ഉന്നതവിദ്യാഭ്യാസരംഗത്തും വേണം ബ്രേക്ക് ദി ചെയിൻ; പഠനവും ഗവേഷണവും സാങ്കേതികവിദ്യകളിലൂടെ നടപ്പാകണം; ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കോവിഡ് വ്യാപനം ഉയർത്തുന്ന വെല്ലുവിളികളെ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ അർഥപൂർണവും വിവേചനപൂർണവുമായ ഉപയോഗങ്ങളിലൂടെ അതിജീവിക്കുവാൻ സർവകലാശാലാ സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ട്.

ഇതിനായി അധ്യാപകരുടെയും വിദ്യാർഥികളുടെയും സർവകലാശാലാ അധികൃതരുടെയും കൂട്ടായ്‌മ ഉയർന്നുവരണം. പാഠ്യവും പഠനവും ഗവേഷണവുമെല്ലാം ക്ലാസ്‌ മുറികളുടെ സാങ്കൽപ്പിക ലോകത്തും സാധ്യമാക്കുന്ന സാങ്കേതികസംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുക എന്നതാണ് അധ്യാപകരുടെ വെല്ലുവിളിയും കടമയും.

പ്രശസ്‌ത സർവകലാശാലകൾ പാഠ്യബോധന പ്രക്രിയകളെ ഇത്തരത്തിൽ പുനർക്രമീകരിച്ചു കഴിഞ്ഞു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം അവരുടെ അക്കാദമിക് ഭാവിയും സംരക്ഷിക്കപ്പെടണം. ഇതിനായി അക്കാദമിക് കലണ്ടറുകളും പാഠ്യബോധനവും മൂല്യനിർണയവും പുനർക്രമീകരിക്കണം. ഒന്നാം ക്ലാസ്‌മുതൽ 12–-ാം ക്ലാസ്‌വരെ ഈ മാറ്റത്തിന് സജ്ജമായി.

സ്കൂളുകൾക്ക് അതിനു കഴിയുമെങ്കിൽ എന്തുകൊണ്ട് കോളേജുകളിലും പോളിടെക്നിക്കുകളിലും അതായിക്കൂടാ? മതപാഠശാലകൾവരെ അധ്യാപനം ഓൺലൈനിലേക്ക് മാറ്റുന്നുവെന്ന വാർത്ത ശ്രദ്ധേയമാണ്. പഠനമില്ലെങ്കിൽ വിദ്യാർഥികൾക്ക് ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങളും അവസരങ്ങളും നഷ്ടപ്പെടും.

ഐഐടി പോലെയുള്ള പ്രശസ്ത സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നവീന പഠനമാതൃക സ്വാംശീകരിക്കാനും നടപ്പാക്കാനും നമുക്കും കഴിയണം. ലോക്‌ഡൗണിൽ ഓൺലൈൻ ക്ലാസുകൾ എടുക്കാനും അധ്യാപകരെ പരിശീലിപ്പിക്കാനും സർക്കാർ നിർദേശങ്ങൾക്ക് കാത്തുനിൽക്കാതെ അധ്യാപക സംഘടനകൾ തന്നെ മുന്നോട്ടുവന്നത് അഭിനന്ദനമർഹിക്കുന്നു.

അധ്യയനദിനങ്ങൾ നഷ്ടമാകാത്ത തരത്തിൽ ജൂൺ ഒന്നുമുതൽതന്നെ ക്ലാസുകൾ ആരംഭിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. രാവിലെ 8.30ന്‌ തുടങ്ങി ഉച്ചയ്‌ക്ക് 1.30ന് അവസാനിക്കത്തക്ക രീതിയിലാണ് ക്ലാസുകൾ സജ്ജീകരിക്കേണ്ടത്. ഉച്ചയ്‌ക്കുശേഷം വിദ്യാർഥികൾക്ക് താൽപ്പര്യമുള്ള മൂക്ക് (മാസീവ്‌ ഓപ്പൺ ഓൺലൈൻ കോഴ്‌സ്‌) കോഴ്സുകൾക്ക് ചേരാനും സഹായകമാകും. അധ്യാപകർക്ക്‌ ഓൺലൈൻ കോഴ്സുകൾ ചെയ്യാനും ഗവേഷണങ്ങളിൽ മുഴുകാനും അവസരം ലഭിക്കും.

