മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഘപരിവാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി നടന്‍ ജയസൂര്യയും.
ജയസൂര്യയുടെ വാക്കുകള്‍:
ഇത് ആര് ചെയ്താലും വളരെ മോശമായ ഒരു പ്രവര്‍ത്തിയായിപ്പോയി. മതമോ ജാതിയോ ദൈവവിശ്വാസത്തിലോ ഉപരി നമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്.
ലോകം മുഴുവന്‍ ഒരു മഹാമാരിയുടെ മുന്നില്‍ ഒന്നുമില്ലാതെ നില്‍ക്കുന്ന ഈ അവസരത്തില്‍പ്പോലും ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ? ഞാനിതു ഏതു വിഭാഗക്കാര്‍ ചെയ്തു എന്നതിനെപ്പറ്റി ചികയുന്നില്ല. പക്ഷേ അത് പൊളിക്കാന്‍ തോന്നിയ മനോവികാരത്തെപ്പറ്റിയാണ് പറയുന്നത്.
വേണ്ടപ്പെട്ടവരില്‍ നിന്നും കൃത്യമായ അനുവാദം വാങ്ങിയാണ് സെറ്റിട്ടത്, സ്ഥലത്തിന് വാടക കൊടുത്തു അപ്പ്രൂവല്‍ വാങ്ങി, ഷൂട്ടിംഗ് പകുതി കഴിഞ്ഞതുമാണ്, അത് പൊളിക്കാന്‍ ആരാണ് അനുവാദം കൊടുത്തത്.
ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഈ സമയത്തു തന്നെ, നിര്‍മാതാവ് ഒരുപാട് പണംമുടക്കി നിര്‍മിച്ച സെറ്റ് യാതൊരു കാരണവുമില്ലാതെ വന്നു പൊളിച്ചിട്ടു പോവുക. ഇതെല്ലാം എങ്ങനെ ചെയ്യാന്‍ കഴിയുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ആരും ആരെയും ദ്രോഹിക്കരുത്, ജീവിതം ഇത്രയേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കര്‍മ്മമാണ് ദൈവം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ മേഖലയും പ്രതിസന്ധിയിലാണ്, എത്ര ആളുകളുടെ എത്ര ദിവസത്തെ പരിശ്രമമാണ് ഇല്ലാതായത്.
എല്ലാം നശിപ്പിക്കാന്‍ എളുപ്പമാണ്, കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്. ഈ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത പ്രയാസം തോന്നി. മിന്നല്‍ മുരളി അണിയറപ്രവര്‍ത്തകര്‍ക്ക് എന്റെ എല്ലാ വിധ പിന്തുണയും.

Get real time update about this post categories directly on your device, subscribe now.