അതിഥി തൊഴിലാളി പ്രശ്നത്തില്‍ സുപ്രീംകോടതി സ്വമേധയ കേസ് എടുത്തു; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കോടതി

ദില്ലി: വിമര്‍ശനം ശക്തമായതിന് പിന്നാലെ അതിഥി തൊഴിലാളികളുടെ പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെടല്‍. സ്വമേധയ കേസ് എടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് വീഴ്ചകള്‍ ഉണ്ടായെന്ന് കോടതി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം. അതിഥി തൊഴിലാളികള്‍ക്ക് യാത്ര, ഭക്ഷണം, സുരക്ഷാ എന്നിവ സൗജന്യമാക്കണമെന്നും കോടതി. കേസ് വ്യാഴാഴ്ച പരിഗണിക്കും.

ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ അതിഥി തൊഴിലാളികള്‍ പലവിധ ദുരിതങ്ങള്‍ നേരിട്ടിട്ടും പ്രശ്‌ന പരിഹാരത്തിന് സുപ്രീംകോടതിയുടെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അഭിഭാഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ , രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരില്‍ നിന്ന് വിമര്‍ശനം തുടരവെയാണ് അതിഥി തൊഴിലാളി പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തത്.

അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇന്നും തുടരുകയാണെന്ന് കേസ് എടുത്തുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കുടുങ്ങി കിടക്കുന്നവര്‍ക്കും നാടുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഭരണകൂടം ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ സഹായം ആവശ്യമായത് അതിഥി തൊഴിലാളികള്‍ക്കാണ്. ഇവരെ സഹായിക്കാന്‍ സര്‍ക്കാരുകളില്‍ നിന്ന് വിശിഷ്യാ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നടപടികള്‍ ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്ന് ചില നടപടികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ഇത് പര്യാപ്തമല്ലെന്നും സ്വീകരിച്ച നടപടികളില്‍ തന്നെ വീഴ്ചകള്‍ ഉണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.

തൊഴിലാളികള്‍ക്ക് യാത്ര, ഭക്ഷണം, സുരക്ഷാ എന്നിവ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. വ്യാഴാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുക. അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കേസ് പരിഗണിക്കുമ്പോള്‍ വിശദീകരിക്കണമെന്ന് സോളിസിറ്റര്‍ ജനറലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അതിഥി തൊഴിലാളി പോലും നിരത്തുകളില്‍ ഇല്ല എന്നായിരുന്നു കേന്ദ്രം മാര്‍ച്ച് 31ന് സുപ്രീംകോടതിയെ അറിയിച്ചത്. അതിന് ശേഷം 100ലേറെ തൊഴിലാളികള്‍ വാഹന അപകടങ്ങളില്‍ മരിച്ചിരുന്നു. ഇത് എങ്ങനെ കേന്ദ്രം വിശദീകരിക്കുമെന്നത് നിര്‍ണായകമാണ്. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനും ജസ്റ്റിസ്മാരായ സഞ്ജയ് കിഷന്‍ കൗള്‍, എം ആര്‍ ഷാ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാകും കേസ് പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News