത്താന്‍ പദ്ധതി തയാറാക്കുന്നുണ്ട്. നാട്ടിലെ കാര്‍ഷികരംഗമാകെ മാറ്റം വരുത്തും.

തരിശ് കിടക്കുന്ന ഭൂമിയില്‍ കൃഷി ചെയ്യാനുള്ള പദ്ധതി തയാറാകുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ മുഖേന സ്വയംസഹായ സംഘങ്ങള്‍, കൂട്ടായ്മകള്‍, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങള്‍ വഴിയാകും കൃഷി. ഇക്കാര്യത്തിനായി തരിശുഭൂമി ഉടമസ്ഥന്റെ പൂര്‍ണസമ്മതത്തോടെ തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് നിശ്ചിതകാലത്തേക്ക് ഉപയോഗപ്പെടുത്തുക.

കൃഷിയുടെ പൂര്‍ണമായ നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങളിലൂടെയായിരിക്കും. അതു നല്ലരീതിയില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങള്‍ക്കായി ഒരാളുടെയും ഭൂമി ബലം പ്രയോഗിച്ച് എടുക്കുമെന്ന ആശങ്ക വേണ്ട. ഭൂമി ബലപ്രയോഗത്തിലൂടെ എടുക്കുകയാണെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് 24 രാത്രിയാണ് ‘നാം മുന്നോട്ടി’ന്റെ സംപ്രേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News