എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം: മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്.

പരീക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പ് അധ്യാപകര്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ എത്തുമെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം സ്‌കൂളിലെ പ്രധാന അധ്യാപകര്‍ ഉറപ്പുവരുത്തണം. ഗതാഗത സൗകര്യം അധ്യാപകരുടെ സഹായത്തോടെ പ്രധാന അധ്യാപകന്‍ ഉറപ്പാക്കണം.

ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്‌കൂള്‍ ബസുകള്‍, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഇതിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാല്‍ 25ന് മുന്‍പ് പരീക്ഷ ഹാളുകള്‍, ഫര്‍ണീച്ചറുകള്‍, സ്‌കൂള്‍ പരിസരം എന്നിവ ശുചിയാക്കണം. ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധസംഘടനകള്‍, ഫയര്‍ഫോഴ്സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ തെര്‍മല്‍ സ്‌കാനിങ് കഴിഞ്ഞ് സാനി റ്റൈസ് ചെയ്ത ശേഷം പരീക്ഷ ഹാളില്‍ എത്തിക്കണം. പരീക്ഷയ്ക്ക് മുന്‍പും ശേഷവും വിദ്യാര്‍ഥികളെ കൂട്ടം ചേരാന്‍ അനുവദിക്കരുത്.

വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് ലഭ്യമാക്കി ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News