ലോക് ഡൗൺ തുടങ്ങിയ ദിവസം മുതൽ മഹാരാഷ്ട്ര സോലാപ്പൂർ സിറ്റിയിലെ ഹരിഭായ് ദേവകരൺ സ്കൂളിലെ സ്‌കൂളിൽ കഴിയുകയായിരുന്ന അവർ അറുപതു ദിവസങ്ങൾക്ക് ശേഷം കേരളത്തിലെ വീടുകളിലും ക്വാറന്റയിൻ സെന്ററുകളിലും എത്തിയപ്പോൾ അവരുടെ ആഹ്ലാദത്തിനും അതിരുകളില്ല.
സോലാപൂരിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ പുറപ്പെട്ട ബസ്സ് ചെവ്വാഴ്ച ഉച്ചയോടെ ഇടുക്കി മൂന്നാറിൽ എത്തിയപ്പോൾ യാത്രയ്ക്ക് വാഹനവും മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയ മുംബൈയിലെ കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്റും ഇടുക്കി സ്വദേശിയുമായ ടി.എൻ ഹരിഹരന്റെ വാക്കുകളില്‍ നാട്ടുകാരെ സഹായിക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസം.
തുടക്കം മുതൽ ഇവരുടെ വിഷയത്തിൽ ഇടപെട്ടിരുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറാണ് ഇക്കാര്യം ലോക കേരള സഭാംഗം കൂടിയായ ഹരിഹരന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന 24 പേരിൽ 18 പേർ സോലപ്പൂരിലെ സ്കൂളില്‍ അഭയാർഥികളായി കഴിയുകയായിരുന്നു. ഇതിൽ പത്തുപേർ ഇടുക്കി സ്വദേശികളാണ്.
മുംബൈയിൽ നിന്നും നാന്നൂറിലധികം കിലോമീറ്റർ അകലെയുള്ള സോലാപൂരിലെ മലയാളികളുടെ കാര്യം പ്രീതി ശേഖറിന്റെ ശ്രദ്ധയിൽ പെട്ടത് ഏപ്രിൽ ആദ്യ വാരമായിരുന്നു. തമിഴ് നാട്ടിൽ നിന്നുമുള്ള ഏകദേശം 200 പേരും കേരളത്തിൽ നിന്നുമുള്ള ഇരുപതോളം പേരുമാണ് സ്കൂളില്‍ ഉണ്ടായിരുന്നത്. ഈ സ്കൂളിൽ ധാരാളം ക്ലാസ്സുമുറികളുണ്ടെങ്കിലും ആവശ്യമുള്ളത്ര മുറികൾ തുറന്നു നൽകിയിരുന്നില്ല. ഒരു ക്ലാസ്സ് മുറിയിൽ മുപ്പതോളം പേർ തിങ്ങികഴിയുന്ന സ്ഥിതിയായിരുന്നു. ടോയ്ലറ്റ് സൗകര്യങ്ങളും പരിമിതമായിരുന്നു. ആവശ്യത്തിനു ഭക്ഷണം നൽകാത്തതിനാൽ പട്ടിണിയും.
ഏപ്രിൽ നാലിന് സ്കൂൾ അങ്കണത്തിൽ നിന്ന് പ്രതിഷേധിച്ച ഇവരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ക്രൂരമായി മർദ്ദിച്ചിരുന്നു, മർദ്ദനത്തിനിരയായ ചെറുപ്പക്കാരിൽ കോയമ്പത്തൂർ സ്വദേശികളായവരിൽ നിന്നും വിവരമറിഞ്ഞ ഡി.വൈ.എഫ്.ഐ. കോയമ്പത്തൂർ ജില്ലാ സെക്രട്ടറി കനകരാജ് മഹരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതിശേഖറിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഡിവൈഎഫ്ഐ, സിപിഐഎം നേതാക്കൾ വിഷയത്തിലിടപെട്ടു പോലീസ് ജില്ലാ മേധാവികളുമായി സംസാരിച്ചു പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയായിരുന്നു.
ഈ ക്യാമ്പില്‍ കഴിഞ്ഞിരുന്നവരെ കൂടാതെ പര്‍ഭണി ജില്ലയിലും കൊലപ്പൂര്‍ ജില്ലയിലും ഒറ്റപെട്ടു കഴിയുകയായിരുന്ന ആറോളം മലയാളികളും ഇവരോടൊപ്പം കേരളത്തിലെത്തി. സോലപൂരില്‍ യാത്രയ്ക്ക് വേണ്ടകാര്യങ്ങള്‍ ഉറപ്പ് വരുത്തിയത് ഡി.വൈ.എഫ്.ഐയുടെ സോലാപൂർ നേതാവ് അനില്‍ വാസം ആയിരുന്നു.
സര്‍ക്കാര്‍ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചു നാട്ടിലെത്തിയ ഇവര്‍ക്ക് ഇടുക്കിയില്‍ വേണ്ട സൌകര്യങ്ങള്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം സിജിമോന്‍റെ നേതൃത്വത്തില്‍ ഉറപ്പു വരുത്തി. തിങ്കളാഴ്ചരാത്രി മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എത്തിയ ഇവര്‍ക്ക് സി.പി.ഐ.എം ഏരിയ സെക്രട്ടറി ഉദുമ മണികണഠന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഭക്ഷണവും ഏര്‍പ്പാട് ആക്കിയിരുന്നു.

Get real time update about this post categories directly on your device, subscribe now.