തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഇന്ന് തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ലഭ്യമാകും. നാളെ മുതല്‍ മദ്യത്തിനായി ആപ്പിലൂടെ ടോക്കണ്‍ എടുക്കാം. വ്യാഴാഴ്ച മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും.
ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ടോക്കണ്‍ ഉപയോഗിക്കാം. ബെവ്‌കോയ്ക്കും കണ്‍സ്യൂമര്‍ ഫെഡിനുമായി 301 വില്‍പന കേന്ദ്രങ്ങളും 605 ബാറുകളും 387 ബിയര്‍, വൈന്‍ പാര്‍ലറുകളുമാണ് സംസ്ഥാനത്തുള്ളത്.
കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും മദ്യവിതരണം നടക്കുക. ഒരു ദിവസം ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ മദ്യം വരെ വാങ്ങാം. അതിനുശേഷം നാല് ദിവസം കാത്തിരിക്കണം.
പേര്, ഫോണ്‍ നമ്പര്‍, സ്ഥലം എന്നിവ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തേണ്ടത്. വ്യക്തി വിവരങ്ങള്‍ ചോദിക്കില്ല. മദ്യം വാങ്ങുന്ന സമയവും ഔട്ട്‌ലെറ്റും മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ കഴിയുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും.
ഉപഭോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങേണ്ടത്, ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തെരഞ്ഞെടുക്കാം. തുടര്‍ന്ന് മദ്യം വാങ്ങാനുള്ള സമയം തെരഞ്ഞെടുക്കണം.
റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണശാലകളുടെ വിവരം ഫോണില്‍ അറിയാം. ഇതില്‍ ഇഷ്ടമുള്ള ഔട്ട്‌ലെറ്റ് തെരഞ്ഞെടുക്കുന്നതോടെ ടോക്കണോ ക്യൂആര്‍ കോഡോ ലഭിക്കും.
റജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ടോക്കണുമായി മദ്യവിതരണശാലയിലെത്തണം. ടോക്കണില്‍ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. തുടര്‍ന്ന് ഇഷ്ടമുള്ള ബ്രാന്‍ഡ് പണം നല്‍കി വാങ്ങാം.
സാധാരണ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് എസ്എംഎസ് അയച്ച് മദ്യം വാങ്ങുന്നതിനുള്ള ടോക്കണ്‍ സ്വന്തമാക്കാം. പിന്‍കോഡ് അടക്കമുള്ള വിശദംശങ്ങള്‍, നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരിലേക്ക് എസ്എംഎസ് ആയി അയച്ചാല്‍ ടോക്കണ്‍ ഉപയോക്താവിന്റെ ഫോണിലേക്കും എസ്എംഎസ് ആയി ലഭിക്കുന്ന തരത്തിലാണ് സംവിധാനങ്ങള്‍.
Get real time update about this post categories directly on your device, subscribe now.