കലാലയങ്ങൾ പുനരാരംഭിക്കുന്നതുവരെ ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള സംവിധാനങ്ങൾ കോളേജുകൾ മുൻകൈയെടുത്ത് ഏർപ്പെടുത്തണം. ഇത് ഗൗരവത്തോടെയും കൃത്യതയോടെയും നടത്താനുള്ള ചില നിർദേശവും സർവകലാശാലകളുടെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. പ്രിൻസിപ്പൽമാരും അധ്യാപകരും വിദ്യാർഥി പ്രതിനിധികളും കൂട്ടായി ആലോചിച്ച് അടിസ്ഥാന നിർദേശങ്ങളിൽ മാറ്റംവരുത്താതെ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തിൽ അധ്യാപക, വിദ്യാർഥി സംഘടനകളുടെ പൂർണപിന്തുണ സർക്കാർ അഭ്യർഥിക്കുകയാണ്.

ജൂൺ ഒന്നുമുതൽ കോളേജുകളിലെ പ്രവൃത്തിദിനം പുനരാരംഭിക്കണം എന്നതുകൊണ്ട് അധ്യയനം കൃത്യമായി ഉറപ്പുവരുത്തണമെന്നേ ഉദ്ദേശിക്കുന്നുള്ളൂ. ഓൺലൈൻ സംവിധാനമൊരുക്കാൻ ഏതൊക്കെ സോഫ്ട്‌‌വെയറുകൾ ഉപയോഗിക്കാമെന്നത് കുട്ടികളുടെ എണ്ണവും പാഠ്യവിഷയവുമനുസരിച്ച് അധ്യാപകർക്ക് തീരുമാനിക്കാം.

സൂം, ഗൂഗിൾ ക്ലാസ്‌ റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് എഡ്യൂക്കേഷൻ, വെബിക്‌സ് തുടങ്ങിയ വിവിധ വീഡിയോ കോൺഫറൻസിങ് സങ്കേതങ്ങൾ ഉപയോഗിക്കാം. പുതിയ സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കാനും അധ്യാപകർക്ക് കഴിയും. അസാപ്പിന്റെയും ഐസിടി അക്കാദമിയുടെയും സംവിധാനങ്ങൾ സൗജന്യമായി ഉപയോഗപ്പെടുത്താം.

ക്ലാസ് റൂം പഠനത്തിനു ബദലായി അല്ല ഓൺലൈൻ പഠനം നടപ്പാക്കുന്നത്. നേരിട്ടുള്ള ക്ലാസ്‌ റൂം അധ്യയനം നാം നടപ്പാക്കിയ കോവിഡ് പ്രതിരോധസംവിധാനങ്ങളെ പിറകോട്ടടിക്കുന്നതിനു തുല്യമാകും

സമീപത്ത് താമസിക്കുന്ന അധ്യാപകർ കോളേജുകളിലെത്തിയും അല്ലാത്തവർ വീടുകളിലിരുന്നും ക്ലാസുകൾ എടുക്കുന്ന രീതിയാണ് സ്വീകരിക്കേണ്ടത്. ക്ലാസുകൾ റെക്കോഡ്‌ ചെയ്ത് ലഭ്യമാക്കിയാൽ വിദ്യാർഥികൾക്ക് വീണ്ടും കേൾക്കാനും സാധിക്കും. ക്ലാസ് റൂം പഠനത്തിനു ബദലായി അല്ല ഓൺലൈൻ പഠനം നടപ്പാക്കുന്നത്. നേരിട്ടുള്ള ക്ലാസ്‌ റൂം അധ്യയനം നാം നടപ്പാക്കിയ കോവിഡ് പ്രതിരോധസംവിധാനങ്ങളെ പിറകോട്ടടിക്കുന്നതിനു തുല്യമാകും. അമ്പതിലേറെ വിദ്യാർഥികളുള്ള ക്ലാസ് റൂമുകളിൽ സാമൂഹ്യ അകലം പാലിച്ച് ക്ലാസ് എടുക്കാനോ ഹോസ്റ്റലുകളിൽ വിദ്യാർഥികളെ താമസിപ്പിച്ചു പഠിപ്പിക്കാനോ സാധ്യമല്ല.

