നാട് മുന്നേറിയ നാലു വര്‍ഷങ്ങള്‍; ഹൃദയപക്ഷം ചേര്‍ന്ന് ആത്മവിശ്വാസത്തോടെ ഇടതുസര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് പാദമൂന്നുന്നത് കേരളരാഷ്ട്രീയം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഘട്ടത്തിലാണ്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ കാണിച്ച ആര്‍ജവവും കാര്യശേഷിയും രാഷ്ട്രീയത്തിലും പുതിയ വഴിത്തിരിവായി.

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ തിളക്കമാര്‍ന്ന വിജയവും എല്‍ഡിഎഫിന് നല്‍കുന്ന ആത്മവിശ്വാസം കേരളത്തിന്റെ രാഷ്ട്രീയ ഗതിമാറ്റത്തിന്റെ ചൂണ്ടുപലകയാണ്. ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമോയെന്നതാണ് യുഡിഎഫിന്റെ ശങ്ക. ഈ ആപത്സൂചന നാളേറെയായി പ്രതിപക്ഷത്തിന്റെ ഉറക്കംകെടുത്തിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിന്റെ പ്രാരംഭംമുതല്‍ അതിനെതിരെ രംഗത്തിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചതും ഈ ശങ്കയാണ്. യുഡിഎഫ് ഭരണകാലത്ത് കേരളത്തിലെ രാഷ്ട്രീയ അരങ്ങ് കൊഴുപ്പിച്ചത് ബാര്‍കോഴ, സോളാര്‍, സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ തുടങ്ങിയ അഴിമതികളാണ്.

മന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയ കരുനീക്കങ്ങളും രാഷ്ട്രീയ കുതന്ത്രങ്ങളും കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ചേരിപ്പോരും വേറെ. തൊടുന്നതിലെല്ലാം അഴിമതി കൊടികുത്തി. സോളാര്‍ കേസില്‍ ജുഡിഷ്യല്‍ കമീഷന് മുന്നില്‍ രാവേറുംവരെ മൊഴി നല്‍കിയ മുഖ്യമന്ത്രിയുടെ ദയനീയ മുഖം.

ഇതില്‍നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ അടിയന്തരപ്രശ്നങ്ങളില്‍ ആശ്വാസം പകരുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന തന്ത്രങ്ങളോടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ജനം വിലയിരുത്തിയതും ഇതുതന്നെയാണ്.

പാലായ്ക്ക് പിന്നാലെ വട്ടിയൂര്‍ക്കാവിലും കോന്നിയിലുമുണ്ടായ എല്‍ഡിഎഫ് വിജയം ഇത് തെളിയിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം സ്ഥലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം നടത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവാണ് ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്തിന് പ്രധാന കാരണമായത്.

അത് പകര്‍ന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിനെ വീണ്ടും മുന്നോട്ടുകൊണ്ടുപോയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നേരിട്ടത് ഈ സര്‍ക്കാരാണ്. എട്ട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു.

ഇപ്പോഴും രണ്ട് മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. 2016ല്‍ 91 സീറ്റ് നേടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എട്ട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സീറ്റുകളുടെ എണ്ണം 93 ആയി. ഇത് കേരള ചരിത്രത്തില്‍ ആദ്യമാണ്. സിറ്റിങ് സീറ്റുകളായ ചവറയും കുട്ടനാടും ഒഴിവ് വന്നതിനെ തുടര്‍ന്ന് മൊത്തം സീറ്റുകളുടെ എണ്ണം വീണ്ടും 91.

ഉപതെരഞ്ഞെടുപ്പിലെ കനത്ത പ്രഹരത്തില്‍നിന്ന് തിരിച്ചുകയറാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ്പോരും ചേരിതിരിവും കോണ്‍ഗ്രസിനെ ആഴത്തില്‍ പിടികൂടി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും പ്രത്യേക ‘വാര്‍ റൂമുകള്‍’ സജ്ജമാക്കിയാണ് പോര് മുറുക്കുന്നത്.

കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല വിഭജിച്ച് നല്‍കാന്‍ കഴിയാത്തത് തര്‍ക്കത്തിന്റെ രൂക്ഷതയുടെ തെളിവാണ്. കേരള കോണ്‍ഗ്രസ് രണ്ട് ചേരിയായി ഏറ്റുമുട്ടല്‍ തുടരുകയാണ്. മുസ്ലിംലീഗിലും നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതെല്ലാം മറച്ചുവയ്ക്കാനാണ് കോവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെ ആരോപണവുമായി രംഗത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News