തിരുവനന്തപുരം: ടോവിനോ തോമസിനെ നായകനാക്കി സോഫിയ പോള്‍ നിര്‍മ്മിച്ച് ബേസില്‍ ജോസഫ് സംവിധാനംചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിനുവേണ്ടി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത വര്‍ഗീയ ഫാസിസ്റ്റ് നടപടിയില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനും ഉറപ്പു നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാരണം മലയാള സിനിമ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് തകര്‍ത്തിരിക്കുന്നത്.
ഒരു സംഘം കലാകാരന്മാരുടെ ഏറെ നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് നിലംപതിച്ചിരിക്കുന്നത്. എല്ലാം തകര്‍ത്തെറിയാനല്ലാതെ, കലാസൃഷ്ടികളുള്‍പ്പെടെ മികവുള്ള ഒന്നും സൃഷ്ടിക്കാന്‍ കഴിവില്ലാത്ത മതഭ്രാന്തന്മാര്‍ കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢപദ്ധതിയിലാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
കേരളം ഒറ്റക്കെട്ടായി നിന്ന് കോവിഡ് എന്ന മഹാമാരിയെ ചെറുക്കുമ്പോള്‍ മനുഷ്യനെ ഹിന്ദുവെന്നും അല്ലാത്തവനെന്നും രണ്ടായി വിഭജിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് നടപടിക്കെതിരായ സാംസ്‌കാരിക പ്രതിരോധത്തിന് ചലച്ചിത്ര അക്കാദമി ഐക്യദാര്‍ഢ്യമര്‍പ്പിച്ചു.
Get real time update about this post categories directly on your device, subscribe now.