അധിക പഠനത്തിനു മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ പാടുള്ളൂവെന്ന നിലപാട് താൽക്കാലികമായി നാം മാറ്റിവച്ചേ മതിയാകൂ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയും സൗത്ത് കരോലിന യൂണിവേഴ്സിറ്റിയുമൊക്കെ സമയബന്ധിതമായി ക്ലാസുകളും പരീക്ഷകളും മൂല്യനിർണയങ്ങളും ഓൺലൈനിൽ സുഗമമായി നടക്കുന്ന രീതിയിലേക്ക് താൽക്കാലികമായി മാറി.

കേരളത്തിൽ പക്ഷേ, ഈ സംവിധാനങ്ങൾ നടപ്പാക്കുമ്പോൾ ഉയർന്നുവരുന്ന നിരവധി പ്രശ്നമുണ്ടാകും. എല്ലാ പ്രശ്നവും പരിഹരിച്ചു മാത്രമേ ഓൺലൈൻ സംവിധാനത്തിലേക്ക് മാറാവൂ എന്ന ചിന്ത വിചിത്രമാണ്. എല്ലാം പൂർത്തിയാക്കി കുറ്റമറ്റരീതിയിൽ ഒരു പരിഷ്കാരം നടപ്പാക്കാമെന്നുവച്ചാൽ ഒരിക്കലും ഒരു പുതിയ ആശയവും പ്രയോഗവൽക്കരിക്കാൻ കഴിയാത്ത സ്ഥിതിയാകും ഉണ്ടാകുക.

കേരളത്തിലെ പല ജില്ലയിലും ഹോട്ട്സ്പോട്ടുകൾ മാറുന്ന അവസ്ഥ നാം കണ്ടതാണ്. അധ്യാപകർക്ക് അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ടോ തൊട്ടടുത്ത കോളേജുകളിൽ എത്തിയോ ക്ലാസെടുക്കാനും വിദ്യാർഥികളുമായി സംവദിക്കാനും നിഷ്പ്രയാസം സാധിക്കും. സർക്കാർ, സ്വകാര്യ വ്യത്യാസങ്ങളില്ലാതെ സാങ്കേതിക സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള സംവിധാനങ്ങളൊരുക്കണം.

എൻജിനിയറിങ്‌ കോളേജ് വിദ്യാർഥികളുടെ പ്രായോഗിക പരിശീലനത്തിന് വെർച്വൽ ലാബുകളും സിമുലേഷൻ ലാബുകളും വിട്ടുനൽകാൻ ഐഐടികൾ ഉൾപ്പെടെ തയ്യാറായിരിക്കയാണ്. അങ്ങനെ ചെയ്യാൻ കഴിയാത്ത വിഷയങ്ങളിൽ ലാബുകളുടെ വീഡിയോ ഡെമോൺസ്ട്രേഷൻ വഴി താൽക്കാലികമായി പ്രാക്ടിക്കലുകളും പഠിപ്പിക്കാം.

ഓരോ കോളേജിലെയും നൂറിലേറെ വരുന്ന അധ്യാപകർ കംപ്യൂട്ടർ ലാബുകളിലെത്തി ഓൺലൈൻ ക്ലാസെടുക്കുന്നത് പ്രായോഗികമാകില്ല. വൈദ്യുതി നിലയ്ക്കുകയോ ഇന്റർനെറ്റ് ബന്ധം തകരാറിലാകുകയോ ചെയ്താൽ ഒറ്റയടിക്ക് എല്ലാ ക്ലാസും മുടങ്ങും. എന്നാൽ, അധ്യാപകർ വീടുകളിൽ ഇരുന്ന്‌ ക്ലാസെടുക്കുകയും വിദ്യാർഥികൾ വീടുകളിൽ ഇരുന്ന്‌ പങ്കെടുക്കുകയും ചെയ്യുമ്പോൾ ഒറ്റപ്പെട്ട തടസ്സങ്ങളേ വരൂ.

