അവിനാശി ബസ് അപകടത്തില്‍ മരിച്ച ഹനീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തു; നീണ്ട കാല പ്രണയത്തിനൊടുവില്‍ ഇരുവരും ഒന്നിച്ചു ജീവിച്ചത് വെറും മൂന്ന് മാസം

തൃശൂര്‍: അവിനാശി ബസ് അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശി ഹനീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ശ്രീപാര്‍വതി (24 വയസ്) ആണ് ചിറ്റിലപ്പള്ളിയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ചത്.ഫെബ്രുവരി 20 ന് കോയമ്പത്തൂര്‍ അവിനാശിലുണ്ടായ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ ശ്രീപാര്‍വതിയുടെ ഭര്‍ത്താവ് ഹനീഷ് മരണപ്പെട്ടിരുന്നു.

ഹനീഷിന്റെ മരണത്തില്‍ ശ്രീപാര്‍വതി ദുഃഖിതയായിരിന്നു.ഈ മനോവിഷമമാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹനീഷിന്റേയും ശ്രീപാര്‍വതിയുടേയും വിവാഹം. മൂന്നു മാസം മുമ്പായിരുന്നു ശ്രീപാര്‍വതിയുമായുള്ള ഹനീഷിന്റെ വിവാഹം.

ചിറ്റിലപ്പള്ളിയിലെ കുറുങ്ങാട്ടു വളപ്പില്‍ ശ്രീ പാര്‍വതിയെ (24) വീടിന്റെ രണ്ടാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 20നാണ് ബാംഗ്ലൂരില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രാമധ്യേ അവിനാശിയിലുണ്ടായ ബസപകടത്തില്‍ ഹനീഷ് മരണപ്പെടുന്നത്.

നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹനീഷിന്റേയും ശ്രീപാര്‍വതിയുടേയും വിവാഹം. ഇരുവരുടെയും കൂട്ടുകാരന്‍ ശ്യാമിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനാണ് ബെംഗളൂരുവില്‍നിന്ന് ഹനീഷ് നാട്ടിലേക്കു യാത്ര തിരിച്ചത്. വീട്ടിലെത്തി ഭാര്യ ശ്രീപാര്‍വതിയെയും അച്ഛന്റെ സഹോദരിയുടെ മകന്‍ സുരാഗിനെയും കൂട്ടി പോകാനായിരുന്നു അതിരാവിലെ എത്തുംവിധം യാത്ര ക്രമീകരിച്ചത്.

മുതുവറ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാമെന്ന മോഹവും ഹനീഷിന്റെ നാട്ടിലേക്കുള്ള യാത്രയ്ക്കു പിന്നിലുണ്ടായിരുന്നു. പക്ഷേ, ഹനീഷ് വീട്ടിലെത്തിയില്ല. മൂന്നുമാസംമുമ്പായിരുന്നു ശ്രീപാര്‍വതിയുമായുള്ള ഹനീഷിന്റെ വിവാഹം. ചിറ്റിലപ്പിള്ളി പഴയ മിനി ടാക്കീസിന് സമീപം കുറുങ്ങാട്ട് വളപ്പില്‍ മണികണ്ഠന്റെ മകന്‍ ഹനീഷ് നാലുവര്‍ഷമായി ബെംഗളൂരുവിലെ ഫനൂഖ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. അടാട്ട് സെന്ററിലായിരുന്നു ഹനീഷിന്റെ കുടുംബം നേരത്തേ താമസിച്ചിരുന്നത്. നാലുമാസംമുമ്പാണ് നിലവില്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് താമസം മാറ്റിയത്.

പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും ഒരുപോലെ മിടുക്കനായ ഹനീഷ് നാടകത്തിലും പ്രതിഭ തെളിയിച്ച വ്യക്തിത്വമാണ്. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് നേടിയ അടാട്ട് പഞ്ചമി തിയേറ്റേഴ്‌സിന്റെ ‘മാളി’ നാടകത്തിന്റെ അണിയറപ്രവര്‍ത്തകനായിരുന്നു.

അടാട്ട് പഞ്ചമി നാടകസംഘത്തിന്റെ സജീവപ്രവര്‍ത്തകനായ ഹനീഷ് ബെംഗളൂരുവില്‍ ജോലിചെയ്യുമ്പോഴും നാടകത്തോടുള്ള താത്പര്യത്തിന് ഒട്ടും കുറവ് വരുത്തിയില്ലെന്ന് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന സുഹൃത്തുക്കളും പറഞ്ഞിരുന്നു.

പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്‌കൂള്‍ കലോത്സവങ്ങളിലെ നാടകവേദിയിലും തിളങ്ങിയ ഹനീഷ് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here