‘വഴിതെറ്റി’ 40 ശ്രമിക്‌ ട്രെയിനുകൾ; മനഃപൂർ‌വം റൂട്ടുകൾ‌ മാറ്റിയതാണെന്ന വാദവുമായി റെയിൽവേ

അതിഥിത്തൊഴിലാളികളുമായി പോയ നാൽപ്പതോളം ശ്രമിക്‌ ട്രെയിനുകൾക്ക്‌ വഴിതെറ്റി‌. മെയ്‌ 23 മുതലുള്ള ശ്രമിക്‌ ട്രെയിനുകൾ വഴിമാറി സഞ്ചരിച്ചു‌. നാണക്കേടുമാറ്റാൻ ട്രെയിനുകളുടെ റൂട്ടുകൾ‌ മനഃപൂർ‌വം മാറ്റിയതാണെ വാദവുമായി റെയിൽവേ രംഗത്തെത്തി. മുംബൈയിൽനിന്ന്‌ ഉത്തർപ്രദേശിലെ ഗൊരഖ്‌പുരിലേക്ക്‌ പുറപ്പെട്ട ശ്രമിക്‌ ട്രെയിൻ ഒഡിഷയിലെ റൂർക്കലയിലെത്തിയത്‌ വിവാദമായിരുന്നു.

ഇതിനു പിന്നാലെ യുപിയിലെ ബസ്തിയിലേക്ക്‌ പുറപ്പെട്ട ട്രെയിൻ ഗാസിയാബാദിലാണെത്തിയത്‌. റൂട്ടിലെ തിരക്കുകാരണം ട്രെയിൻ വഴിതിരിച്ചുവിടുകയായിരുന്നുവെന്നാണ്‌ തൊഴിലാളികൾക്ക്‌ അധികൃതർ നൽകിയ വിശദീകരണം. മുംബൈയിൽനിന്ന്‌ പട്‌നയിലേക്ക്‌ പുറപ്പെട്ട ലോക്‌മാന്യതിലക്‌ ട്രെയിൻ എത്തിയത്‌ പശ്ചിമബംഗാളിലെ പുരുളിയയിലാണ്‌. തിരക്കുകുറയ്‌ക്കാൻ മറ്റുസംസ്ഥാനങ്ങളിലേക്ക്‌ സർവീസ്‌ മാറ്റുന്നതെന്തിനെന്ന ചോദ്യം ബാക്കിയാവുകയാണ്‌.

ട്രെയിനുകൾ വഴിമാറി സഞ്ചരിക്കുന്നുവെന്ന്‌ റെയിൽവേതന്നെ സമ്മതിക്കുന്നുണ്ട്‌. 80 ശതമാനത്തോളം ട്രെയിനുകളും ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും എത്തിച്ചേരുമെന്നും തിരക്ക്‌ ഒഴിവാക്കാൻ വഴിതിരിച്ചുവിടേണ്ടി വരാറുണ്ടെന്നും റെയിൽവേ ബോർഡ്‌ ചെയർമാൻ വിനോദ്‌ കുമാർ യാദവ്‌ പറഞ്ഞു.

യാത്രയ്ക്ക്‌ കൂടുതൽ സമയം എടുക്കുമ്പോൾ യാത്രക്കാർക്ക്‌ ആഹാരമോ വെള്ളമോ ലഭിക്കാറില്ല. വഴി മാറ്റുന്നതുകൊണ്ട്‌ അതിഥിത്തൊഴിലാളികളുടെ പ്രശ്നം കൂടുന്നതുമാത്രമേയുള്ളൂ–ബംഗളൂരുവിൽ നിന്ന്‌ ഗാസിയാബാദിലെത്തിയ തൊഴിലാളി പറഞ്ഞു. 20 മണിക്കൂർ ഭക്ഷണമില്ലാതെയായിരുന്നു ഇയാളുടെ യാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here