ഇന്ന് റാന്‍ഡം ടെസ്റ്റ്; 3000 പേരുടെ സാമ്പിളുകള്‍ പരിശോധിക്കും; ആസിയയുടെ സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; രോഗം വന്നത് ഇതര സംസ്ഥാനത്തെ വ്യാപാരികളില്‍ നിന്ന്?

തിരുവനന്തപുരം: കൊവിഡിന്റെ സമൂഹവ്യാപനം സംസ്ഥാനത്ത് നടന്നിട്ടുണ്ടോ എന്നറിയാന്‍ ചൊവ്വാഴ്ച റാന്‍ഡം പരിശോധന.

പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും സംസ്ഥാനത്തിന് പുറത്തുനിന്ന് നിരവധിപേര്‍ എത്തിത്തുടങ്ങിയതും കണക്കിലെടുത്താണ് റാന്‍ഡം ടെസ്റ്റ്.

സമൂഹത്തിലെ വിവിധ മേഖലകളിലുള്‍പ്പെടെ 3000 പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍നിന്നടക്കം സാമ്പിള്‍ ശേഖരിക്കും. കൂടുതല്‍ പേര്‍ക്ക് പോസിറ്റീവായാല്‍ സമൂഹവ്യാപനം നടന്നതായി മനസിലാക്കാം.

കൊവിഡ് ലക്ഷണമോ രോഗികളുമായി സമ്പര്‍ക്കമോ ഇല്ലാത്തവര്‍, വിദേശ, ഇതര സംസ്ഥാന യാത്രാചരിത്രമില്ലാത്തവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍നിന്നാണ് സാമ്പിള്‍ എടുത്ത് പിസിആര്‍ പരിശോധന നടത്തുക. രണ്ട് ദിവസത്തിനകം ഫലം ലഭിക്കും. രണ്ടാംതവണയാണ് സംസ്ഥാനത്ത് റാന്‍ഡം പരിശോധന നടത്തുന്നത്.

അതേസമയം, കണ്ണൂരില്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ച ധര്‍മ്മടം സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊവിഡ് അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാകും സംസ്‌കാരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 61 വയസുകാരിയായ ആസിയയാണ് ഇന്നലെ രാത്രി മരിച്ചത്.

2002 ല്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇവര്‍ക്ക് അപസ്മാരവും ഉണ്ടായിരുന്നു. നാഡീസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആദ്യം തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിക്കുന്നതും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.

മരിച്ച ആസിയയുടെ ഭര്‍ത്താവ്, മക്കള്‍, ചെറുമകന്‍, മക്കളുടെ ഭാര്യമാര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആസിയയെ ചികിത്സിച്ച രണ്ട് ആശുപത്രികളിലെ 40 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പോയിരുന്നു.

ആസിയയുടെ മക്കള്‍ തലശേരിയിലെ മത്സ്യ വ്യാപാരികളാണ്. ഇതര സംസ്ഥാനത്തെ മത്സ്യ വ്യാപാരികളുമായി ബന്ധമുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ലോറി ഡ്രൈവറില്‍ നിന്ന് ഇവര്‍ക്ക് വന്നതാണോയെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here