കൃത്യതയോടെ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വിദ്യാർഥികളുടെ ഹാജർ നിലയും ശേഖരിക്കേണ്ടതുണ്ട്. സ്വന്തം വീടുകളിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്തവർക്ക് തൊട്ടടുത്ത കോളേജുകളിലോ മറ്റു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ലൈബ്രറികളിലോ സൗകര്യം ഒരുക്കാവുന്നതേയുള്ളൂ.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ പട്ടികവിഭാഗ വിദ്യാർഥികൾക്കും തദ്ദേശസ്ഥാപനങ്ങൾ ലാപ്ടോപ്പുകൾ നൽകിയിട്ടുണ്ട്. ശേഷിക്കുന്ന വിദ്യാർഥികളിൽ സ്വന്തമായോ വീട്ടിലോ കംപ്യൂട്ടറുകളില്ലാത്ത പാവപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രസ്തുത സൗകര്യമൊരുക്കാൻ ശ്രദ്ധിക്കണം. പഠനം സുഗമമാകാൻ ഏതു സാങ്കേതികവിദ്യയും ഉപയോഗിക്കാൻ അധ്യാപകന് സ്വാതന്ത്ര്യമുണ്ട്.

താൽക്കാലികമായി ഓൺലൈൻ സംവിധാനത്തെ അത്തരമൊരു സ്വാതന്ത്ര്യമായി കണക്കാക്കണം. പല തരത്തിലുള്ള പരീക്ഷകൾ നടത്താനും വിദ്യാർഥികൾ ഓരോ ക്ലാസുകൾ വഴി ആർജിക്കുന്ന ശേഷികളും നൈപുണ്യങ്ങളും ഏതൊക്കെയാണെന്ന് വിവേചിച്ചറിയാനുതകുന്ന മൂല്യനിർണയരീതികളും ഓൺലൈനിലുണ്ട്.

കേരളത്തിലെ ഒരു ഗ്രാമപ്രദേശത്തെ വീട്ടിലിരിക്കുന്ന സെയിൽസ്മാൻ ദുബായിലെ കമ്പനിക്കുവേണ്ടി മാർക്കറ്റിങ് ജോലികൾ ഓൺലൈനിൽ ചെയ്യുന്ന കാലമാണ്‌ ഇത്. നമ്മൾ പഠിപ്പിച്ചുവിട്ട ഭൂരിഭാഗം ടെക്കികളും വീട്ടിലിരുന്നാണ് മൾട്ടിനാഷണൽ കമ്പനികൾക്കുവേണ്ടി ജോലിചെയ്യുന്നത്.

കണ്ണൂരിലെ വീട്ടിലിരിക്കുന്ന ഇടുക്കി എൻജിനിയറിങ് കോളേജിലെ വിദ്യാർഥിക്ക് കോട്ടയത്തെ വീട്ടിലിരിക്കുന്ന അധ്യാപകന് ക്ലാസെടുക്കാനും പ്രയാസലേശമെന്യേ സാധ്യമാകും. ഒരർഥത്തിൽ ഇത് നിവ‍ൃത്തിയില്ലായ്മയിൽനിന്ന് ഉരുത്തിരിയുന്ന താൽക്കാലിക സംവിധാനം മാത്രമാണ്.

ആദ്യദിനങ്ങളിൽ അൽപ്പം ബുദ്ധിമുട്ടുണ്ടാകും. ആരോഗ്യരംഗത്തു മാത്രമല്ല ഉന്നതവിദ്യാഭ്യാസരംഗത്തും വേണം ഒരു ബ്രേക്ക് ദി ചെയിൻ. പരമ്പരാഗത പാഠ്യപഠന മൂല്യനിർണയ സംവിധാനങ്ങളുടെ ഒരു സൂക്ഷ്മനിരീക്ഷണവും അവലോകനവും പുനർവായനയും പൊളിച്ചെഴുത്തും ഈ കോവിഡ് കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here