ആശുപത്രികളിൽ ഇടമില്ല; മുംബൈയിൽ പൊലിയുന്ന ജീവിതങ്ങളിൽ നിരവധി മലയാളികളും

മുംബൈയിലെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അസുഖം വന്നാൽ ചികിത്സ കിട്ടാവുന്ന ആശുപത്രികളില്ല. ഇത് മൂലം പൊലിഞ്ഞു പോകുന്നത് നിരവധി വിലപ്പെട്ട ജീവനുകളാണ്. രണ്ടു മാസത്തിനിടെ മുംബൈയിൽ മാത്രം പത്തോളം മലയാളികളാണ് ചികിത്സ ലഭിക്കാതെ മരിക്കുന്നത്.

വാഗ്ളെ എസ്റ്റേറ്റ് ഹനുമാൻ നഗറിൽ താമസിച്ചിരുന്ന രാജീവൻ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിചയമുള്ള ഒരു റിക്ഷാക്കാരന്റെ സഹായത്തോടെ പ്രദേശത്തെ ആശുപത്രികളിലെല്ലാം കയറി ഇറങ്ങിയത്.

എന്നാൽ എവിടെയും പരിശോധിക്കാൻ പോലും ആരും തയ്യാറായില്ലെന്നാണ് സാമൂഹിക പ്രവർത്തകനായ ശ്രീകാന്ത് നായർ അറിയിച്ചത്. മൂന്ന് നാല് ആശുപത്രികളിൽ കയറി ഇറങ്ങിയ ശേഷമാണ് റിക്ഷാക്കാരൻ മുളുണ്ടിൽ കാംകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. എന്നാൽ അവിടെ എത്തുന്നതിന് മുൻപ് റിക്ഷയിൽ ഇരുന്ന് തന്നെ രാജീവൻ അന്ത്യ ശ്വാസം വലിച്ചു. 51 വയസ്സായിരുന്നു.

കേരളത്തിൽ പത്തനംതിട്ട തിരുവല്ല സ്വദേശിയായ രാജീവൻ വാഗ്ലെ എസ്റ്റേറ്റിൽ ഇലക്ട്രീഷ്യൻ ആയി ജോലി നോക്കി വരികയായിരുന്നു. താനെയിലെ ഹനുമാൻ നഗറിലാണ് കുടുംബ സമേതം താമസിക്കുന്നത്. ഭാര്യ ബിന്ദുവും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകളുമാണ് കൂടെയുള്ളത്. കുടുംബത്തിലെ ഏക ആശ്രയം കൈവിട്ടുപോയതോടെ എങ്ങിനെയും നാട്ടിലെത്തണമെന്ന പറഞ്ഞു വാവിട്ട് കരയുകയാണ് ബിന്ദുവും മകളും.

രണ്ടു ദിവസം മുൻപ് മുംബൈയിൽ നേവി ആഫീസറും മുൻ സന്തോഷ് ട്രോഫി സർവ്വീസസ് താരവുമായിരുന്ന ഫ്രാൻസിസ്സ് കൊളാബയിൽ ഹൃദയാഘാതം മൂലം മരിച്ചു. കേരളത്തിൽ കോട്ടയം സ്വദേശിയാണ്.

ഇന്നലെ കാന്തിവിലിയിൽ മരിച്ച മത്തായിയും നവി മുംബൈയിലെ ഗംഗാധരനും തക്ക സമയത്ത് ചികിത്സ ലഭിക്കാതെയാണ് മരണമടഞ്ഞത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ മരണമടഞ്ഞവരിൽ ഭൂരിഭാഗം പേരുടെയും തലവിധി ഇത് തന്നെയായിരുന്നു. ആംബുലൻസിന് പോലും ദിവസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനം.

ചികിത്സ ലഭിക്കാത്തതിന്റെ പേരിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ജീവനുകളാണ് നഗരത്തിൽ പൊലിഞ്ഞു പോയത്. ആവർത്തിച്ച് കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങൾക്ക് പരിഹാരം തേടിയില്ലെങ്കിൽ ഇനിയും കുടുംബങ്ങൾ അനാഥമാകും.

നഗരത്തിലെ മലയാളി സമാജങ്ങളുടെ കമ്മ്യൂണിറ്റി ഹാളുകളും സ്‌കൂളുകളും അടിയന്തിര ചികിത്സാ കേന്ദ്രങ്ങളാക്കി ഇതിനൊരു താത്കാലിക പരിഹാരം കാണണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്.

മുംബൈയിലെ പ്രഗത്ഭരായ മലയാളി ഡോക്ടർമാരുടെയും ജോലിയിൽ നിന്നും വിരമിച്ച നഴ്‌സുമാരുടെയും സേവനം ഏകോപിപ്പിച്ചു കൊണ്ട് പ്രാദേശികാടിസ്ഥാനത്തിൽ ഇത്തരം കേന്ദ്രങ്ങൾ മഴക്കാലത്തിന് മുൻപെങ്കിലും സജ്ജമാക്കിയില്ലെങ്കിൽ പരിചരണം പോലും ലഭിക്കാതെ ജീവനുകൾ നഷ്ടപ്പെടും.

ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഡയാലിസിസ് ആവശ്യമുള്ളവർ, ക്യാൻസർ രോഗികൾ തുടങ്ങിയവരാണ് നഗരത്തിൽ ഏറെ കഷ്ടപ്പെടുന്നത്. കൊവിഡിനോടൊപ്പം ജീവിക്കുവാൻ പഠിക്കുമ്പോഴും ജീവൻ നിലനിർത്തുവാനുള്ള പരക്കം പാച്ചിലിലാണ് നഗരവാസികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News