വിശന്നുമരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്; അതിഥി തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ച

അതിഥി തൊഴിലാളി ദുരിതങ്ങളുടെ നേർചിത്രമാവുകയാണ് ബിഹാറിലെ മുസഫർപൂർ റെയിൽവെ സ്റ്റേഷനിലെ ഒരു കാഴ്ച.

റെയിൽവേ പ്ലാറ്റ് ഫോമിൽ മരിച്ചു കിടക്കുന്ന അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന പിഞ്ചു മകന്റെ വീഡിയോ കരൾ അലിയിപ്പിക്കുകയാണ്. ഗുജറാത്തിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ വെള്ളവും ഭക്ഷണവും ലഭിക്കാതെ നിർജലീകരണം സംഭവിച്ചായിരുന്നു യുവതിയുടെ മരണം.

ചോരയും വിയർപ്പും നൽകി നമ്മൾ കാണുന്ന പലതും കെട്ടിപ്പടുത്തവരുടെ ചോരയും കണ്ണീരും നിരത്തുകളിൽ ഒഴുകി തുടങ്ങിയിട്ട് മാസം രണ്ടായി.

അറുതിയില്ലാത്ത ഈ അതിഥി തൊഴിലാളി ദുരിതങ്ങളുടെ ഉള്ളുപൊള്ളിക്കുന്ന മറ്റൊരു കാഴ്ചയാണ് ബിഹാറിലെ മുസഫർ പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ. മരിച്ച് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കിടത്തിയ സ്വന്തം അമ്മയെ ഉണർത്താൻ നോക്കുകയാണ് പിഞ്ചു മകൻ.

അമ്മ മരിച്ച് മരവിച്ച് മണിക്കൂറുകൾ ആയതൊന്നും കുഞ്ഞറിഞ്ഞില്ല. മൃതദേഹത്തിൽ പുതപ്പിച്ച വിരിപ്പിനകത്ത് കയറിയും അത് വലിച്ചും അവൻ അമ്മയെ ഉണർത്താൻ നോക്കുന്നുണ്ട്. എല്ലാം വിഫലം. ഒടുവിൽ അവന്റെ മൂത്ത ജേഷ്‌ഠൻ അവനെ അവിടെ നിന്ന് വലിച്ചു മാറ്റുകയാണ്.

ഗുജറാത്തിൽ നിന്ന് രണ്ട് മക്കൾക്കും സഹോദരി, സഹോദരി ഭർത്താവ് എന്നിവർക്കൊപ്പവും സ്വന്തം നാടായ കട്ടിഹാറിലേക്ക് ഞായറാഴ്ച യാത്ര പുറപ്പെട്ടതായിരുന്നു 23 വയസുകാരിയായ യുവതി. ട്രയിനിൽ വെള്ളവും ഭക്ഷണവും ലഭിച്ചില്ല. കനത്ത ചൂടും നിർജലീകരണവും കൂടി ആയതോടെ ട്രയിനിൽ വച്ചു തന്നെ മരിച്ചു.

തുടർന്ന് മുസഫർ നഗർ റെയിൽവേ സ്റ്റേഷനിൽ മൃതദേഹം ഇറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് വയസുള്ള ഒരു കുട്ടിയും ഇതേ സ്റ്റേഷനിൽ ഭക്ഷണം ലഭിക്കാഞ്ഞതിനെ തുടർന്ന് മരിച്ചിരുന്നു. ശ്രമിക് ട്രയിനുകൾക്ക് അത് എത്തി ചേരുന്ന സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നാണ് പുതിയ കേന്ദ്ര മാർഗ നിർദേശം.

എത്തി ചേരേണ്ട സംസ്ഥാനങ്ങൾക്ക് മതിയായ തയ്യാറെടുപ്പുകൾ നടത്താൻ ഇത് പ്രതിസന്ധിയാകുന്നുണ്ട്. ട്രയിനിൽ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇങ്ങനെ ആളുകളെ കയറ്റി അയച്ചാൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതത്തിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ് ഈ അതിഥി തൊഴിലാളി സ്ത്രീയുടെ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News