സിനിമാസെറ്റ് തകര്‍ക്കല്‍; ഒരു സംഘപരിവാര്‍ ഗുണ്ട കൂടി അറസ്റ്റില്‍

കൊച്ചി: കാലടിയില്‍ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരു സംഘപരിവാര്‍ ഗുണ്ട കൂടി അറസ്റ്റില്‍.
കേസിലെ രണ്ടാം പ്രതി രാഹുലാണ് അറസ്റ്റിലായത്.

നേരത്തെ കേസിലെ മറ്റൊരു പ്രതിയായ രാഷ്ട്രീയ ബജ്റംഗദള്‍ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂരിനെ പിടികൂടിയിരുന്നു. അങ്കമാലിയില്‍ നിന്നാണ് രതീഷിനെ പിടികൂടിയത്. സംഭവത്തില്‍ പങ്കാളിയായ മറ്റ് മൂന്നുപേര്‍ക്കായുളള അന്വേഷണം തുടരുകയാണ്.

കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കിയിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ്പി പറഞ്ഞു.

ഇത്തരം വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല, കേരളം എന്നവര്‍ ഓര്‍ക്കണമെന്നും സംഭവത്തില്‍ ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മിച്ച സെറ്റാണ് കഴിഞ്ഞദിവസം തകര്‍ക്കപ്പെട്ടത്. കൊവിഡ് 19 കാരണം ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍മുരളി. എല്ലാ അനുമതികളോടെയുമാണ് സെറ്റ് പണി പൂര്‍ത്തീകരിച്ചതെന്നും വയനാട്ടിലെ ഷെഡ്യൂളിനു ശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചാല്‍ പള്ളിയിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി കാത്തിരിക്കുകയായിരുന്നുവെന്നും സംവിധായകന്‍ ബേസില്‍ ജോസഫും നിര്‍മ്മാതാവ് സോഫി പോളും വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here