മദ്യവില്‍പ്പന നാളെ മുതല്‍; ക്യൂവില്‍ ഒരു സമയം അഞ്ചു പേര്‍ മാത്രം; ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം; ടോക്കണ്‍ എടുക്കാത്തവര്‍ ഔട്ട്‌ലെറ്റില്‍ വരരുതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയുള്ള മദ്യവില്‍പ്പന നാളെ ആരംഭിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍.

നാളെ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മദ്യശാലകളുടെ പ്രവര്‍ത്തനസമയം. ഇന്ന് വൈകിട്ട് മുതല്‍ ബെവ് ക്യൂ ആപ്പിലൂടെ ബുക്കിംഗ് ആരംഭിക്കും. ആപ്പിലൂടെ ടോക്കണ്‍ എടുത്തവര്‍ മാത്രമേ മദ്യം വാങ്ങാന്‍ എത്താന്‍ പാടുള്ളു. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു സമയം അഞ്ചു പേരെ മാത്രമേ ഔട്ട്‌ലെറ്റില്‍ അനുവദിക്കൂ. ഇവര്‍ ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഒരിക്കല്‍ ബുക്ക് ചെയ്താല്‍ നാലു ദിവസം കഴിഞ്ഞാല്‍ അടുത്ത ബുക്കിംഗ് നടത്താം. പരമാവധി മൂന്ന് ലിറ്റര്‍ മദ്യം വരെയാണ് ഒരാള്‍ക്ക് ലഭിക്കുക. രാവിലെ ആറു മുതല്‍ രാത്രി 10 വരെ മാത്രമായിരിക്കും ബുക്കിംഗ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പിലൂടെയും സാധാരണ ഫീച്ചര്‍ ഫോണുപയോഗിക്കുന്നവര്‍ എസ്എംഎസ് വഴിയുള്ള ബുക്കിംഗ് ആണ് നടത്തേണ്ടത്. മദ്യം വാങ്ങുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചാണ് ടോക്കണ്‍ നല്‍കുന്നതും എവിടെ നിന്ന് മദ്യം വാങ്ങണമെന്ന് നിര്‍ദ്ദേശിക്കുന്നതും. ഉപഭോക്താക്കള്‍ക്ക് കിട്ടുന്ന ക്യുആര്‍ കോഡ് മദ്യവില്‍പ്പനശാലകളില്‍ പരിശോധിക്കും.

സംസ്ഥാനത്തെ 877 മദ്യശാലകളിലൂടെ മദ്യവിതരണം നടത്തും. ബെവ്കോയുടെ 301 ഔട്ട്്ലെറ്റുകളിലും 576 ബാറുകളിലും 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലും മദ്യവിതരണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

വീടുകളില്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം നടത്തില്ലെന്നും ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ഔട്ലെറ്റിലൂടെയായിരിക്കും മദ്യ വിതരണം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

മദ്യശാലകളിലെ തിരക്ക് കുറക്കാനാണ് മൊബൈല്‍ ആപ്പ് നിര്‍മ്മിച്ചത്. ആപ്പ് നിര്‍മാണത്തിനായി 29 അപേക്ഷകരില്‍നിന്ന് 5 കമ്പനികള്‍ യോഗ്യത നേടി. വിദഗ്ധ സമിതിയാണ് ആപ്പ് നിര്‍മാണത്തിന് കമ്പനിയെ തെരഞ്ഞെടുത്ത്. കുറഞ്ഞ തുകയാണ് കൊച്ചിയിലെ ഫെയര്‍കോഡ് ടെക്‌നോളജി ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകള്‍ക്കാണ് മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ബാര്‍ ഹോട്ടലുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുള്ള അനുമതിയില്ല. പ്രത്യേക കൗണ്ടര്‍ തയ്യാറാക്കി പാഴ്സലായി വില്‍പ്പന നടത്താം. 291 ബിയര്‍ ആന്‍ഡ് വൈന്‍ വില്‍പ്പന ശാലകളിലും ഇത്തരത്തില്‍ വില്‍പ്പന നടത്താവുന്നതാണ്.

ഒരു ഉപഭോക്താവില്‍ നിന്ന് 50 പൈസ വീതം ബന്ധപ്പെട്ട ഏജന്‍സി ബിവറേജസ് കോര്‍പ്പറേഷനില്‍ അടയ്ക്കണം. ഈ പണം കമ്പനിക്കല്ല നല്‍കുന്നത്. ആ രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ പല മാധ്യമങ്ങളിലും പ്രചരിച്ചു. ഇത് തെറ്റായ വിവരമാണ്. എസ്എംഎസ് വഴി അയക്കാനുള്ള 15 പൈസ ഫെയര്‍കോഡ് കമ്പനിയാണ് നല്‍കേണ്ടത്. അതിന്റെ ബില്ല് ബിവറേജസ് കോര്‍പ്പറേഷന് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News