തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായി.
ആപ്പ് പ്ലേസ്റ്റോറില്‍ വരാന്‍ താമസമുണ്ടായതിനാല്‍ മദ്യത്തിനുള്ള ബുക്കിംഗ് സമയത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. നാളെ രാവിലെ ആറു മണി വരെ ബുക്കിംഗ് നടത്താമെന്ന് ഫെയര്‍കോഡ് കമ്പനി അറിയിച്ചു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതോടെ സംസ്ഥാനത്തെ മദ്യവില്‍പ്പന നാളെ ആരംഭിക്കും. നാളെ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മദ്യശാലകളുടെ പ്രവര്‍ത്തനസമയം. ആപ്പിലൂടെ ടോക്കണ്‍ എടുത്തവര്‍ മാത്രമേ മദ്യം വാങ്ങാന്‍ എത്താന്‍ പാടുള്ളു.
ഒരു സമയം അഞ്ചു പേരെ മാത്രമേ ഔട്ട്‌ലെറ്റില്‍ അനുവദിക്കൂ. ഇവര്‍ ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഒരിക്കല്‍ ബുക്ക് ചെയ്താല്‍ നാലു ദിവസം കഴിഞ്ഞാല്‍ അടുത്ത ബുക്കിംഗ് നടത്താം. പരമാവധി മൂന്ന് ലിറ്റര്‍ മദ്യം വരെയാണ് ഒരാള്‍ക്ക് ലഭിക്കുക.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പിലൂടെയും സാധാരണ ഫീച്ചര്‍ ഫോണുപയോഗിക്കുന്നവര്‍ എസ്എംഎസ് വഴിയുള്ള ബുക്കിംഗ് ആണ് നടത്തേണ്ടത്. മദ്യം വാങ്ങുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചാണ് ടോക്കണ്‍ നല്‍കുന്നതും എവിടെ നിന്ന് മദ്യം വാങ്ങണമെന്ന് നിര്‍ദ്ദേശിക്കുന്നതും. ഉപഭോക്താക്കള്‍ക്ക് കിട്ടുന്ന ക്യുആര്‍ കോഡ് മദ്യവില്‍പ്പനശാലകളില്‍ പരിശോധിക്കും.
സംസ്ഥാനത്തെ 877 മദ്യശാലകളിലൂടെ മദ്യവിതരണം നടത്തും. ബെവ്കോയുടെ 301 ഔട്ട്്ലെറ്റുകളിലും 576 ബാറുകളിലും 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലും മദ്യവിതരണം നടത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
മദ്യശാലകളിലെ തിരക്ക് കുറക്കാനാണ് മൊബൈല്‍ ആപ്പ് നിര്‍മ്മിച്ചത്. ആപ്പ് നിര്‍മാണത്തിനായി 29 അപേക്ഷകരില്‍നിന്ന് 5 കമ്പനികള്‍ യോഗ്യത നേടി. വിദഗ്ധ സമിതിയാണ് ആപ്പ് നിര്‍മാണത്തിന് കമ്പനിയെ തെരഞ്ഞെടുത്ത്. കുറഞ്ഞ തുകയാണ് കൊച്ചിയിലെ ഫെയര്‍കോഡ് ടെക്‌നോളജി ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകള്‍ക്കാണ് മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ബാര്‍ ഹോട്ടലുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുള്ള അനുമതിയില്ല. പ്രത്യേക കൗണ്ടര്‍ തയ്യാറാക്കി പാഴ്സലായി വില്‍പ്പന നടത്താം. 291 ബിയര്‍ ആന്‍ഡ് വൈന്‍ വില്‍പ്പന ശാലകളിലും ഇത്തരത്തില്‍ വില്‍പ്പന നടത്താവുന്നതാണ്. ഒരു ഉപഭോക്താവില്‍ നിന്ന് 50 പൈസ വീതം ബന്ധപ്പെട്ട ഏജന്‍സി ബിവറേജസ് കോര്‍പ്പറേഷനില്‍ അടയ്ക്കണം. ഈ പണം കമ്പനിക്കല്ല നല്‍കുന്നത്. ആ രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ പല മാധ്യമങ്ങളിലും പ്രചരിച്ചു. ഇത് തെറ്റായ വിവരമാണ്. എസ്എംഎസ് വഴി അയക്കാനുള്ള 15 പൈസ ഫെയര്‍കോഡ് കമ്പനിയാണ് നല്‍കേണ്ടത്. അതിന്റെ ബില്ല് ബിവറേജസ് കോര്‍പ്പറേഷന് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.