തൃശൂർ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മുൻ അംഗവും പ്രമുഖ കോണ്ഗ്രസ്സ് നേതാവുമായിരുന്ന ശ്രീമതി മീനാസുരേഷ് ആണ് കൊവിഡ് കാലത്തെ കോൺഗ്രസിന്റെ രാഷ്ട്രീയ കളിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജി വെച്ചത്.
കോൺഗ്രസ് പാർട്ടിയുടെ ദേശീയ സംസ്ഥാന നേതാക്കൾ ഇപ്പോൾ എടുക്കുന്ന തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് മീനാസുരേഷ് പാർടിയിൽനിന്നും രാജിവെച്ചത്.
ലോകമെമ്പാടും ഭീതി പരത്തിയിട്ടുള്ള കോവിഡ് 19_നെ ഒരു മഹാമാരി എന്ന നിലയിൽ കണ്ടുകൊണ്ട് നാം നേരിടുന്ന ഈ കാലത്ത്, കോവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി, സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന തീവ്രമായ ശ്രമങ്ങളെ തകർക്കുന്ന കോണ്ഗ്രസ്സ് (ഐ) പാർട്ടിയുടെ നിലപാടുകളിൽ സമൂഹത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും എതിരാണെന്ന് മീന സുരേഷ് പറഞ്ഞു.കോണ്ഗ്രസ്സ് പാർട്ടിയിലെ ഭൂരിഭാഗം സാധാരണ പ്രവർത്തകർക്കും ഇക്കാര്യങ്ങളിൽ കടുത്ത പ്രതിഷേധമുള്ളതായും അവർ പറയുന്നു.
കേരളത്തിലെ ഒരു വലിയ വിഭാഗം കോൺഗ്രസ് നേതാക്കന്മാർ കോവിഡിന്റെ കാലത്ത് പോലും എടുത്തിട്ടുള്ള സർക്കാർ വിരുദ്ധ നയങ്ങൾ സമൂഹത്തെ തകർക്കാൻ മാത്രമേ സഹായിക്കുകയുള്ളുവെന്ന് ശ്രീമതി മീനാസുരേഷ് കോണ്ഗ്രസ്സ് മണ്ഡലം പ്രസിഡണ്ടിന് അയച്ച രാജിക്കത്തിൽ പറയുന്നു.
അതുപോലെ തന്നെ, കഴിഞ്ഞ നാലു വർഷക്കാലം കേരളത്തിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായികൊണ്ടുമാണ് കോൺഗ്രസിൽനിന്നും താൻ രാജിവെക്കുന്നതെന്നും മീന പറയുന്നു.
കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം, ഹരിത കേരളമിഷൻ, ആർദ്രം മിഷൻ, ലൈഫ് മിഷൻ തുടങ്ങിയവയിലൂടെ നാട്ടിലെ സാധാരണക്കാർക്കും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും അവരുടെ ജീവിതം മെച്ചപ്പെടുത്താൻ വലിയ സഹായങ്ങളാണ് ഇപ്പോൾ ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
സമൂഹത്തിലെ താഴെത്തട്ടിലുള്ള പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം ആണ് ഇപ്പോൾ മെച്ചപ്പെട്ട ഉള്ളതെന്നും അതിനെയെല്ലാം പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോണ്ഗ്രസ്സ് പാർട്ടിയിൽനിന്നുള്ള രാജിക്കത്തിൽ മീനാസുരേഷ് അറിയിച്ചിട്ടുണ്ട്.
കോൺഗ്രസ് പാർട്ടിയുടെ മണ്ഡലം നിർവാഹക സമിതി അംഗം, മഹിളാ കോൺഗ്രസിന്റെ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡൻറ്, യു.ഡി. എഫ്._ന്റെ ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിലെല്ലാം മീന സുരേഷ് ഏറെ സജീവമായിരുന്നു.
നിലവിൽ, കോൺഗ്രസ് (ഐ) പാർട്ടിയുടെ മണ്ഡലം സെക്രട്ടറിമാരിൽ ഒരാളാണ് ശ്രീമതി മീനാസുരേഷ്.
കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ച മീന സി.പി.ഐ.(എം) മായി സഹകരിച്ചു പ്രവർത്തിക്കും.

Get real time update about this post categories directly on your device, subscribe now.