കൊവിഡ്: ദുബായിലും സൗദിയിലും നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍; ജിമ്മുകളും സിനിമാശാലകളും വിനോദകേന്ദ്രങ്ങളും തുറക്കാം, യാത്രാ വിലക്ക് ഭാഗികമായി പിന്‍വലിച്ചു; വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കും അനുമതി

ദുബായിലും സൗദി അറേബ്യയിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

ദുബായില്‍ ബുധനാഴ്ച മുതല്‍ രാവിലെ ആറിനും രാത്രി 11നും ഇടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. എല്ലാത്തരം വ്യവസായങ്ങളും പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇളവ്. ജിമ്മുകളും സിനിമാശാലകളും ഐസ് റിങ്കുകള്‍ പോലുള്ള വിനോദകേന്ദ്രങ്ങളും ബുധനാഴ്ച മുതല്‍ തുറക്കും.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി യോഗത്തിലാണ് പ്രഖ്യാപനം.

ആളുകള്‍ സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഷെയ്ഖ് ഹംദാന്‍ ആവശ്യപ്പെട്ടു. മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. പൊതുസ്ഥലങ്ങളില്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ ആഭ്യന്തര മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം മന്ത്രാലയം നീക്കി. വ്യാഴാഴ്ച മുതല്‍ എല്ലാവര്‍ക്കും ജോലിക്ക് ഹാജരാകാം. മുന്‍കരുതലോടെ വേണം ജോലിക്ക് ഹാജരാകാന്‍.

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും എടുത്തു കളഞ്ഞു. രാജ്യത്തെ പ്രവിശ്യകളില്‍ തമ്മിലുള്ള യാത്രാ വിലക്കും ഭാഗികമായി പിന്‍വലിച്ചു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ആളുകള്‍ക്ക് പ്രവിശ്യകള്‍ക്കിടയിലും നഗരങ്ങള്‍ തമ്മിലും യാത്ര നടത്താം. രാവിലെ ആറിനും വൈകീട്ട് മൂന്നിനും ഇടയിലേ ഈ യാത്ര അനുവദിക്കൂ.

മക്ക ഒഴികെ രാജ്യത്തെ ആരാധനാലയങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കും അനുമതി നല്‍കി. അടുത്ത മാസം അഞ്ചാം തിയതിയായ വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നടത്താം. റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചു. എല്ലാവര്‍ക്കും മന്ത്രാലയം അറിയിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായി ആളുകളെ അകത്ത് പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News