മതഭ്രാന്ത്: സെറ്റ് തകര്‍ത്ത വര്‍ഗീയവാദികള്‍ക്കെതിരെ ടോവിനോ

തിരുവനന്തപുരം: മിന്നല്‍ മുരളി സിനിമ സെറ്റ് തകര്‍ത്ത വര്‍ഗീയ വാദികള്‍ക്ക് എതിരെ നടന്‍ ടോവിനോ തോമസ്

വടക്കേ ഇന്ത്യയില്‍ മാത്രം നടന്നിരുന്നത് കേരളത്തില്‍ അനുഭവിക്കുന്നത് ആദ്യമാണെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ടൊവിനോ പറഞ്ഞു.

ടൊവീനോയുടെ വാക്കുകള്‍:

മിന്നല്‍ മുരളി ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്‌സ് ഷൂട്ടിനു വേണ്ടി ആക്ഷന്‍ കോറിയോഗ്രാഫര്‍ വ്‌ലാഡ് റിംബര്‍ഗിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍ട്ട് ഡയറക്ടര്‍ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിര്‍മാണം ആരംഭിച്ചത്.

ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മിച്ച ഈ സെറ്റില്‍ ഷൂട്ടിങ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍പാണു നമ്മുടെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും ഞങ്ങളുടേതുള്‍പ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിങ് നിര്‍ത്തി വയ്ക്കുന്നതും.

വീണ്ടും ഷൂട്ടിങ് എന്നു ആരംഭിക്കാന്‍ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിര്‍ത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ തകര്‍ത്തത്. അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ല.

വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്. ഒരുപാട് വിഷമം ഉണ്ട്. അതിലേറെ ആശങ്കയും. അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here