മുംബൈയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് പരാതി

മുംബൈയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മുംബൈ കാന്തിവിലിയില്‍ താമസിച്ചിരുന്ന മത്തായി കെ വര്‍ഗ്ഗീസ് ആണ് മരണപ്പെട്ടത്. 57 വയസ്സായിരുന്നു. പരയ്ക്കത്താനം സെന്റ് തോമസ് മാര്‍ത്തോമാ ഇടവകാംഗമായ മത്തായി പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സക്കായി സേവന്‍ ഹില്‍ ആശുപത്രിയില്‍ കൊണ്ട് പോകുന്നത്.

എന്നാല്‍ കൊവിഡ് വൈറസ് പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമാണ് ചികിത്സ തുടങ്ങാനാകൂ എന്ന മുംബൈയിലെ ആശുപത്രികളിലെ പതിവ് പല്ലവിയാണ് ഇവിടെയും ആവര്‍ത്തിച്ചത്. തുടര്‍ന്ന് സ്രവ പരിശോധനക്ക് ശേഷം ഇവരെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. നഴ്സായ ഭാര്യ ഏലിയാമ്മയുടെ പരിചരണത്തില്‍ വീട്ടില്‍ തന്നെ കഴിഞ്ഞുവെങ്കിലും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.

പരിശോധന ഫലത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ചികിത്സ തുടങ്ങുന്നതിന് മുന്‍പ് തന്നെ മത്തായി മരണത്തിന് കീഴടങ്ങുകയായിരുന്നു. കേരളത്തില്‍ മുല്ലപ്പള്ളി സ്വദേശിയാണ്. പവായ് ആസ്ഥാനമായ റിനൈസന്‍സ് ഹോട്ടലില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മത്തായി. ഭാര്യയോടൊപ്പം കാന്തിവിലിയിലെ ഓം സിദ്ദിവിനയക് ഹൌസിങ് സൊസൈറ്റിയില്‍ താമസിക്കുന്നു. ഇവര്‍ക്ക് മക്കളില്ല. സംസ്‌കാരം നിലവിലെ ലോക് ഡൌണ്‍ മാനദണ്ഡങ്ങള്‍ പ്രകാരം ബി എം സി നിര്‍വഹിക്കുമെന്ന് ഫാദര്‍ ജോണ്‍ ടി എസ് അറിയിച്ചു.

ഏലിയാമ്മയെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുവാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഇവരുടെ ശ്രവ പരിശോധന ഫലം ലഭിച്ചതിന് ശേഷമായിരിക്കും ആവശ്യമെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുക. എന്നാല്‍ ഇത് വരെ മുനിസിപ്പല്‍ അധികൃതര്‍ ആരും തന്നെ ഇവര്‍ താമസിച്ചിരുന്ന കെട്ടിടവും പരിസരവും സാനിറ്റൈസ് ചെയ്യുവാന്‍ എത്താതിരുന്നത് പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

എയ്മ ഭാരവാഹികളായ അഡ്വക്കേറ്റ് പത്മ ദിവാകരന്‍, അഡ്വക്കേറ്റ് പ്രേമ മേനോന്‍ എന്നിവരാണ് കുടുംബത്തിന് വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചു ഭൗതിക ശരീരം വിട്ടു കിട്ടുന്നതിനും ആംബുലന്‍സ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്നത്.

മരിച്ച മത്തായിയുടെ ഭൗതിക ശരീരം ആശുപത്രിയിലേക്ക് കൊണ്ട് പോകുവാന്‍ പോലും ആംബുലന്‍സ് ലഭ്യമായിരുന്നില്ല. അത് പോലെ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ഏലിയാമ്മയെ പരിശോധനക്കായി പ്രവേശിപ്പിക്കുവാനും ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് അഡ്വക്കേറ്റ് പ്രേമ മേനോന്‍ പറഞ്ഞു.

തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതരുമായി പലവട്ടം സംസാരിച്ചതിന് ശേഷമാണ് നടപടികള്‍ ഉണ്ടായതെന്നും എയ്മ മഹാരാഷ്ട്ര ഘടകം ജനറല്‍ സെക്രട്ടറി പ്രേമ മേനോന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here