ഭീതിയും,വിഹ്വലതയും, പ്രതീക്ഷയുമെല്ലാം നിറയുന്നതാണ് കോവിഡ് കാലത്തെ കലയും ,സംഗീതവുമെല്ലാം . ഇന്നലെ വരെ തിങ്ങി നിറഞ്ഞ സദസുകളും , ആൾകൂട്ട ആരവങ്ങളും കണ്ട് ശീലിച്ചവർക്ക് മുന്നിലാണ് വൈറസ് അതിൻ്റെ പുതിയ പെരുങ്കളിയാട്ടം നടത്തുന്നത്. മഹായുദ്ധങ്ങളുടെ കാലത്ത് പോലും മനുഷ്യന് കലയും വിനോദവുമൊന്നും അന്യമായിരുന്നില്ല. എന്നാൽ രക്തദാഹിയായ വൈറസിൻ്റെ മുടിയഴിച്ചാട്ടത്തിന് മുന്നിൽ ഭയപ്പെട്ട് നിൾക്കുകയാണ് ഇവിടുത്തെ ഒരോ കലാകാരനും.
കൂടിച്ചേരലുകൾ നിഷിദ്ധമായ ശാപഗ്രസ്തമായ വർത്തമാന കാലം കലാകാരൻമാരെ പല്ലിളിച്ച് നോക്കുകയാണ്. ഇതിൻ്റെ തേറ്റ പല്ലുകൾക്കിടയിലൂടെ ഓടുകയാണ് ഓരോ കലാകാരൻമാരും. പിന്നിട്ട ദൂരത്തേക്കാൾ ഇനിയും പിന്നിടാനുള്ള ദൂരമാണ് അവരെ ഭയപ്പെടുത്തുന്നത്. അകലെയെവിടെ മരുപച്ചയുണ്ടെന്ന ബോധ്യമാണ് തളരുന്ന കാലുകളെ മുന്നോട്ട് നടക്കുന്നത് .
ഇനി വരുമോ വാസന്ത നാളുകൾ വാടി കഴിഞ്ഞ ഈ പൂവാടിയിൽ എന്നത് കേവലം ഒരു കവിയുടേയോ പാടുന്ന കലാകാരിയുടെയോ മാത്രം ചോദ്യം ആവാത്തത് അത് കൊണ്ടാണ് .
ഭയവിഹ്വലതകളും , ഭാവിപ്രതീക്ഷയുമെല്ലാം നിറയുന്ന ഈ പാട്ട് ഒരുക്കിയത് രണ്ട് കോളേജ് അധ്യാപകരാണ് . സംഗീതം നൽകിയതാവട്ടെ മറ്റൊരു അധ്യാപകനും. പ്രസിദ്ധ കർണ്ണാടക സംഗീതജ്ഞയും മഹാരാജാസ് കോളേജിലെ അധ്യാപികയുമായ ശ്രീരഞ്ജിനി കോടം പളളിയുടെ പ്രത്യാശ നിറഞ്ഞ ശബ്ദത്തിൻ്റെ വരികൾ എഴുതിയതാവട്ടെ മീഞ്ചന്ത സർക്കാർ കോളേജ് അധ്യാപകനും AKGCT സംസ്ഥാന പ്രസിഡൻറുമായ സത്യൻ മൽഹാർ ആണ്. സംഗീതം നിർവഹിച്ചത് കാവന്നൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും വയലിനിസ്റ്റുമായ കോടം പള്ളി ഗോപകുമാറാണ് .മ്യൂസിക്ക് പ്രൊഡക്ഷനും മിക്സിംഗും നിർവഹിച്ചത് വിഷ്ണു ശിവൻ.
ഈ കാലവും കടന്നുപോകും എന്നതാണ് മ്യൂസിക്ക് വീഡീയോ കൊണ്ട് ഉദ്യേശിക്കുന്നതെന്ന് അണിയറ പ്രവർത്തകർ കൈരളി ന്യൂസിനോട് പറഞ്ഞു .വീഡിയോ ആരംഭിക്കുമ്പോൾ എഴുതി കാണിക്കുന്ന വരികളിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം ഉണ്ട്. കെട്ട കാലത്തിൽ നിന്നും നല്ല കാലത്തിലേക്കുള്ള യാത്ര വഴികളിൽ എവിടെയോ ഒരു പ്രഭാതം ഉണ്ടെന്ന വലിയ സന്ദേശമാണ് പാട്ട് നമ്മുക്ക് പറഞ്ഞ് തരുന്നത്
ഇരുൾവഴികളിൽ ഇടറി നില്ക്കുമ്പോൾ, പ്രഭാതം, പ്രത്യാശയായുദിയ്ക്കും; വനാന്തരത്തിൽ വഴി തെറ്റിയുഴറുമ്പോൾ ഇലത്തലപ്പുകളിൽ വെളിച്ചം കൊണ്ടു വഴിതെളിയും; തിരക്കോളിളകുന്ന കടലൊതുങ്ങും: ഇരുട്ടിന്നപ്പുറം കാത്തിരിയ്ക്കുന്ന സ്വപ്നങ്ങളിലേയ്ക്ക്, സ്നേഹത്തിന്റെ കരുത്തിൽ, ഒരുമയുടെ കരുതലിൽ നടന്നെത്തും! ഞങ്ങൾ ഈ കറുത്ത കാലവും കടന്നു പോകും!
Get real time update about this post categories directly on your device, subscribe now.